അൺ അക്കാദമി : യുട്യൂബിൽ നിന്ന് യൂണിക്കോൺ ക്ലബിലേക്ക്

Posted on: September 10, 2020

യൂണിക്കോൺ സ്റ്റാർട്ടപ്പുകളിലെ പുതിയ താരമാണ് ബംഗലുരു ആസ്ഥാനമായുള്ള അൺ അക്കാദമി. ഗൗരവ് മുഞ്ജാൾ സ്ഥാപിച്ച അൺ അക്കാദമി ഇന്ത്യയിലെ ഏറ്റവും വലിയ ഓൺലൈൻ വിദ്യാഭ്യാസ പ്ലാറ്റ്‌ഫോമുകളിലൊന്നാണ്. റോമൻ സൈനി, ഹിമേഷ് സിംഗ് എന്നിവരാണ് സഹസ്ഥാപകർ. അൺ അക്കാദമിയുടെ മാതൃ കമ്പനിയായ സോർട്ടിംഗ് ഹാറ്റ് ടെക്‌നോളജീസിൽ ഫേസ് ബുക്ക്, ജനറൽ അറ്റ്‌ലാന്റിക് തുടങ്ങിയ വമ്പൻ നിക്ഷേപകരാണ് പണം മുടക്കിയിട്ടുള്ളത്.

പ്രതിദിനം 1500 ലേറെ ലൈവ് ക്ലാസുകൾ, യുപിഎസ്‌സി-സിഎസ്ഇ, ഐഐടി-ജെഇഇ തുടങ്ങി 60 ൽ അധികം പരീക്ഷ വിഭാഗങ്ങൾ, പത്ത് ലക്ഷത്തിൽപ്പരം വീഡിയോ പാഠ്യഭാഗങ്ങൾ, രജിസ്റ്റർ ചെയ്ത 14,000 ൽപ്പരം അധ്യാപകർ തുടങ്ങി,  ഇ-ലേണിംഗ് രംഗത്ത് അൺ അക്കാദമി ചരിത്രം സൃഷ്ടിക്കുകയാണ്. അൺ അക്കാദമിയുടെ വീഡിയോ പാഠങ്ങൾ ഇതേവരെ കണ്ടത് 3.2 ബില്യൺ മിനിട്ടുകളാണ്. അതായത് 320 കോടി മിനിട്ടുകൾ. വിദ്യാർത്ഥികളുടെ എണ്ണം 13 ദശലക്ഷം.

തുടക്കം

കേവലം പത്ത് വർഷം മുമ്പാണ് അൺ അക്കാദമിയുടെ തുടക്കം. മുംബൈയിൽ എൻജിനീയറിംഗ് വിദ്യാർത്ഥിയായിരിക്കെ ജയ്പ്പൂർ സ്വദേശിയായ ഗൗരവ് മുഞ്ജാൾ കംപ്യൂട്ടർ ഗ്രാഫിക്‌സിനെ കുറിച്ചുള്ള ഹൃസ്വവീഡിയോകൾ യുട്യൂബിൽ അപ് ലോഡ് ചെയ്യുമായിരുന്നു. യു ട്യൂബ് ചാനലായ അൺ അക്കാദമി പെട്ടന്ന് സ്വീകാര്യത നേടി. അതോടെ കംപ്യൂട്ടർ പ്രോഗ്രാമിംഗിനെക്കുറിച്ചുള്ള കൂടുതൽ വീഡിയോകൾ അപ്‌ലോഡ് ചെയ്തു.

പഠനം പൂർത്തിയാക്കി കമ്യൂണിക്കേഷൻ ആപ്പായ ഡയറക്ടി യിൽ സോഫ്റ്റ്‌വേർ എൻജിനീയറായപ്പോഴും യൂ ട്യൂബ് ചാനൽ ഉപേക്ഷിച്ചില്ല. ഗൗരവ് മുഞ്ജാൾ 2013 ൽ തന്റെ ആദ്യ കമ്പനി ഫ്‌ളാറ്റ്. ടു ആരംഭിച്ചു. ഒരു വർഷത്തിന് ശേഷം ഫ്‌ളാറ്റ്.ടു വിനെ റിയൽ എസ്റ്റേറ്റ് പോർട്ടലായ കോമൺഫ്‌ളോർഡോട്ട്‌കോമിന് വിറ്റു.

