സാമൂഹ്യപ്രതിബദ്ധതയുള്ള സൂപ്പർ ലേഡി

Posted on: July 20, 2020

വീടും ജോലിയും ഒന്നിച്ചു കൊണ്ടു പോകുന്ന സ്ത്രീകൾ പ്രതിഭാശാലികളാണെങ്കിൽ രൂപ ജോർജിനെ നമ്മൾ എന്താണ് വിളിക്കുക ? ഗൃഹനായിക എന്നതിനൊപ്പം സംരംഭക, സാമൂഹ്യ പ്രവർത്തക, പരിസ്ഥിതി പ്രവർത്തക, നർത്തകി, മോട്ടിവേഷണൽ സ്പീക്കർ, ടെലിവിഷൻ ആങ്കർ തുടങ്ങി രൂപ തിളങ്ങി നിൽക്കുന്ന മേഖലകൾ അനവധി. സൂപ്പർ ലേഡിയായ രൂപയുടെ വിജയവഴികളെ പിന്തുടർന്നാൽ പുതിയ തലമുറയ്ക്ക് നിസംശയം മാതൃകയാക്കാവുന്ന പെൺ കരുത്ത് തിരിച്ചറിയാം. പക്ഷേ രൂപയ്ക്ക് ഇവയെല്ലാം ഒരു പുഞ്ചിരിയിൽ ഒതുങ്ങുന്ന ലളിതമായ കാര്യങ്ങൾ ആണ്.

സാമൂഹിക പ്രതിബദ്ധതയുള്ള സംരംഭക

സാമൂഹ്യ പ്രതിബദ്ധതയുള്ള സംരംഭക എന്നാണ് ഞാൻ എന്നെക്കുറിച്ചു ആദ്യം പറയുക. പ്രമുഖ എക്‌സ്പോർട്ടിങ് കമ്പനിയായ ബേബി മറൈൻ ഗ്രൂപ്പ്, ഏഷ്യൻ കിച്ചൻ ബൈ ടോക്കിയോ ബേ എന്നിവയുടെ ഡയറക്ടർ ആണ്. ബിസിനസ് എന്റെ രക്തത്തിൽ ഉണ്ട്. ജനിച്ചതും വിവാഹം കഴിച്ചെത്തിയതും ബിസിനസ് കുടുംബത്തിൽ ആയതിനാൽ ബിസിനസിൽ ചുവടുറപ്പിക്കുക പ്രയാസം ആയിരുന്നില്ല എനിക്ക്. ഞാൻ പറഞ്ഞല്ലോ സാമൂഹിക പ്രതിബദ്ധത ജീവിതത്തിൽ ഉണ്ടാകണം എന്ന നിർബന്ധം എനിക്ക് ഉണ്ട്. മറ്റു പ്രവർത്തനങ്ങളുടെയെല്ലാം അടിസ്ഥാനം ഈ ചിന്ത ആണ്.

കുടുംബം എന്ന അനുഗ്രഹം

നല്ല കുടുംബത്തിൽ ജനിക്കാനുള്ള ഭാഗ്യം ലഭിച്ചു. വിവാഹം കഴിഞ്ഞെത്തിയതും അതുപോലെ ഒരു കുടുംബത്തിലേക്ക് ആയിരുന്നു. എന്റെ എല്ലാ കഴിവുകളും വളർത്താൻ സഹായിച്ചത് ഈ രണ്ടു കുടുംബങ്ങളുടെയും പിൻബലമാണ്. എല്ലാ വിജയങ്ങളുടെയും അടിസ്ഥാനം കുടുംബമാണ് എന്നാണ് എന്റെ വിശ്വാസം. സ്വന്തം കുടുംബം നന്നായി നോക്കാൻ കഴിഞ്ഞില്ലെങ്കിൽ പിന്നെ എന്തൊക്കെ ചെയ്താലും യാതൊരു പ്രയോജനവും ഇല്ല. കുടുംബങ്ങൾ നന്നാകുമ്പോൾ സമൂഹവും നന്നാകും. എനിക്ക് ഈശ്വരൻ തന്ന ഏറ്റവും വലിയ അനുഗ്രഹം ആണ് എന്റെ കുടുംബം.

