സാങ്കേതികവിദ്യാധിഷ്ഠിത സേവനം കാര്യക്ഷമമാക്കാന്‍ ബാംബൂ എയര്‍വെയ്‌സ് – ഐബിഎസ് സഹകരണം

Posted on: October 6, 2021

തിരുവനന്തപുരം : വിയറ്റ്‌നാമിലെ സ്വകാര്യ വിമാനക്കമ്പനിയായ ബാംബൂ എയര്‍വേയ്‌സ്, ഉപഭോക്തൃ സേവനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ഐബിഎസ് സോഫ്റ്റ് വെയറിന്റെ പാസഞ്ചര്‍ സര്‍വീസ്, ലോയല്‍റ്റി മാനേജ്‌മെന്റ് സംവിധാനങ്ങള്‍ വിന്യസിച്ചു.

ബാംബൂ എയര്‍വെയ്‌സ് ജനുവരി 2019 ല്‍ പ്രവര്‍ത്തനം ആരംഭിച്ചതു മുതല്‍ ഐബിഎസ് സോഫ്റ്റ് വെയറിന്റെ പാസഞ്ചര്‍ സര്‍വീസ് സിസ്റ്റമായ ഐഫ്‌ളൈറെസ് പ്ലാറ്റ് ഫോം ഉപയോഗിച്ചു വരികയാണ്. ലോകത്തില്‍ ആദ്യമായി ന്യു ഡിസ്ട്രിബ്യൂഷന്‍ കേപ്പബിലിറ്റി മാനദണ്ഡമാക്കിയ പിഎസ്എസ് സംവിധാനമാണ് ഐഫ്‌ളൈറെസ് പ്ലാറ്റ് ഫോം. പാസഞ്ചര്‍ റിസര്‍വേഷന്‍, ഇന്‍വെന്ററി ഏകോപനം, യാത്രാ നിരക്ക്-ടിക്കറ്റിംഗ് നിര്‍ണ്ണയം, ഫ്‌ളൈറ്റ്-ഷെഡ്യൂള്‍ നിയന്ത്രണം, ഡിപ്പാര്‍ചര്‍ കണ്ട്രോള്‍ ടിക്കറ്റ് നിരക്ക് നിര്‍ണയം തുടങ്ങിയവയ്ക്ക് ഐഫ്‌ളൈറെസ് ഏറെ സഹായകമാണ്.

ഐഫ്‌ളൈറെസ് വിജയകരമായി തുടരുന്നതിന്റെ അടിസ്ഥാനത്തിലാണ് തങ്ങളുടെ ലോയല്‍റ്റി സംവിധാനമായ ബാംബൂ ക്ലബ്ബിന് ശക്തിപകരാന്‍ ഐബിഎസ് സോഫ്റ്റ് വെയറിന്റെ ഐഫ്‌ളൈ ലോയല്‍റ്റി പ്ലാറ്റ് ഫോം, ബാംബൂ എയര്‍വേയ്‌സ് തെരഞ്ഞെടുത്തിരിക്കുന്നത്. പ്രതിസന്ധികള്‍ അതിജീവിക്കുന്നതിനും ഉപഭോക്താക്കള്‍ക്ക് മികച്ച ഡിജിറ്റല്‍ അനുഭവം വാഗ്ദാനം ചെയ്യുന്നതിനും ഊന്നല്‍ നല്‍കി അതിവേഗം വളരുന്ന ബാംബൂ ക്ലബ്ബ് ലോയല്‍റ്റി പ്രോഗ്രാമിന് കരുത്തേകുന്നതിനാണിത്.

എമറാള്‍ഡ്, ഗോള്‍ഡ്, ഡയമണ്ട്, ഫസ്റ്റ് എന്നീ അംഗത്വ സ്‌കീമുകള്‍ ആണ് ബാംബൂ എയര്‍വേയ്‌സ് ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുന്നത്. ബാംബൂ എയര്‍വെയ്‌സിന്റെ എല്ലാ സേവനങ്ങള്‍ക്കുള്ള പോയിന്റുകള്‍, ബാംബൂ ക്ലബ്ബ് പങ്കാളികള്‍ വാഗ്ദാനം ചെയ്യുന്ന തെരഞ്ഞെടുത്ത സേവനങ്ങള്‍, ഫ്‌ളൈറ്റ് റദ്ദാക്കേണ്ടിവരുന്ന സാഹചര്യങ്ങളെ തുടര്‍ന്ന് പിന്നീട് നല്‍കുന്ന മുന്‍ഗണന, ബാംബൂ പ്ലസ് അല്ലെങ്കില്‍ ബാംബൂ ബിസിനസിന് സീറ്റ് തെരഞ്ഞെടുക്കുമ്പോഴുളള മുന്‍ഗണന തുടങ്ങിയ സൗകര്യങ്ങളും ലഭ്യമാക്കുന്നുണ്ട്.

