നിഫ്സ് ക്രാഫ്റ്റ്‌സ് : മക്രാമെ നൂലിൽ മെനഞ്ഞ വിജയം

Posted on: May 31, 2020

വിദേശ രാജ്യങ്ങളിൽ ഇന്റീരിയർ ഡിസൈനിങ് ആക്‌സസറികളിൽ ട്രെൻഡ് ആണ് മക്രാമെ ആർട്ട്. എന്നാൽ മലയാളികൾക്ക് അതത്ര പരിചിതം ആയിരുന്നില്ല. വെറുതേ കളയുന്ന സമയം വ്യത്യസ്തവും സർഗാത്മകവും ആയി പ്രയോജനപ്പെടുത്തണം എന്ന് ആഗ്രഹിച്ച് നിഫ്ല റസാഖ് എന്ന പെൺകുട്ടി മക്രാമെ നൂല് കൊണ്ടുള്ള ആക്‌സസറികളെ കുറിച്ചു പഠിക്കുമ്പോൾ ഇതൊരു ബിസിനസ് വിജയത്തിന്റെ തുടക്കം ആകുമെന്ന് ഒരിക്കലും കരുതിയില്ല.

മക്രാമെ എന്ന പ്രത്യേക തരം നൂൽ കെട്ടിട്ടും പിന്നിയും തയ്യാറാക്കുന്ന ആക്‌സസറികൾ വീടിന് ആധുനികത പകരുന്നു. ഒപ്പം നാച്ചുറൽ പ്രോഡക്ട് ആണെന്ന ഗുണവും ഉണ്ട്. കരവിരുതും പ്രതിഭയും ഉണ്ടെങ്കിൽ മക്രാമെ നൂലുകൾ കൊണ്ട് മികച്ച ആക്‌സസറികൾ മെനഞ്ഞെടുക്കാം. ഭംഗിയുള്ള കമ്മൽ മുതൽ മുതിർന്നവർക്ക് വരെ ഇരുന്ന് ആടാൻ കഴിയുന്ന ഊഞ്ഞാൽ വരെ.

‘എംബിഎ പഠനം കഴിഞ്ഞു സർവ ശിക്ഷാ അഭിയാനിൽ മാനേജിംഗ് ഇൻഫർമേഷൻ ഓഫീസർ ആയി ജോലിനോക്കുന്ന സമയത്താണ് കുഞ്ഞുങ്ങളെ നോക്കാൻ വേണ്ടി ജോലി രാജി വയ്ക്കാൻ തീരുമാനിക്കുന്നത്. ജോലി ഉണ്ടായിരുന്ന ഒരാൾക്ക് രാജിവെച്ചു വീട്ടുകാര്യം മാത്രം നോക്കിയിരിക്കാൻ സാധിക്കില്ല എന്ന് അപ്പോഴാണ് മനസിലായത്.  കുഞ്ഞുങ്ങളെ നോക്കുന്നതിനൊപ്പം എന്തെങ്കിലും ചെയ്യണം. അതും വ്യത്യസ്തമായി എന്നു ചിന്തിച്ചു. പണ്ടേ ക്രാഫ്റ്റിനോട് താല്പര്യം ഉണ്ടായിരുന്നതിനാൽ അങ്ങിനെ എന്തെങ്കിലും ചെയ്യാൻ തീരുമാനിച്ചു. ആ അന്വേഷണമാണ് മക്രാമെ നൂൽ കൊണ്ടുള്ള ക്രാഫ്റ്റിൽ എത്തിയതെന്ന് നിഫ്‌ല പറഞ്ഞു. കൊച്ചി കേന്ദ്രമാക്കി ആരംഭിച്ച നിഫ്‌സ് ക്രാഫ്റ്റ്‌സ് ഇന്ന് വളർച്ചാപാതയിലാണ്.