കോ ഫൗണ്ടേഴ്‌സ്

എൻജിനീയറായ ഹിമേഷ് സിംഗും ഡൽഹി എയിംസിൽ നിന്ന് എംബിബിഎസ് പൂർത്തിയാക്കിയ റോമൻ സൈനിയും ഒപ്പം ചേർന്നതോടെ അൺ അക്കാദമിയുടെ വളർച്ച തുടങ്ങി. ഗൗരവ് മുഞ്ജാൾ, മോട്ടിലാൽ നെഹ്‌റു നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി അലുംമ്‌നിയായ ഹിമേഷ് സിംഗുമായി ചേർന്ന് 2015 സെപ്റ്റംബറിൽ സോർട്ടിംഗ് ഹാറ്റ് ടെക്‌നോളജീസ് എന്ന കമ്പനിക്ക് രൂപം നൽകി. ഇതോടെ അൺ അക്കാദമിയുടെ ഉടമസ്ഥതയും നടത്തിപ്പും സോർട്ടിംഗ് ഹാറ്റിനായി. ഹിമേഷ് സിംഗ് ഇപ്പോൾ കമ്പനിയുടെ കോഫൗണ്ടറും സിടിഒയുമാണ്.

സിവിൽ സർവീസ് നേടിയ സൈനി മധ്യപ്രദേശിൽ പരിശീലനത്തിൽ ഇരിക്കെയാണ് 2016 ൽ അൺ അക്കാദമിയുടെ ഭാഗമാകുന്നത്. മോട്ടിവേഷണൽ സ്പീക്കർ കൂടിയായ റോമൻ സൈനി സിവിൽ സർവീസ് പരീക്ഷയുടെ പാഠഭാഗങ്ങൾ ചാനലിൽ അപ് ലോഡ് ചെയ്തുകൊണ്ടാണ് രംഗപ്രവേശം നടത്തിയത്. ഇന്ന് സൈനി കമ്പനിയുടെ കോഫൗണ്ടറും ചീഫ് എഡ്യുക്കേറ്ററുമാണ്.

വളർച്ച

2016 ന് ശേഷമാണ് അൺ അക്കാദമിയുടെ വളർച്ച ആരംഭിക്കുന്നത്. മൊബൈൽ ആപ്പ്, വെബ് പോർട്ടൽ, യു-ട്യൂബ് ചാനൽ എന്നിവയടങ്ങുന്നു ഡിജിറ്റൽ എഡ്യുക്കേഷൻ പ്ലാറ്റ്‌ഫോമായി അൺ അക്കാദമി മാറി. സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ, റെയിൽവേ, ഡിഫൻസ്, ബാങ്ക് എക്‌സാമുകൾ, ജെഇഇ-നീറ്റ്, വിവിധ സംസ്ഥാനങ്ങളിലെ പബ്ലിക് സർവീസ് കമ്മീഷനുകളുടെ പരീക്ഷകൾ, ഗേറ്റ്, ഇഎസ്ഇ, ഐഐടി, ജാം, നീറ്റ് പിജി, കാറ്റ്, ഐഇഎൽടിഎസ്, സിഎ ഫൗണ്ടേഷൻ, സിഎ ഫൈനൽ, വിവിധ സംസ്ഥാനങ്ങളുടെ സിഇടി തുടങ്ങിയ പരീക്ഷകൾക്കും കോഴ്‌സുകൾക്കും വേണ്ട ഓൺലൈൻ പരിശീലനം അൺ അക്കാദമിയിൽ ലഭ്യമാണ്.

എന്തിനേറെ സിബിഎസ്ഇ 6,7,8,9,10,11,12 ക്ലാസുകളിലേക്കുള്ള ട്യൂഷനും അൺ അക്കാദമി നൽകിവരുന്നു. ഇന്ന് ഇന്ത്യയിൽ നിന്ന് ലോകമെമ്പാടും വളരാൻ ഒരുങ്ങുന്ന കമ്പനിയാണ് അൺ അക്കാദമി. ഇന്തോനേഷ്യയിൽ പ്രവർത്തനം തുടങ്ങിക്കഴിഞ്ഞു. പരിമിതികളില്ലാത്ത വളർച്ചയുള്ള കമ്പനിയെന്നാണ് അൺ അക്കാദമി വിലയിരുത്തപ്പെടുന്നത്.

