ബാംബു എയര്‍, ഐബിഎസ് സോഫ്റ്റ് വെയറിനെ സേവനദാതാക്കളായി തെരഞ്ഞെടുത്തു

Posted on: June 29, 2023

 

തിരുവനന്തപുരം : വിയറ്റ്‌നാമിലെ സ്വകാര്യ വിമാനക്കമ്പനിയായ ബാംബു എയര്‍ തങ്ങളുടെ ലോയല്‍റ്റി പ്രോഗ്രാം വിപുലീകരിക്കുന്നതിന്റെ ഭാഗമായി ഐബിഎസ് സോഫ്റ്റ് വെയറിനെ സേവനദാതാക്കളായി തെരഞ്ഞെടുത്തു. ആഗോളതലത്തില്‍ പ്രതിവര്‍ഷം 16 ലക്ഷം ഉപഭോക്താക്കളാണു ബാംബു എയറിനുള്ളത്.

പ്രവര്‍ത്തനം 2019 ല്‍ തുടങ്ങിയതു മുതല്‍ ബാംബു എയര്‍ ഐബിഎസ് സോഫ്റ്റ് വെയറാണ് വ്യോമയാന പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നത്. കമ്പനിയുടെ ഫൈവ് സ്റ്റാര്‍ ലോയല്‍റ്റി പ്രോഗ്രാമായ ബാംബു ക്ലബ്ബിന്റെ സോഫ്റ്റ് വെയര്‍ സേവനങ്ങള്‍ക്കും ഐബിഎസിനെ തെരഞ്ഞെടുത്തിട്ടുണ്ട്. വിയറ്റ്‌നാമിലെ 22 വിമാനത്താവളങ്ങളില്‍ സര്‍വീസ് നടത്തുന്ന ബാംബു എയര്‍ ഉടന്‍ തന്നെ യൂറോപ്പ്, ഏഷ്യ, ഓസ്‌ട്രേലിയ എന്നിവടങ്ങളിലേക്കും സര്‍വീസ് ആരംഭിക്കും.

മികച്ച വാണിജ്യ വിജയം നേടുന്ന കമ്പനിയായി പരിണമിച്ചതില്‍ ഐബിഎസ് സോഫ്റ്റ് വെയറിന്റെ സഹകരണം നിര്‍ണായകമായിരുന്നുവെന്നു ബാംബൂ ക്ലബ്ബിന്റെ മേധാവി നിയം തി ഹ്വാ പറഞ്ഞു.

ആഗോള വ്യോമയാനരംഗത്ത് ചുവടുറപ്പിച്ച ബാംബു എയറുമായുള്ള സഹകരണം ആഹ്ലാദം പകരുന്നതാണെന്ന് ഐബിഎസ് സോഫ്റ്റ് വെയറിന്റെ ലോയല്‍റ്റി മാനെജ്മന്റ് സൊല്യൂഷന്‍സ് മേധാവി മാര്‍ക്ക് പഫര്‍ പറഞ്ഞു.