കേരളത്തിലെ ആദ്യത്തെ സ്വകാര്യ ബസ് സർവീസ് ശൃംഖലയായ മയിൽവാഹനം മോട്ടോഴ്‌സ് ഉടമ ഷൊർണൂർ സ്വദേശി സി. എ. എബ്രഹാമിന്റെയും ഗീത എബ്രഹാമിന്റെയും മകളാണ് രൂപ. ബേബി മറൈൻ ഇന്റർനാഷനൽ കമ്പനിയുടെ മാനേജിംഗ് പാർട്ണറായ ജോർജ് കെ. നൈനാന്റെ ഭാര്യയായ ശേഷമാണ് രൂപ ജോർജ് സംരംഭക ലോകത്ത് എത്തിയത്.

ബിസിനസ് വുമൺ

എട്ടു വർഷം മുൻപാണ് ടോക്കിയോ ബേ ആരംഭിക്കുന്നത്. ബേബി മറൈൻ ഗ്രൂപ്പിന്റെ ഹോസ്പിറ്റാലിറ്റി സംരംഭം. ആദ്യം ജാപ്പനീസ് കുസീൻ മാത്രമായിരുന്നു. പിന്നീടാണ് ഏഷ്യൻ കൺസെപ്റ്റിലുള്ള വിഭവങ്ങൾ അവതരിപ്പിച്ചത്. ഏഴു രാജ്യങ്ങളിൽ നിന്നുള്ള രുചികൾ ടോക്കിയോ ബേയിൽ നിങ്ങൾക്ക് ലഭിക്കും. തായ്, മലേഷ്യൻ, വിയറ്റ്‌നമീസ്, ഇന്തോനേഷ്യൻ, സിംഗപ്പൂർ, ജാപ്പനീസ്, ചൈനീസ് എന്നിങ്ങനെ. വിവിധ രാജ്യങ്ങളുടെ വിഭവങ്ങളെക്കുറിച്ചു ആഴത്തിൽ അറിവ് ഉണ്ട് രൂപയ്ക്ക്. മാർക്കറ്റിങ്ങിലും സോഷ്യൽ മീഡിയ ബ്രാൻഡിങ്ങിലും രൂപ നേരിട്ട് ശ്രദ്ധ ചെലുത്തുന്നു. ജ്വാല യങ് വുമൺ എന്റർപ്രണർ അവാർഡ്, മികച്ച നൂതന സംരംഭകത്വത്തിനുള്ള പ്രൊഫഷണൽ കോൺക്ലേവ് അവാർഡ്, തുടങ്ങി സംരംഭകത്വത്തിനും സാമൂഹ്യ പ്രവർത്തനത്തിനും നിരവധി അവാർഡുകൾ രൂപയെ തേടിയെത്തി.

നന്മയുടെ തണൽമരങ്ങൾ

നമുക്ക് ലഭിക്കുന്ന അനുഗ്രഹങ്ങൾ സമൂഹ നന്മയ്ക്ക് കൂടി പകർന്നാലേ വിജയങ്ങൾ സാർത്ഥകമാകുന്നുള്ളൂ എന്ന വിശ്വാസക്കാരിയാണ് ഞാൻ. കുട്ടികളുടെ വിദ്യാഭ്യാസത്തിനും
സ്ത്രീകളുടെ ഉന്നമനത്തിനുമായി കഴിയുന്ന വിധം പ്രവർത്തിക്കുന്നുണ്ട്. നമ്മുടെ സന്തോഷത്തെക്കുറിച്ച് മാത്രം ചിന്തിക്കാതെ ചുറ്റുമുള്ളവരുടെ സന്തോഷങ്ങൾക്കു കാരണമായി മാറാനും നമുക്ക് സാധിക്കണം. അതിന് എന്നാൽ കഴിയുന്നതെല്ലാം ചെയ്യണമെന്ന ആഗ്രഹം എപ്പോഴും മനസിലുണ്ട്’

