കേരള ഇന്നോവേഷന്‍ വീക്കില്‍ വിപുലമായ പരിപാടികള്‍

Posted on: May 27, 2022

കൊച്ചി : കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സംഘടിപ്പിക്കുന്ന രാജ്യത്തെ ഏറ്റവും വലിയ ഡിസൈന്‍- മേക്കര്‍- ടെക്‌നോളജി മേളയായ കേരള ഇന്നോവേഷന്‍ വീക്കില്‍ ശനിയാഴ്ച വിപുലമായ പരിപാടികള്‍. ഡിസൈന്‍-ടെക്‌നോളജി രംഗത്തെ ഏറ്റവും പുത്തന്‍ കാഴ്ചകളാണ് കഴിഞ്ഞ ഒരാഴ്ചയായി കളമശ്ശേരിയിലെ ടെക്‌നോളജി ഇന്നോവഷന്‍ സോണില്‍ നടക്കുന്ന പരിപാടിയുടെ സമാപന ദിനത്തില്‍ ഒരുക്കിയിട്ടുള്ളത്.

https://iwkerala.org/programs/ എന്ന വെബ്‌സൈറ്റിലൂടെ ശനിയാഴ്ചത്തെ പരിപാടിയില്‍ പങ്കെടുക്കുന്നതിന് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. ശനിയാഴ്ച ഉച്ചയ്ക്ക് നടക്കുന്ന ക്രിയേറ്റേഴ്‌സ് സമ്മിറ്റ് ഡിജിറ്റല്‍ രംഗത്തെ ക്രിയേറ്റര്‍മാര്‍ മാറ്റുരയ്ക്കുന്ന സമ്മേളനമാകും. ഡിസൈന്‍-ത്രിഡി- മേക്കര്‍ ഉത്പന്നങ്ങള്‍ കാണാനും അതെ കുറിച്ച് കൂടുതല്‍ അറിയാനുമുള്ള അവസരം ലഭിക്കും. ഫാഷന്‍ ഷോ, സംഗീത നിശ, ഫുഡ് ഫെസ്റ്റ് എന്നിവയും സമാപന ദിവസത്തെ പ്രധാന ആകര്‍ഷണങ്ങളാണ്.

വിദ്യാര്‍ത്ഥികള്‍ ഉണ്ടാക്കിയ ഉത്പന്നങ്ങളുടെ പ്രദര്‍ശനം പ്രത്യേകം ഒരുക്കിയിട്ടുണ്ട്. ഗവേഷണ സ്ഥാപനങ്ങളിലെ വാണിജ്യ സാധ്യതയുള്ള ഉത്പന്നങ്ങള്‍ വിപണിയുമായി ബന്ധിപ്പിക്കാനുള്ള പദ്ധതിയായ റിങ്കിന്റെ സ്റ്റാളും ഇവിടെയുണ്ടാകും. ഫാബ് ലാബ് സന്ദര്‍ശിക്കാനുള്ള അവസരവും ശനിയാഴ്ച ലഭിക്കുന്നതാണ്. സ്ത്രീകളെ സാങ്കേതിക തൊഴില്‍ മേഖലയിലേക്ക് ആകര്‍ഷിക്കുന്നതിനായി വൈ ഹാക്ക് ഇനോവേറ്റ് ഹെര്‍ പാനല്‍ ചര്‍ച്ച സംഘടിപ്പിച്ചിരുന്നു. കേരള സ്റ്റാര്‍ട്ടപ്പ്മിഷനും മള്‍ട്ടി നാഷണല്‍ കമ്പനിയായ ഇ വൈയും ചേര്‍ന്നാണ് ഇത് സംഘടിപ്പിച്ചത്.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നൂതനാശയദാതാക്കളുള്‍പ്പെടെ 5000 ല്‍പരം പേരാണ് ഒരാഴ്ച നീണ്ടു നില്‍ക്കുന്ന പരിപാടിയില്‍ പങ്കെടുക്കുന്നത്. നൂതനാശയദാതാക്കള്‍, 40 ലധികം പ്രഭാഷകര്‍, 30 ഓളം പങ്കാളികള്‍, 25 ല്‍പരം നൂതനാശയ സമൂഹങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്നുണ്ട്.

പരസ്പര സഹകരണത്തോടെയുള്ള സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥ രൂപപ്പെടുത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് കെഎസ് യുഎം ഈ പരിപാടി അവതരിപ്പിക്കുന്നത്. വേള്‍ഡ് ഇക്കണോമിക് ഫോറത്തിന്റെ കൊച്ചിയിലെ ഗ്ലോബല്‍ ഷേപ്പേഴ്‌സിന്റെ സഹകരണവും ഈ ഉദ്യമത്തിനുണ്ട്. കേരളത്തിലെ സാമ്പത്തിക രംഗത്തെ നൂതനത്വം നയിക്കുന്ന ഒന്നാക്കി മാറ്റാനുളള പരിശ്രമങ്ങളുടെ ഭാഗമാണിത്.