ലാറ്റാം എയര്‍ലൈന്‍സിന്റെ ഫ്‌ളൈറ്റ് ഓപ്പറേഷനുകള്‍ നിര്‍വ്വഹിക്കാന്‍ ഐബിഎസിന്റെ ഐഫ്‌ളൈറ്റ് സോഫ്റ്റ് വെയര്‍

Posted on: March 18, 2021

തിരുവനന്തപുരം : ലാറ്റിന്‍ അമേരിക്കയിലെ ഏറ്റവും വലിയ എയര്‍ലൈനായ ലാറ്റാം എയര്‍ലൈന്‍സിന്റെ ആഗോള ഫ്‌ളൈറ്റ് ഓപ്പറേഷനുകള്‍ ഐബിഎസ് സോഫ്റ്റ് വെയറിന്റെ ഐഫ്‌ളൈറ്റ് എന്ന പ്ലാറ്റ്‌ഫോമിലേക്ക്. തങ്ങളുടെ എല്ലാ സ്പാനിഷ് വിമനങ്ങളിലും ചിലി, കൊളംബിയ, പെറു, ഇക്വഡോര്‍, ബ്രസീല്‍ തുടങ്ങിയ മേഖലകളിലെ കാര്‍ഗോ വിമാനങ്ങളിലും ഐഫ്‌ളൈറ്റിന്റെ ഓപ്‌സ്, ക്രൂ എന്നീ മോഡ്യൂളുകള്‍ ഉപയോഗിച്ചു വരികയായിരുന്നു ലാറ്റാം.

ഈയിടെ കൂടുതല്‍ പ്രവര്‍ത്തനമികവോടെ ഐബിഎസ് നവീകരിച്ച ഐഫ്‌ളൈറ്റിന്റെ ആദ്യ ഉപഭോക്താവാണ് ലാറ്റാം. പ്രവര്‍ത്തനം, ജീവനക്കാരുടെ കാര്യക്ഷമത, ഹബ് മാനേജ്‌മെന്റ് എന്നിവ മെച്ചപ്പെടുത്തുന്നതിനുള്ള മൂന്നു പ്രത്യേക മോഡ്യൂളുകളുള്ള സമ്പൂര്‍ണ സംയോജിത ടെക്‌നോളജി പ്ലാറ്റ്‌ഫോമായ ഐഫ്‌ളൈറ്റ് പ്രവര്‍ത്തന ഉള്‍ക്കാഴ്ചയും മാനേജ്‌മെന്റ് പ്രവര്‍ത്തനക്ഷമതയും പ്രദാനം ചെയ്യുന്ന പ്രഥമ കമ്പനിയായി ഐബിഎസ് സോഫ്റ്റ് വെയറിനെ മാറ്റുന്നു.

ഐഫ്‌ളൈറ്റ് നടപ്പാക്കുന്നതിലൂടെ ലാറ്റാമിന്റെ സിസ്റ്റം ഓപ്പറേഷന്‍സ് ടീമിന് പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നതിനും ക്രൂ മാനേജ്‌മെന്റിനും വിവരകേന്ദ്രീകൃത തീരുമാനങ്ങള്‍ അറിയിക്കുന്നതിനും ഒരൊറ്റ സംയോജിത പ്ലാറ്റ്‌ഫോം മതിയാകും. ബാഹ്യ ഘടകങ്ങളാല്‍ തത്സമയം വിമാനത്തിനുണ്ടാകുന്ന തടസ്സങ്ങളോട് പ്രതികരിക്കുന്നതിനും ഉപഭോക്തൃസേവനം മെച്ചപ്പെടുത്തുന്നതിനും കാലതാമസവും തടസ്സങ്ങളും റദ്ദാക്കലുകളും കുറയ്ക്കുന്നതിനും ലാറ്റാം ഗ്രൂപ്പിന് ഏകീകൃക സംവിധാനത്തിലൂടെ സാധിക്കും.

സാമ്പത്തിക മെച്ചം വിലയിരുത്തുന്നതിനും അധിക പ്രവര്‍ത്തന ചെലവ് കുറയ്ക്കുന്നതിനും ഐഫ്‌ളൈറ്റിന്റെ സംയോജിതച്ചെലവും കെപിഐ നിരീക്ഷണ ശേഷിയും സഹായകമാകും. വിവിധ തലത്തിലുള്ള മാറ്റങ്ങളുടെ ഭാഗമായി ഈ വര്‍ഷം പിന്നീട് ലാറ്റാം ബ്രസീലും ലാറ്റാം പരാഗ്വേയും ഐഫ്‌ളൈറ്റ് ഉപയോഗിക്കും.