യു ട്യൂബിൽ

യു-ട്യൂബ് ചാനലായി തുടങ്ങിയ അൺ അക്കാദമി പരീക്ഷയുടെയും പരിശീലനത്തിന്റെയും അടിസ്ഥാനത്തിൽ നിരവധി ചാനലുകളായി വളർന്നു. ഓരോ ചാനലിലും ആയിരക്കണക്കിന് വീഡിയോകളും ദശലക്ഷക്കണക്കിന് സബ്‌സ്‌ക്രൈബേഴ്‌സുമുണ്ട്. ക്ലാസുകളായതിനാൽ സമയദൈർഘ്യമുള്ള വീഡിയോകളാണ് അപ് ലോഡ് ചെയ്യപ്പെടുന്നത്. ഓരോ വീഡിയോയും വിദ്യാർത്ഥികൾ ആവർത്തിച്ച് കാണുന്നത് വീഡിയോ വ്യൂസ് വർധിപ്പിക്കുന്നു. ഇതിലൂടെ യു ട്യൂബിൽ നിന്ന് നല്ലൊരു വരുമാനം അൺ അക്കാദമിക്ക് ലഭിക്കുന്നുണ്ട്.

മെന്റർ

ക്രെഡിറ്റ് കാർഡ് പേമെന്റ് ആപ്പായ ക്രെഡ്, ഓൺലൈൻ റീച്ചാർജ് ആപ്പായ ഫ്രീചാർജ് എന്നിവയുടെ സ്ഥാപകൻ കുനാൽ ഷാ ആണ് ഗൗരവ് മുഞ്ജാളിന്റെ മെന്റർ. ഷായുടെ നിർദയമായ പ്രതികരണങ്ങൾ തന്നിലെ സംരംഭകനെ കൂടുതൽ മെച്ചപ്പെടുത്താൻ സഹായിച്ചിട്ടുണ്ടെന്ന് മുഞ്ജാൾ പറയുന്നു.

ഫണ്ടിംഗ്

കഴിഞ്ഞ ആഴ്ച ജപ്പാനിലെ സോഫ്റ്റ് ബാങ്കിൽ (വിഷൻ ഫണ്ട് 2) നിന്ന് 150 മില്യൺ ഡോളർ അൺ അക്കാദമി സമാഹരിച്ചു. ഇതോടെ അൺ അക്കാദമിയുടെ മൂല്യം 1.45 ബില്യൺ ഡോളറായി. ഈ വർഷം ആദ്യം 510 മില്യൺ യുഎസ് ഡോളറാണ് മൂല്യം കണക്കാക്കിയിരുന്നത്. ഫേസ് ബുക്ക്, സെക്വയ കാപ്പിറ്റൽ ഇന്ത്യ, നെക്‌സസ് വെഞ്ചർ പാർട്‌ണേഴ്‌സ്, സായിഫ് പാർട്‌ണേഴ്‌സ്, ബ്ലൂമി വെഞ്ചേഴ്‌സ്, സ്‌റ്റെഡ്‌വ്യു കാപ്പിറ്റൽ, ജനറൽ അറ്റലാന്റിക്ക് തുടങ്ങിയ നിക്ഷേപ സ്ഥാപനങ്ങൾ നേരത്തെ അൺ അക്കാദമിയിൽ മൂലധന നിക്ഷേപം നടത്തിയിട്ടുണ്ട്.

അക്വസിഷൻ

വളർച്ചയുടെ ഭാഗമായി കഴിഞ്ഞ ആറു മാസത്തിനിടെ അൺ അക്കാദമി രണ്ട് ഏറ്റെടുക്കലുകൾ നടത്തി. എൻജിനീയറിംഗ് സർവീസ് എക്‌സാം, എൻജിനീയറിംഗ് ഗ്രാജുവേറ്റ് ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് എന്നിവയ്ക്കുള്ള ഓൺലൈൻ കോച്ചിംഗ് പ്ലാറ്റ്‌ഫോമായ ക്രീട്രിക്‌സിനെ മാർച്ചിൽ സ്വന്തമാക്കി. ജൂലൈയിൽ മെഡിക്കൽ എൻട്രൻസ് കോച്ചിംഗ് പ്ലാറ്റ്‌ഫോമായ പ്രെപ് ലാഡറിനെ അൺ അക്കാദമി ഏറ്റെടുത്തു. 50 മില്യൺ ഡോളറിന്റേതാണ് ഇടപാട്. ആഗോള വളർച്ചയുടെ ഭാഗമായി കൂടുതൽ ഏറ്റെടുക്കലുകൾ ഉണ്ടാകുമെന്നാണ് സൂചന. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 10 മടങ്ങ് വളർച്ചയാണ് കമ്പനി സിഇഒ കൂടിയായ ഗൗരവ് മുഞ്ജാൾ ലക്ഷ്യമിടുന്നത്.

എൽ. പി.