ഒമാന്‍ എയറിന്റെ സ്റ്റാഫ് ട്രാവല്‍ പരിഷ്‌കരിക്കാന്‍ ഐബിഎസിന്റെ ‘ഐഫ്‌ളൈ സ്റ്റാഫ്’

Posted on: May 17, 2022

തിരുവനന്തപുരം : ഒമാന്‍ എയറിന്റെ സ്റ്റാഫ് ട്രാവല്‍ പ്രോഗ്രാം കാര്യക്ഷമമാക്കാന്‍ ഐബിഎസ് സോഫ്റ്റ് വെയറിന്റെ ‘ഐഫ്‌ളൈ സ്റ്റാഫ്’ ഉപയോഗപ്പെടുത്തുന്നു. പൂര്‍ണമായും ഓട്ടോമേറ്റഡ് ഡിജിറ്റല്‍ സംവിധാനമായ ഈ സ്വയം സേവന പ്ലാറ്റ് ഫോം ട്രാവല്‍ നയങ്ങള്‍ ആവിഷ്‌കരിക്കുന്നതിനും ജീവനക്കാരുടെ ഒഴിവുകാല-അവധിക്കാല യാത്രകള്‍ ബുക്ക് ചെയ്യുന്നതിനും ഏറെ ഫലപ്രദമാണ്.

ജീവനക്കാരുടെ യാത്രാആവശ്യങ്ങള്‍ അനായാസം കൈകാര്യം ചെയ്യുന്നതിനും സ്വയം സേവനം ലഭ്യമാക്കുന്നതിനുമാണ് അംഗീകാരങ്ങള്‍ സ്വന്തമാക്കിയിട്ടുള്ള ഒമാന്‍ എയര്‍ ഐബിഎസിന്റെ സോഫ്റ്റ് വെയര്‍ അധിഷ്ഠിത സേവനമായ ഐഫ്‌ളൈ സ്റ്റാഫ് പ്രയോജനപ്പെടുത്തുന്നത്. ഏകീകൃത ഡെസ്‌ക്ടോപ്പ് അധിഷ്ഠിത സേവനത്തില്‍ നിന്നും മാറി ആന്‍ഡ്രോയിഡ് / ഐഒഎസ് ഡിവൈസുകളിലൂടെ ഏതു ബ്രൗസറിലൂടേയും ഉപഭോക്താക്കള്‍ക്ക് സേവനം ലഭിക്കും.

വിരമിച്ചവര്‍ ഉള്‍പ്പെടെ മുഴുവന്‍ ജീവനക്കാരുടേയും യാത്ര, അനുബന്ധ ടിക്കറ്റിംഗ്, വാര്‍ഷിക ലീവ് ടിക്കറ്റിംഗ് എന്നിവയും സഹ കമ്പനികളായ ട്രാന്‍സോം കാറ്ററിംഗ്, ട്രാന്‍സോം ഹാന്‍ഡ് ലിംഗ്, ട്രാന്‍സോം സാറ്റ്‌സ് കാര്‍ഗോ എന്നിവയുടെ സ്റ്റാഫ് ടിക്കറ്റിംഗുമാണ് ഒമാന്‍ എയര്‍ കൈകാര്യം ചെയ്യുന്നത്.

നയങ്ങള്‍ സുഗമമായി അപ്‌ഡേറ്റ് ചെയ്യുന്നതിലൂടേയും പുതിയത് ആവിഷ്‌കരിക്കുന്നതിലൂടേയും നയമാറ്റത്തിനുള്ള സമയം ലഘൂകരിക്കുന്നതിന് നൂതന പ്ലാറ്റ് ഫോം സഹായകമാണ്. കഴിഞ്ഞ ആറുമാസമായി ഇതിന്റെ പിന്തുണ പ്രവര്‍ത്തന ക്ഷമതയില്‍ നിര്‍ണായക നേട്ടങ്ങള്‍ക്ക് കാരണമായി.

ജീവനക്കാരുടെ യാത്രാനുഭവങ്ങളില്‍ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ഐബിഎസ് സോഫ്റ്റ് വെയറുമായുള്ള പങ്കാളിത്തം തുണയായതായി ഒമാന്‍ എയര്‍ ഡിജിറ്റല്‍ വിഭാഗം സീനിയര്‍ വൈസ് പ്രസിഡന്റ് ഡോ. ഖാലിദ് അല്‍ സദ്ജാലി പറഞ്ഞു. ഇതിലൂടെ ജീവനക്കാര്‍ക്ക് വ്യക്തിഗത-കോര്‍പ്പറേറ്റ് യാത്രകള്‍ ലളിതമായി കൈകാര്യം ചെയ്യാന്‍ സാധിക്കും. യാത്രാ നയങ്ങള്‍ നിരന്തരം അപ്‌ഡേറ്റ് ചെയ്യുന്നത് ജീവനക്കാരുടെ സംതൃപ്തിക്ക് മാത്രമല്ല, കമ്പനിയുടെ പ്രവര്‍ത്തനക്ഷമതയ്ക്കും നേട്ടമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജീവനക്കാര്‍ക്കുള്ള സൗകര്യങ്ങള്‍ വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പുതിയ ട്രാവല്‍ സംവിധാനം നടപ്പിലാക്കിയതെന്ന് ഒമാന്‍ എയര്‍, പീപ്പിള്‍, സീനിയര്‍ വൈസ് പ്രസിഡന്റ് ഹിലാല്‍ അല്‍ സിയാബി പറഞ്ഞു. സ്വയം സേവന – മൊബൈല്‍ കേപ്പബിലിറ്റി സവിശേഷതകള്‍ ജീവനക്കാരുടെ ജോലിഭാരം കുറച്ച് മികച്ച യാത്രാനുഭവം ലഭ്യമാക്കാന്‍ സഹായിക്കുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

ജീവനക്കാര്‍ക്കും ഉപഭോക്താക്കള്‍ക്കും നൂതന സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് നിരന്തരം പരിശ്രമിക്കുന്ന ഒമാന്‍ എയര്‍ ടീമുമായി സഹകരിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് ഐബിഎസ് സോഫ്റ്റ് വെയര്‍ വൈസ് പ്രസിഡന്റും സ്റ്റാഫ് ട്രാവല്‍ മേധാവിയുമായ വിജയ് ചക്രവര്‍ത്തി പറഞ്ഞു. ജീവനക്കാര്‍ക്ക് മികച്ച യാത്രാനുഭവം പ്രദാനം ചെയ്യുന്നതു കൂടാതെ ഉപഭോക്താക്കള്‍ക്ക് സേവനങ്ങള്‍ ലളിതമായി ഉപയോഗപ്പെടുത്തുന്നതിനുള്ള അവസരവും ലഭ്യമാക്കി വിമാനക്കമ്പനിയുടെ ആഭ്യന്തര പ്രവര്‍ത്തനങ്ങളെ മെച്ചപ്പെടുത്തുന്നുണ്ട്. കൊവിഡ് 19 കാരണം യാത്രാ നിയന്ത്രണങ്ങള്‍ ഉണ്ടായിരുന്നതിനാല്‍ ഐഫ്‌ളൈ സ്റ്റാഫ് വിദൂരമായി വിന്യസിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.