ബിൻ ഇറ്റ് ഇന്ത്യ ക്യാംപെയിനിന്റെ മുൻനിരയിൽ രൂപയുണ്ട്. കേരളത്തിലെ സ്‌കൂളുകളിൽ വിദ്യാർഥികൾക്ക് പരിസ്ഥിതിസംരക്ഷണത്തിന്റെ പ്രാധാന്യം മനസിലാക്കികൊടുക്കുക എന്നതാണ് ബിൻ ഇറ്റ് ഇന്ത്യ ക്യാംപെയിന്റെ ലക്ഷ്യം. വനനശീകരണം തടയാനും മരങ്ങൾ വെച്ചുപിടിപ്പിക്കാൻ കുട്ടികളെ ഞങ്ങൾ പ്രേരിപ്പിച്ചത് ഒരു ചലഞ്ചിലൂടെയായിരുന്നു. കുട്ടികൾ അവരുടെ ഓരോ പിറന്നാളിനും മരങ്ങൾ വച്ചുപിടിപ്പിക്കണം. എത്രാമത്തെ പിറന്നാളാണോ ആഘോഷിക്കുന്നത്, അത്രയും മരങ്ങൾ നടണം. ഇതോടൊപ്പം, പരിസ്ഥിതിസംരക്ഷണവുമായി ബന്ധപ്പെട്ട പാഠങ്ങളും പകർന്നു നൽകുന്നു. എറണാകുളത്തും പരിസരങ്ങളിലുമുള്ള ചില സ്‌കൂളുകളെ അഡോപ്റ്റ് ചെയ്താണ് ഇത്തരം ക്യാമ്പയിനുകൾ ഞങ്ങൾ നടത്തുന്നത്.

ചെറിയ ക്ലാസുകളിലെ കുട്ടികൾക്കായി കൈൻഡ്‌നെസ് ഡയറി എന്നൊരു ക്യാമ്പയിൻ ചെയ്തു. ഓരോ ദിവസവും ചെയ്യുന്ന നന്മകളെക്കുറിച്ച് കുട്ടികൾ അവരവരുടെ ഡയറിയിൽ എഴുതണം. നല്ല കാര്യങ്ങൾ ചെയ്യാനും മറ്റുള്ളവരുടെ നന്മകൾ തിരിച്ചറിയാനും അവരെ അഭിനന്ദിക്കാനും കുട്ടികളെ പ്രാപ്തരാക്കാൻ ഇതുവഴി സാധിക്കും. മാനുഷിക മൂല്യങ്ങൾ അവർ മനസിലാക്കുമെന്ന് രൂപ ജോർജ് ചൂണ്ടിക്കാട്ടുന്നു.

ഇംഗ്ലീഷ് സംസാരിക്കാൻ ബുദ്ധിമുട്ട് നേരിടുന്ന കുട്ടികൾക്ക് വേണ്ടി സ്‌കൂളുകളിൽ സ്‌പോക്കൺ ഇംഗ്ലീഷ് ക്ലാസ് നടത്തുന്നുണ്ട്.  റോട്ടറി ക്ലബ്, വൈ. ഡബ്ല്യൂ. സി. എ തുടങ്ങിയ
നിരവധി സംഘടനകളുടെ പിന്തുണയോടെയും നന്മ നിറഞ്ഞ ഹൃദയമുള്ള വ്യക്തികളുടെ സഹായ സഹകരണങ്ങളിലൂടെയുമാണ് എല്ലാ പ്രവർത്തനങ്ങളും. അതിനാൽ ഇതൊന്നും എന്റെ മാത്രം കഴിവല്ല. ഞാൻ ഒരു ഫെസിലിറ്റേറ്റർ ആണെന്ന് പറയുന്നതാകും ശരി. സഹായം അവശ്യമുള്ളവരും സഹായിക്കാൻ മനസ്സുള്ളവരും എന്നെ സമീപിക്കുന്നു. എന്റെ പരിചയങ്ങൾ ആണ് നന്മയ്ക്കായി ഞാൻ ഉപയോഗിക്കുന്നത് രൂപ പറഞ്ഞു.

