മലയാളികള്‍ക്ക് പ്രിയം വിദേശ അവക്കാഡോ, കേരളത്തിലേക്കുള്ള വരവ് കൂടുന്നു

Posted on: April 30, 2024

 

കൊച്ചി : മലയാളികളുടെ പ്രിയപ്പെട്ട പഴവര്‍ഗ്ഗങ്ങളില്‍ ഒന്നായി വിദേശ അവക്കാഡോ (വെണ്ണ പഴം) മാറുന്നുണ്ടെന്നും കൂടുതല്‍ രാജ്യങ്ങള്‍ നികുതി കുറച്ചതോടെ കേരളത്തിലേക്ക് ധാരാളമായി വിദേശ അവക്കാഡോയുടെ വരവ് കൂടിയിട്ടുണ്ടെന്നും അവോക്കാഡോ വ്യാപാരികള്‍ പറയുന്നു. ആയിരം രൂപയോളം കിലോയ്ക്ക് വില വരുന്ന അവക്കാഡോ നിലവില്‍ കേരളത്തില്‍ 300-400 രൂപക്ക് ലഭിക്കാന്‍ നികുതി കുറവ് സഹായിച്ചിട്ടുണ്ട്. ദക്ഷിണാഫ്രിക്ക ആസ്ഥാനമായുള്ള അവോക്കാഡോ ഫാമിംഗ് ആന്റ് ട്രേഡിംഗ് കമ്പനിയായ വെസ്റ്റ്ഫാലിയ ഫ്രൂട്ട് കൊച്ചി ആസ്ഥാനമായുള്ള ഈഡന്‍ ഫ്രൂട്ട്സ് ഇന്റര്‍നാഷണലുമായി സഹകരിച്ചു കൊണ്ടാണ് വിദേശ അവക്കാഡോ കേരളത്തിലേക്ക് ഇറക്കുമതി ചെയ്യുന്നത്. കൊച്ചി തുറമുഖം വഴി അവക്കാഡോ എത്തിക്കാണാനാണ് ഇപ്പോള്‍ ശ്രമിക്കുന്നത്. കേരളത്തിലെ ഇറക്കുമതിയുമായി ബന്ധപ്പെട്ടുള്ള ട്രേഡ് ലോഞ്ച് വെസ്റ്റ്ഫാലിയ ഫ്രൂട്ട് ഇന്ത്യ ജനറല്‍ മാനേജര്‍ അജയ് ടി. ജെ. കഴിഞ്ഞ ദിവസം കൊച്ചിയില്‍ നിര്‍വഹിച്ചു.

യൂറോപ്പ് , മിഡില്‍ ഈസ്റ്റ് എന്നിവിടങ്ങളിലെ മലയാളി സമൂഹത്തിന്റെ സാന്നിധ്യം കൊണ്ട് അവക്കാഡോ കേരളീയര്‍ക്ക് പരിചിതമായ പഴമാണെന്ന് ഈഡന്‍ ഫ്രൂട്ട്സ് മാനേജിംഗ് ഡയറക്ടര്‍ കമറുദ്ധീന്‍ സിഎച്ച് പറഞ്ഞു.

ലോകവിപണിയില്‍ 15 മുതല്‍ 20 ശതമാനം വരെയാണ് അവക്കാഡോ ഉപഭോഗം. എന്നാല്‍ ഇന്ത്യയില്‍ ഇത് 100 ശതമാനമാണ്. ഈ വര്‍ഷവും അവക്കാഡോ വില്പനയില്‍ ഇന്ത്യ മുന്‍പന്തിയിലാണെന്ന് വെസ്റ്റ്ഫാലിയ ഫ്രൂട്ട് ജനറല്‍ മാനേജര്‍ അജയ് ടിജി പറഞ്ഞു. ഇന്ത്യയിലേക്കുള്ള അവക്കാഡോ ഇറക്കുമതിയുടെ 50 ശതമാനവും വെസ്റ്റ്ഫാലിയയില്‍ നിന്നാണ്.

കേരളത്തിലേത് മികച്ച മാര്‍ക്കറ്റാണ്. മലയാളിയുടെ ദിനചര്യയില്‍ പഴവര്‍ഗ്ഗങ്ങളുടെ ഉപഭോഗം കൂടിയിട്ടുണ്ട്. 300 രൂപക്ക് മുകളില്‍ വില വരുന്ന അവക്കാഡോയുടെ ഉപഭോഗം കേരളത്തില്‍ സമീപകാലത്ത് വര്‍ധിച്ചത് കേരളത്തിന്റെ വാങ്ങല്‍ ശേഷിയുടെ പ്രതിഫലനമാണെന്ന് അജയ് ടിജി പറഞ്ഞു.

കേരളത്തില്‍ ഇടുക്കി, വയനാട്, പത്തനംതിട്ട, ചില ജില്ലകളുടെ കിഴക്കന്‍ മേഖലകള്‍ തുടങ്ങിയ മലയോര പ്രദേശങ്ങളില്‍ കൃഷി ചെയ്യാന്‍ അനുയോജ്യമായ ഒരു ഫലവൃക്ഷമാണ് അവക്കാഡോ. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ അവക്കാഡോ ധാരാളമായി കൃഷി ചെയ്യുന്നുണ്ടെങ്കിലും അതൊക്കെ പ്രാദേശിക ഉപഭോഗത്തിന് മാത്രമേ തികയുന്നുള്ളുവെന്ന് അദ്ദേഹം പറഞ്ഞു.

ധാരാളം ആരോഗ്യഗുണങ്ങള്‍ ഉള്ള പഴവര്‍ഗ്ഗമാണ് അവക്കാഡോ പഴം. വെണ്ണപ്പഴം എന്നാണ് മലയാളത്തില്‍ ഇതിന്റെ നാമം. ലോറേസി എന്ന സസ്യകുടുംബത്തില്‍പ്പെട്ട ഒരു അംഗമാണ് ഈ പഴം. ഫൈബര്‍ ധാരാളം അടങ്ങിയിരിക്കുന്ന അവക്കാഡോ ശരീരഭാരം കുറയ്ക്കാന്‍ വളരെ നല്ലതാണ്. ഇതിലടങ്ങിയിരിക്കുന്ന ഫാറ്റി ആസിഡുകള്‍ ആരോഗ്യത്തെ സംരക്ഷിക്കും. ആന്റി-ഇന്‍ഫ്‌ലമേറ്ററി ഒമേഗ -3 ഫാറ്റി ആസിഡുകള്‍, മഗ്‌നീഷ്യം, ബി -6, ഫോളേറ്റ് എന്നിവയുള്‍പ്പെടെ ധാരാളം വിറ്റാമിനുകളും ധാതുക്കളും അവക്കാഡോയില്‍ അടങ്ങിയിട്ടുണ്ട്.

TAGS: Avocado |