ചെറിയ രീതിയിൽ ഒരു ബിസിനസ് ആണ് നിഫ്ല ഉദ്ദേശിച്ചത്. പരിചയക്കാരും സുഹൃത്തുക്കളും ഒക്കെ ഉണ്ടല്ലോ. അങ്ങിനെ ആക്‌സസറി നിർമാണം തുടങ്ങി. പ്ലാന്റ് ഹാങ്ങറുകൾ, വാൾ ഹങ്ങിങ്സ് എന്നിവ. പ്രതീക്ഷിച്ചതിനെക്കാൾ വേഗത്തിൽ സുഹൃത്തുക്കളും ബന്ധുക്കളും ഓർഡർ നൽകി. അതോടെ നിഫ്ലയ്ക്ക് ആത്മവിശ്വാസം കൂടി. കൂടുതൽ സങ്കീർണ്ണമായ വർക്കുകൾ ചെയ്തു തുടങ്ങി. നിഫ്സ് ക്രാഫ്റ്റ്‌സ് സ്റ്റുഡിയോ എന്ന പേരിൽ ഇൻസ്റ്റാഗ്രാം അക്കൗണ്ട് തുടങ്ങി.

‘യൂ ട്യൂബ് നോക്കി ടെക്നിക്കുകൾ പഠിച്ചെടുത്തു. പഠിച്ചത് കൊണ്ട് വർക്ക് നന്നായി ചെയ്യാനാവില്ല. ബേസിക് ടെക്നിക്ക് അറിയാം എന്നു മാത്രം. ഭാവനയും കരവിരുതും നല്ല ഫിനിഷിൽ വർക്ക് ചെയ്‌തെടുക്കാനുള്ള കഴിവും ഉണ്ടെങ്കിലേ വിജയിക്കാനാകൂ’ – നിഫ്ല പറയുന്നു.

മക്രാമെ നൂൽ കൊണ്ട് നിഫ്ല ഉണ്ടാക്കുന്ന ആക്‌സസറികൾ ആരെയും കൊതിപ്പിക്കും. ലാംപ് ഷേ്ഡ്, മിറർ ഫ്രെയിം, പ്ലാന്റ് ഹാങ്ങർ, വോൾ ഹാങ്ങിങ്സ്, ടോയ് ഷെൽഫ്, തുടങ്ങി ഊഞ്ഞാൽ വരെ നിർമ്മിക്കുന്നു നിഫ്ല. ഇതൊന്നും കൂടാതെ കമ്മലുകളുടെ കളക്ഷനും ഉണ്ട്.

ഇന്ത്യയിൽ മക്രാമെ വർക്ക് ചെയ്യുന്നവർ കുറവാണ്. അതിനാൽ നൂൽ കിട്ടുക പ്രയാസമായിരുന്നു. കയറ്റുമതിക്കാരിലിൽ നിന്നും നൂല് വാങ്ങിയാണ് വർക്ക് ചെയ്തു തുടങ്ങിയത്. ആദ്യം വെള്ള നൂലിലും പിന്നെ കളർ നൂലിലും ചെയ്തു തുടങ്ങി. ഓഫ് വൈറ്റ്, ഡീപ്പ് ബ്ലാക്ക് നിറങ്ങളിൽ ഉള്ള നൂലിൽ തീർത്ത ആക്‌സസറികളോടാണ് കൂടൂതൽ പേർക്കും താത്പര്യം. ഇന്റരീയറിന് അനുയോജ്യമായ നിറത്തിലുള്ള വർക്കുകൾ തേടി വരുന്നവരും ഉണ്ട്.

നല്ല ഉറപ്പുള്ള നൂൽ ആയതിനാൽ മക്രാമെ നൂൽ നന്നായി ഭാരം താങ്ങും. അതിനാലാണ് ഊഞ്ഞാലുകളും, ഹാങ്ങിങ് സ്റ്റാൻുകളും മറ്റും ഉണ്ടാക്കാൻ കഴിയുന്നത്. ഏതു തരം ഇന്റീറിയറിനും മാച്ചിങ് ആണ് മെക്രാമേ ആക്‌സസറികൾ എന്നതിനാൽ മലയാളികളും ഈ വിദേശ ട്രെൻഡ് സ്വീകരിച്ചു കഴിഞ്ഞു. ഇന്ന് നിഫ്ലയുടെ സൃഷ്ടികൾക്ക് ഉപഭോക്താക്കൾ ഏറെ. ഫേസ് ബുക്കിലും യു ട്യൂബിലും ഇൻസ്റ്റഗ്രാമിലും നിഫ്ലയുടെ മക്രാമെ ആർട്ട് കാണാം. പ്രശസ്ത ഫിനാൻഷ്യൽ ജേർണലിസ്റ്റ് ആയ റോഷൻ റഹിം ആണ് ഭർത്താവ്. മക്കൾ : ഇശൽ, ദുആ.

Instagram Link: https://www.instagram.com/nifs_craft_studio/