ഇപ്പോൾ കോവിഡ് പ്രതിരോധത്തിൽ പങ്കാളികൾ ആകുന്ന ആരോഗ്യ പ്രവർത്തകർ, ആശാ വർക്കേഴ്സ്, പോലീസ്, മീഡിയ, തുടങ്ങിയവർക്ക് ആദരം അർപ്പിക്കുന്നതിനായി കേരളത്തിൽ ആകമാനമുള്ള ഹോസ്പിറ്റലുകൾ പോലീസ് സ്റ്റേഷൻ, പ്രസ് ക്ലബ് എന്നിവിടങ്ങളിൽ ചോക്ലേറ്റ് വിതരണം ചെയ്യുന്ന ബീ ദ റീസൺ ഫോർ എ സ്‌മൈൽ എന്ന ക്യാമ്പയിനിന് രൂപ ജോർജ് നേതൃത്വം നൽകിവരുന്നു.

ലാളിത്യവും നന്മയും വീട്ടിൽ നിന്ന്

നന്മയുടെ പാഠങ്ങൾ വീട്ടിൽ നിന്നും തുടങ്ങണം എന്നാണ് രൂപയുടെ പക്ഷം. എന്റെ മക്കൾ നൈനാനെയും എബ്രഹാമിനെയും എല്ലാ പ്രവർത്തനങ്ങളിലും ഞാൻ കൂടെ കൂട്ടും. രാജഗിരി പബ്ലിക് സ്‌കൂളിൽ നിന്നും നൈനാൻ ഇപ്പോൾ പ്ലസ് ടു കഴിഞ്ഞു. എബ്രഹാം ഗ്രിഗോറിയൻ പബ്ലിക് സ്‌കൂളിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ്. അവരുടെ പിറന്നാളുകളും വീട്ടിലെ മറ്റ് ആഘോഷങ്ങളും ഞങ്ങൾ ചെലവഴിക്കുന്നത് സ്‌കൂളുകളിലും കെയർ ഹോമുകളിലുമാണ്. അവിടുത്തെ കുട്ടികൾക്ക് ആവശ്യമായ സാധനങ്ങൾ എത്തിച്ചുകൊടുക്കാനൊക്കെ മക്കൾക്കും ഉത്സാഹമാണ്.

എനിക്കായ് ഞാൻ നൃത്തം ചെയ്യുന്നു

ചെറുപ്പം മുതൽക്കേ ഭരതനാട്യം അഭ്യസിക്കുന്നുണ്ട്. എന്തു തിരക്കുണ്ടെങ്കിലും നൃത്ത പരിശീലനം മുടക്കാറില്ല. ഞാൻ എനിക്കായി നീക്കി വയ്ക്കുന്ന സമയം ആണത്. അവസരം ലഭിക്കുമ്പോൾ വേദികളിൽ നൃത്തം അവതരിപ്പിക്കാറുണ്ട്. വീണയും പഠിച്ചിട്ടുണ്ട്. ഗുരു ചിത്ര സുബ്രഹ്മണ്യത്തോടൊപ്പം വീണ കച്ചേരി നടത്തിയിട്ടുണ്ട്. സ്വയം ഊർജസ്വല ആയിരിക്കാനും സമ്മർദം അകറ്റാനും ഞാൻ ആശ്രയിക്കുന്നത് കലയെയാണ്.

ജി.ആർ.