കോര്‍പറേറ്റുകള്‍ക്കായി ഇംഗ്രോസ് സോഫ്‌റ്റ്വെയറുമായി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സംരംഭം

Posted on: October 21, 2021

കൊച്ചി : കോര്‍പറേറ്റുകള്‍ക്ക് പരിസ്ഥിതി-സാമൂഹ്യ-ഭരണനിര്‍വഹണ ആസൂത്രണം നടത്തുന്നതിനു വേണ്ടിയുള്ള സോഫ്‌റ്റ്വെയര്‍ ഉത്പന്നം കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബില്യണ്‍ലൈവ്‌സ് പുറത്തിറക്കി. ഏഷ്യയിലെ പ്രമുഖ ടെക് ഷോ ആയ ജിടെക്‌സ് ദുബായിലാണ് സോഫ്‌റ്റ്വെയര്‍ പുറത്തിറക്കിയത്. സോഫ്‌റ്റ്വെയര്‍ ആസ് സര്‍വീസ്(എസ്എഎഎസ്) വിഭാഗത്തില്‍ പെടുന്നതാണ് പുതിയ ഉത്പന്നം.

ലോകത്തെ എല്ലാ കോര്‍പറേറ്റ് സ്ഥാപനങ്ങളും പാലിച്ചു വരുന്ന ഒന്നാണ് ഇഎസ്ജി എന്ന പേരില്‍ അറിയപ്പെടുന്ന ഇകണോമിക്-സോഷ്യല്‍-ഗവേണന്‍സ് പദ്ധതികള്‍. ഇതിന്റെ ആഗോള മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കിയാണ് ഇംഗ്രോസിന്റെ പ്രവര്‍ത്തനം. ആഗോള മാനദണ്ഡങ്ങളായ എസ്എഎസ്ബി, ജിആര്‍ഐ എന്നിവയും അടുത്ത സാമ്പത്തികവര്‍ഷം മുതല്‍ നടപ്പിലാകാന്‍ പോകുന്ന ഇന്ത്യയിലെ സുസ്ഥിര മാനദണ്ഡങ്ങളും ഈ സോഫ്‌റ്റ്വെയറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.

ഗള്‍ഫ് മേഖലയിലെ സുസ്ഥിര വളര്‍ച്ചയില്‍ എടുക്കുന്ന മുന്‍കരുതലുകളില്‍ ഭാഗമാകാന്‍ ഈ സോഫ്‌റ്റ്വെയറിലൂടെ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് ബില്യണ്‍ലൈവ്‌സിന്റെ സ്ഥാപകാംഗം ജോണ്‍ സന്തോഷ് പറഞ്ഞു. ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളും നെറ്റ് സീറോ ലക്ഷ്യവും പാലിക്കുന്നതിന് ഇംഗ്രോ ഏറെ സഹായകരമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോര്‍പറേറ്റുകളുടെ ഇഎസ്ജി ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനും വിവിധ റേറ്റിംഗ് ഏജന്‍സികളില്‍ റിപ്പോര്‍ട്ടുകള്‍ വയ്ക്കുന്നതിനും ഇംഗ്രോസ് സഹായിക്കും. ധനകാര്യ സ്ഥാപനങ്ങള്‍, നിയന്ത്രണ സംവിധാനങ്ങള്‍ എന്നിവിടങ്ങള്‍ക്കും ഇഎസ്ജി റിപ്പോര്‍ട്ട് നല്‍കാനാകും.

ജിടെക്‌സ് പോലുള്ള അന്താരാഷ്ട്ര വേദിയില്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷനില്‍ നിന്നുള്ള കമ്പനിയുടെ സോഫ്‌റ്റ്വെയര്‍ പ്രവര്‍ത്തനം തുടങ്ങിയതില്‍ ഏറെ സന്തോഷമുണ്ടെന്ന് കെ എസ് യു എം സിഇഒ ജോണ്‍ എം തോമസ് പറഞ്ഞു.

ബംഗളുരുവിലും ഓഫീസുള്ള ബില്യണ്‍ലൈവ്‌സ് രാജ്യത്തെ ഏറ്റവും വലിയ ആനുകൂല്യവിതരണ പദ്ധതികളില്‍ ഒന്നായ പ്രധാനമന്ത്രി മാതൃവന്ദന യോജനയുടെ സാങ്കേതിക പങ്കാളി കൂടിയാണ്. കേന്ദ്ര വനിത-ശിശു മന്ത്രാലയത്തിനു കീഴിലാണ് ഈ പദ്ധതി.