വിദ്യാര്‍ത്ഥികള്‍ക്ക് സാങ്കേതികമികവിന്റെ മാറ്റുരയ്ക്കാം, സ്റ്റാര്‍ട്ടപ്പ് മിഷന്റെ ഐപിഎല്ലിലൂടെ

Posted on: September 30, 2021

കൊച്ചി : നൂതനത്വം, സാങ്കേതികത, സംരംഭകത്വം എന്നീ മേഖലകളില്‍ താത്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ക്കായി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ ഇനോവേറ്റേഴ്സ് പ്രീമിയര്‍ ലീഗ് ആരംഭിച്ചു. ഡിജിറ്റല്‍ ഹബിന്റെ ഉദ്ഘാടന വേളയില്‍ മുഖ്യമന്ത്രി പ്രഖ്യാപിച്ച ഐപിഎല്ലിലൂടെ സംസ്ഥാനത്തെ ഐഇഡിസികള്‍ക്ക് അസുലഭ അവസരമാണ് കൈവന്നിരിക്കുന്നത്.

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് നടക്കുന്ന ഇനോവേഷന്‍ ആന്‍ഡ് ഒണ്‍ട്രപ്രണര്‍ഷിപ്പ് ഡെവലപ്മന്റ് സെന്ററുകള്‍(ഐഇഡിസി) വഴിയാണ് ഐപിഎല്‍ സംഘടിപ്പിക്കുന്നത്. സെപ്തംബര്‍ 18ന് ആരംഭിച്ച മത്സരങ്ങള്‍ ഈ വര്‍ഷം ഡിസംബര്‍ 30 ന് അവസാനിക്കും. മത്സരങ്ങളില്‍ വിജയികളാകുന്നവര്‍ക്ക് ധനസഹായം, വിദഗ്ധോപദേശം, ആധുനിക സാങ്കേതികവിദ്യാപരിശീലനം, ബൗദ്ധിക സ്വത്തവകാശ സഹായം എന്നിവ സ്റ്റാര്‍ട്ടപ്പ് മിഷന്‍ നല്‍കും.

കോളേജ് തലത്തിലും മേഖലാ തലത്തിലും പിന്നീട് സംസ്ഥാനതലത്തിലുമാണ് ഐപിഎല്‍ മത്സരങ്ങള്‍ നടക്കുന്നത്. താത്പര്യമുള്ള ഐഇഡിസികള്‍ക്ക് https://iedc.startupmission.in/ipl എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കാം.

സ്റ്റാര്‍ട്ടപ്പുകളുടെ പ്രധാന ഘടകങ്ങളായ നൂതനത്വം, സാങ്കേതികത്വം, സംരംഭകത്വം എന്നിവയിലടിസ്ഥാനമായാണ് ഐപിഎല്‍ സംഘടിപ്പിക്കുന്നത്. വിവിധ വെല്ലുവിളികള്‍, ഹാക്കത്തോണുകള്‍, ഐഡിയാത്തോണ്‍, നൂതനത്വ പ്രദര്‍ശനങ്ങള്‍, സ്റ്റാര്‍ട്ടപ്പ് ബൂട്ട് ക്യാമ്പുകള്‍, ഐടോക്സ് എന്നിവ ഐപിഎല്ലില്‍ ഉണ്ടാകും. സംസ്ഥാനത്തു നിന്നും മികച്ച കഴിവുകളുള്ള 1000 വിദ്യാര്‍ത്ഥികളെ കണ്ടെത്തുകയെന്നതാണ് ഇതില്‍ നിന്നും ഉദ്ദേശിക്കുന്നതെന്ന് സ്റ്റാര്‍ട്ടപ്പ് മിഷന്‍ വൃത്തങ്ങള്‍ അറിയിച്ചു.

2022 ല്‍ നടക്കാന്‍ പോകുന്ന ഐഇഡിസി ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനുള്ള അധിക പോയിന്റുകള്‍ ഐപിഎല്‍ പങ്കാളിത്തത്തോടെ ഐഇഡിസികള്‍ക്ക് ലഭിക്കും. നാല് മാസത്തെ ഈ മത്സരത്തില്‍ മുമ്പിലെത്തുന്ന ആദ്യ 100 പേര്‍ക്ക് നൂതനത്വ ധനസഹായം ലഭിക്കും. ഇതിനു പുറമേ 1000 മികച്ച നൂതനാശയങ്ങളുള്ളവര്‍ക്ക് വിദഗ്ധോപദേശം, വാണിജ്യബന്ധങ്ങള്‍ക്ക് സഹായം എന്നിവയും നല്‍കുന്നുണ്ട്. മികച്ച 100 ആശയങ്ങള്‍ ഐഇഡിസി ഉച്ചകോടിയില്‍ പ്രദര്‍ശിപ്പിക്കാനും അവസരമുണ്ടാകും.

വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ഐഇഡിസികളുടെ പ്രവര്‍ത്തനം പ്രചരിപ്പിക്കുക, ആശയങ്ങള്‍ സംരംഭങ്ങളാക്കുന്നതിനുള്ള വിദഗ്ധോപദേശം ലഭ്യമാക്കുക, കൂടുതല്‍ സംരംഭങ്ങള്‍ തുടങ്ങുന്നതിനുള്ള ആത്മവിശ്വാസം നല്‍കുക തുടങ്ങിയവയാണ് ഐപിഎല്ലിലൂടെ സ്റ്റാര്‍ട്ടപ്പ് മിഷന്‍ ലക്ഷ്യം വയ്ക്കുന്നത്.

ഐഇഡിസികള്‍ കോളേജ് തലത്തിലും പിന്നീട് മേഖലാതലത്തിലുമാണ് മത്സരിക്കേണ്ടത്. ബൂട്ട് ക്യാമ്പ്, പരിശീലന പരിപാടികള്‍, സ്റ്റാര്‍ട്ടപ്പ് തുടക്കങ്ങള്‍, ബൗദ്ധിക സ്വത്തവകാശം എന്നിവ സംഘടിപ്പിച്ച് ഐഇഡിസികള്‍ക്ക് പോയിന്റുകള്‍ സ്വന്തമാക്കാം.