പേഴ്‌സണൽ പ്രൊട്ടക്ഷൻ ഫേസ് ഷീൽഡുമായി ആഗോള വിപണിയിലേക്ക്

Posted on: May 19, 2020

എല്ലാ വ്യവസായങ്ങളും അടച്ചിട്ടപ്പോൾ കേരളത്തിൽ നിന്നൊരു സംരംഭം ആഗോളവിപണി ലക്ഷ്യമിട്ട് മുന്നേറുന്നു.  പ്രവർത്തനം ആരംഭിച്ച് കേവലം അഞ്ച് ദിവസത്തിനുള്ളിൽ നാല് ലക്ഷം രൂപയുടെ മുടക്കുമുതൽ തിരിച്ചുപിടിച്ചു. ഒട്ടേറെപേർക്ക് തൊഴിൽ നഷ്ടപ്പെട്ട ലോക്ഡൗൺ കാലത്ത് 10 പേർക്ക് പുതുതായി തൊഴിൽ നൽകാനും കൊച്ചിയിലെ മൂടിത ടെക്‌നോളജീസിന് കഴിഞ്ഞു.  

കോട്ടയം മെഡിക്കൽ കോളേജ് പ്രഫസർ ഡോ. ജോസ് സ്റ്റാൻലി പങ്കുവച്ച ആശയത്തിൽ നിന്നാണ് മൂടിതയുടെ തുടക്കം. ഇന്ത്യയിൽ ആദ്യമായി സൗരോർജ്ജ കടത്തുബോട്ട് നിർമ്മിച്ച കൊച്ചിയിലെ നവാൾട്ട് സോളാർ ആൻഡ് ഇലക്ട്രിക് ബോട്ട്‌സ് സ്ഥാപകൻ സന്ദിത് തണ്ടാശേരി ആലപ്പുഴയിലെ വോൾവോ ഡീലർഷിപ്പായ വിസ്റ്റ ഡ്രൈവ്‌ലൈൻ മോട്ടോഴ്‌സ് എംഡി സിബി മത്തായി എന്നിവർ ചേർന്നാണ് മൂടിത ടെക്‌നോളജീസ് ആരംഭിച്ചത്. വൈറ്റിലയിലെ സുരാക്‌സ് ഫിൽറ്റേഴ്‌സ് സിഒഒ ഹാൻസ് ഹബീബ് ഉദ്യമത്തിന് സാങ്കേതിക പിന്തുണ നൽകി.

നവഗതി മറൈൻസിലെ ഡിസൈനർ പ്രതീക് അശോകൻ ത്രീ ഡി പ്രിന്റിംഗിലൂടെ പേഴ്‌സണൽ പ്രൊട്ടക്ഷൻ ഫേസ് ഷീൽഡിന്റെ പ്രോട്ടോടൈപ്പ് നിർമ്മിച്ചു. അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളിൽ ഉപയോഗിക്കുന്ന ഷീൽഡിന്റെ മാതൃകകൾ പരിശോധിച്ച് ഇന്ത്യൻ സാഹചര്യങ്ങൾക്ക് അനുസൃതമായി പുതിയ ഡിസൈൻ തയാറാക്കുകയായിരുന്നു. കട്ടിയുള്ള ഫിലിമും അതു മുഖത്ത് ഉറപ്പിച്ചു നിർത്തുന്ന ഫ്രെയിമും ചേർന്നതാണ് ഫേസ് ഷീൽഡ്.

ആദ്യം 10 ഫേസ് ഷീൽഡ് നിർമ്മിച്ച് കോട്ടയം മെഡിക്കൽ കോളജിന് നൽകി. മെഡിക്കൽ ബോർഡ് തൃപ്തി അറിയിച്ചതോടെ കഴിഞ്ഞ മാസം മുതൽ വാണിജ്യാടിസ്ഥാനത്തിൽ നിർമാണം ആരംഭിച്ചു. ഒരു ഫേസ് ഷീൽഡ് നിർമ്മിക്കാൻ 50 രൂപ ചെലവ് വരും. പ്രിന്റ് ചെയ്യാൻ കൂടുതൽ സമയം വേണ്ടി വരുന്നുവെന്നുള്ളതാണ് വെല്ലുവിളി. മണിക്കൂറിൽ രണ്ട് എണ്ണം മാത്രമെ നിർമ്മിക്കാൻ കഴിയൂ. ഇതു മറികടക്കാനുള്ള ശ്രമത്തിലാണ് കമ്പനി.

