ഫാബ് ലാബുകള്‍ക്കായുള്ള പ്രഥമ അന്താരാഷ്ട്ര പുരസ്‌ക്കാരം ഫാബ് ലാബ് കേരളയ്ക്ക്

Posted on: October 12, 2021

തിരുവനന്തപുരം : ലോകത്തിലെ മികച്ച ഫാബ് ലാബുകള്‍ക്കായി അമേരിക്കയിലെ ഫാബ് അക്കാദമി ഏര്‍പ്പെടുത്തിയ പ്രഥമ ഫാബ് അക്കാദമി മാസ്റ്റര്‍പീസ് എക്‌സിക്യൂഷന്‍ (എഫ്എഎംഇ-ഫേം) പുരസ്‌ക്കാരം ഫാബ് ലാബ് കേരളയ്ക്ക്. ആഗോളതലത്തിലെ 18 നോമിനികളില്‍ നിന്ന് ഓണ്‍ലൈന്‍ വോട്ടിലൂടെയാണ് വിജയിയെ പ്രഖ്യാപിച്ചത്.

ഫാബ് അക്കാദമിയുടെ 2021-22 പരിശീലന പരിപാടിയില്‍ പങ്കെടുക്കുന്ന ഫാബ് ലാബുകളില്‍ നിന്നാണ് നോമിനികളെ തെരഞ്ഞെടുത്തത്. മസാച്യുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ ബിറ്റ്‌സ് ആന്‍ഡ് ആറ്റംസ് ഡയറക്ടറും ഫാബ് അക്കാദമി പ്രോഗ്രാം ഡയറക്ടറുമായ പ്രൊഫ. നീല്‍ ഗര്‍ഷെന്‍ഫീല്‍ഡാണ് ആഗോളതലത്തിലെ 18 അര്‍ഹരായ പ്രൊജക്ടുകളുടെ പട്ടിക തയ്യാറാക്കിയത്. തെരഞ്ഞെടുക്കപ്പെട്ടവര്‍ തങ്ങളുടെ മികച്ച ഉത്പന്നത്തിന്റെ വീഡിയോ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്യണം. ഇതില്‍ നിന്നും മികച്ചവയെ ഓണ്‍ലൈനായി തെരഞ്ഞെടുത്തു.

കേരളത്തിലെ ഫാബ് ലാബിലെ ഏബല്‍ ടോമിയാണ് പുരസ്‌ക്കാരാര്‍ഹമായ ഉത്പന്നം വികസിപ്പിച്ചെടുത്തത്. ഇന്റര്‍നെറ്റിന്റെയും മൊബൈല്‍ ആപ്പിന്റെയും സഹായത്തോടെ ഉപയോഗിക്കാവുന്ന ഉപകരണമാണിത്. നമ്മുടെ ആജ്ഞകള്‍ക്കനുസരിച്ച് സമയം അറിയുക ടോക്കണ്‍ നമ്പര്‍ കാണിക്കുക മുതലായ ആവശ്യങ്ങള്‍ക്കാണിതുപയോഗിക്കുന്നത്. ഗൂഗിള്‍ അസിസ്റ്റന്റ് ഉപയോഗിച്ചും ഇത് പ്രവര്‍ത്തിപ്പിക്കാനാകും.

സെപ്തംബര്‍ 27 ന് അമേരിക്കന്‍ സമയം രാവിലെ ഒമ്പതിന് ആരംഭിച്ച വോട്ടിംഗ് ഒക്ടോബര്‍ നാല് രാത്രി 11 മണിക്കവസാനിച്ചു. വോട്ടിംഗും വിധിപ്രഖ്യാപനവുമെല്ലാം ഇന്‍സ്റ്റാഗ്രാമിലൂടെ തന്നെയാണ് പ്രഖ്യാപിച്ചത്.

കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ കീഴിലാണ് ഫാബ് ലാബ് കേരള പ്രവര്‍ത്തിക്കുന്നത്. ഇതിന്റെ ഭാഗമായി തിരുവനന്തപുരത്തും കൊച്ചിയിലുമാണ് നിലവില്‍ ഫാബ് ലാബുകളുള്ളത്. ഇതില്‍ കൊച്ചിയിലേത് സൂപ്പര്‍ ഫാബ് ലാബാണ്.