വിയറ്റ്‌നാമിലെ കൊവിഡ് മഹാമാരി നിയന്ത്രണവിധേയമായി യാത്രാമേഖല സജീവമായ സാഹചര്യത്തില്‍ അമേരിക്ക, യൂറോപ്പ്, ഏഷ്യ പെസഫിക് മേഖലകളിലേക്ക് സേവനം വിപുലപ്പെടുത്തുന്നതിനോടൊപ്പം നാല്‍പതിലധികം വിമാനങ്ങളായി വളര്‍ച്ചനേടുകയാണ് ബാംബൂ എയര്‍വെയ്‌സിന്റെ ഈ വര്‍ഷത്തെ ലക്ഷ്യം. ഡിജിറ്റല്‍ ടച്ച് പോയിന്റുകള്‍ വര്‍ദ്ധിപ്പിക്കുക, വ്യക്തിഗതമാക്കുക തുടങ്ങിയ യാത്രികരുടെ താല്‍പര്യം പരിഗണിച്ചാണ് നൂതന സാങ്കേതിക വിദ്യ അവലംബിക്കുന്നത്.

വിമാനക്കമ്പനിയുടെ വിഭവങ്ങള്‍ ഏകീകരിക്കുന്നതിനും ഉപഭോക്താക്കളുടെ അനുഭവം മെച്ചപ്പെടുത്തുന്നതിനുമായി ബാംബൂ എയര്‍വെയ്‌സ് സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നതായി ബാംബൂ എയര്‍വെയ്‌സ് ഡെപ്യൂട്ടി ചീഫ് കൊമേഷ്യല്‍ ഓഫീസര്‍ ഹൊയാംഗ് എംഗ് ഗോക്താച്ച് പറഞ്ഞു. ഉപഭോക്താക്കള്‍ക്ക് പ്രാധാന്യം നല്‍കികൊണ്ട് അന്താരാഷ്ട തലത്തില്‍ പഞ്ചനക്ഷത്ര പദവിയുള്ള വിമാനക്കമ്പനിയാകുന്നതിന് നൂതന പ്രവര്‍ത്തന രീതി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

വിമാനവും ഉപഭോക്താക്കളുമായുള്ള വിനിമയങ്ങളെ പിന്തുണയ്ക്കുന്നതിനുള്ള വിമാനക്കമ്പനിയുടെ നട്ടെല്ലാണ് പാസഞ്ചര്‍ സര്‍വ്വീസ്സിസ്റ്റമെന്ന് ഐബിഎസ് സോഫ്റ്റ് വെയര്‍ ഏവിയേഷന്‍ പാസഞ്ചര്‍ സൊലൂഷന്‍സ് മേധാവി ഡേവിഡ് ഫ്രിഡെറിച്ചി പറഞ്ഞു. വിമാനക്കമ്പനിയെ സംബന്ധിച്ചിടത്തോളം മേഖലയിലെ അനുയോജ്യമായ പങ്കാളിയെ കണ്ടെത്തുക നിര്‍ണായക തീരുമാനമാണ്. പ്രവര്‍ത്തനങ്ങളെ പിന്‍താങ്ങുന്നതിനും മത്സരാധിഷ്ഠിത വിപണിയില്‍ ചുവടുറപ്പിക്കുന്നതിനും അനുയോജ്യമായ സഹകരണത്തിന് ബാംബൂ എയര്‍വെയ്‌സ് ഐബിഎസ് സോഫ്റ്റ് വെയറുമായി കൈകോര്‍ത്തതില്‍ അഭിമാനമുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

അതിവേഗം വിപുലമായിക്കൊണ്ടിരിക്കുന്ന ബാംബൂ എയര്‍വെയ്‌സിന്റെ ലോയല്‍റ്റി പ്രോഗ്രാമിനെ പിന്തുണയ്ക്കുന്നതില്‍ സന്തോഷമുണ്ട്. നൂതന പ്ലാറ്റ് ഫോമുകള്‍ ഐബിഎസ് സോഫ്റ്റ് വെയറിന്റെ സാങ്കേതികവിദ്യാമികവിന്റെ സാക്ഷ്യപ്പെടുത്തല്‍ മാത്രമല്ല, വിവിധ വിമാനക്കമ്പനികളുമായി സഹകരിച്ച് പ്രവര്‍ത്തിച്ച അനുഭവസമ്പത്തിന്റേയും പ്രതിബദ്ധതയുടേയും പ്രതിഫലനങ്ങളാണ്. ബാംബൂ എയര്‍വെയ്‌സ് വളര്‍ച്ചയുടെ പാതയിലാണ്. ഈ യാത്രയില്‍ ഭാഗമാകാന്‍ കഴിഞ്ഞതില്‍ ഐബിഎസ് സോഫ്റ്റ് വെയറിന് അഭിമാനമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

വിയറ്റ്‌നാമിലെ വ്യവസായ കൂട്ടായ്മയായ എഫ്എല്‍സി ഗ്രൂപ്പിലെ അംഗമായ ബാംബൂ എയര്‍വെയ്‌സ് പ്രീമിയം സര്‍വ്വീസുകള്‍ ഭേദപ്പെട്ട നിരക്കില്‍ ലഭ്യമാക്കുന്ന പഞ്ചനക്ഷത്ര കാരിയര്‍ ആണ്. നിലവില്‍ 60 പ്രാദേശിക റൂട്ടുകളിലാണ് സര്‍വ്വീസ് നടത്തുന്നത്. 2020ല്‍ എഴുപത് ലക്ഷം യാത്രികരാണ് ബാംബൂ എയര്‍വെയ്‌സിന്റെ സേവനം പ്രയോജനപ്പെടുത്തിയത്. വിപണിയിലെ 20 ശതമാനമാണിത്. ഈ വര്‍ഷം 30 ശതമാനം വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നത്.