മൂടിത പേഴ്‌സണൽ പ്രൊട്ടക്ഷൻ ഫേസ് ഷീൽഡ് പലവട്ടം ഉപയോഗിക്കാം. മുഖത്തുനിന്നു 2 സെന്റീമീറ്റർ മാറിയാണു ഫിലിം. അതിനാൽ കണ്ണട ഉപയോഗിക്കാനും പ്രയാസമില്ല. ആദ്യത്തെ അഞ്ച് ദിവസം കൊണ്ട് 10000 യൂണിറ്റ് വിറ്റതോടെ മുടക്കുമുതൽ തിരിച്ചുകിട്ടി. ലിസി ഹോസ്പിറ്റൽ, മെഡിക്കൽട്രസ്റ്റ് ഹോസ്പിറ്റൽ, അമൃത ഹോസ്പിറ്റൽ, രാജഗിരി ഹോസ്പിറ്റൽ, കാരിത്താസ് ഹോസ്പിറ്റൽ, ഫെഡറൽ ബാങ്ക്, എവിജി മോട്ടോഴ്‌സ് തുടങ്ങി ആരോഗ്യരംഗത്തെ നിരവധി സ്ഥാപനങ്ങൾ മൂടിതയുടെ ഫേസ് ഷീൽഡ് ഉപയോഗിച്ചുവരുന്നു.

എയർ ഇന്ത്യ ജീവനക്കാർക്കുവേണ്ടി പേഴ്‌സണൽ പ്രൊട്ടക്ഷൻ ഫേസ് ഷീൽഡിന് ഓർഡർ ലഭിച്ചിട്ടുണ്ട്. കോട്ടയം മെഡിക്കൽ കോളേജിലും എറണാകുളം മെഡിക്കൽ കോളേജിലും ഉപയോഗിക്കുന്നുണ്ട്. ഹൈദരാബാദ്, ബംഗലുരു, കൊൽക്കത്ത, ചെന്നൈ നഗരങ്ങളിൽ നിന്നു ഓർഡർ ലഭിച്ചു. എറണാകുളം ജില്ലയിലെ കോവിഡ്19 പ്രതിരോധ പ്രവർത്തനങ്ങളുടെ ചുമതലയുള്ള കൃഷി മന്ത്രി വി.എസ്. സുനിൽകുമാറിന് മുമ്പിൽ ഫേസ് ഷീൽഡ് അവതരിപ്പിച്ചിരുന്നു. അദ്ദേഹവും ഈ യുവസംരംഭകരെ അഭിനന്ദിച്ചു. ഒപ്പം എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്തു.

ആശുപത്രികളിൽ നിന്നാണ് കൂടുതൽ ഓർഡർ. അമേരിക്കയിലേക്ക് 500 യൂണിറ്റ് കയറ്റുമതി ചെയ്തു. അമേരിക്കയിൽ വാൾമാർട്ട് വിൽക്കുന്ന ഫേസ് ഷീൽഡിന് 30 ഡോളറാണ് വില (ഏകദേശം 2250 രൂപ). മൂടിത പേഴ്‌സൺ പ്രൊട്ടക്ഷൻ ഫേസ് ഷീൽഡിന് കേവലം 100 രൂപ മാത്രം. കമ്പനി 10000 ഫേസ് ഷീൽഡ് നിർമിക്കുമ്പോൾ സാമൂഹ്യപ്രതിബദ്ധതയുടെ ഭാഗമായി 2000 എണ്ണം സർക്കാർ ആശുപത്രികൾക്ക് സൗജന്യമായി നൽകാനാണ് തീരുമാനം. ഫോൺ : 98953 43021, 85920 22220.