കാര്യക്ഷമതയില്ലായ്മ കുറച്ച് ചെലവ് ചുരുക്കുന്നതിനുള്ള വന്‍സമ്മര്‍ദ്ദമാണ് ആഗോള മഹാമാരി വിമാനക്കമ്പനികളില്‍ അടിച്ചേല്‍പ്പിച്ചത്. മഹാമാരിയില്‍ മുന്നോട്ടു പോകുന്നതിനാല്‍ വിമാനക്കമ്പനികള്‍ക്ക് സക്രിയമായ വിവരനിയന്ത്രിത പ്രവര്‍ത്തനതന്ത്രങ്ങള്‍ അനിവാര്യമാണ്. അപ്രകാരം മാത്രമേ കാലതാമസം, മാറ്റങ്ങള്‍, റദ്ദാക്കലുകള്‍ നിരന്തരമല്ലാത്ത പ്രവര്‍ത്തനങ്ങള്‍ എന്നിവയില്ലാതെ പ്രവര്‍ത്തനം മെച്ചപ്പെടുത്തി നിലനിര്‍ത്താനാകൂ. പദ്ധതികള്‍ യാദൃശ്ചികമായി വിജയകരമായി നടപ്പിലാക്കുന്നതിനും നഷ്ടങ്ങളുടെ ആഘാതം കുറയ്ക്കുന്നതിനും സംയോജിത പരിഹാരങ്ങള്‍ വിമാനക്കമ്പനികളെ തുണയ്ക്കും. ബിനിസസ് മാതൃകകളെക്കുറിച്ചും പ്രവര്‍ത്തന ലക്ഷ്യങ്ങളെക്കുറിച്ചും തന്ത്രപരമായ തീരുമാനം എടുക്കുന്നതിന് ഐഫ്‌ളൈറ്റ് ലാറ്റാം ഓപ്പറേഷന്‍സ് ടീമിനെ പര്യാപ്തമാക്കും.

മാറ്റങ്ങളിലൂടെ മേഖലയിലെ നൂതന സാങ്കേതികവിദ്യയെ പരമാവധി പ്രയോജനപ്പെടുത്തി കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനും സമയക്രമം മെച്ചപ്പെടുത്തി യാത്രക്കാരുടെ ക്ഷേമം ഉറപ്പാക്കുന്നതിനും സാധിക്കുമെന്ന് ലാറ്റാം എയര്‍ലൈന്‍സ് ഗ്രൂപ്പ് ചീഫ് ഓപ്പറേഷന്‍സ് ഓഫീസര്‍ ഹെര്‍നാന്‍ പാസ്മാന്‍ പറഞ്ഞു.

ലാറ്റാമിന്റെ ഡിജിറ്റല്‍ പരിവര്‍ത്തനത്തിലെ സുപ്രധാന നാഴികക്കല്ലാണ് ഐഫ്‌ളൈറ്റ് നടപ്പാക്കലെന്ന് ഐബിഎസ് സോഫ്റ്റ് വെയര്‍ എയര്‍ലൈന്‍സ് ഓപ്പറേഷന്‍സ് മേധാവി മാത്യു എം ബേബി പറഞ്ഞു. വിമാനക്കമ്പനികള്‍ പ്രവര്‍ത്തനങ്ങളിലും ജീവനക്കാരുടെ വിന്യാസത്തിലും യാത്രക്കാരുടെ അനുഭവം വര്‍ദ്ധിപ്പിക്കുന്നതിലും മുതല്‍മുടക്കിയില്ലെങ്കില്‍ ഡിജിറ്റല്‍വത്ക്കരണം കൊണ്ടുമാത്രം കാര്യമില്ല. നൂതനത്വത്തിലൂന്നി നിരന്തരം മാറിക്കൊണ്ടിരിക്കുന്ന വിപണികള്‍ക്കാവശ്യമായ സാങ്കേതികവിദ്യ വിമാനക്കമ്പനികള്‍ക്ക് പ്രദാനം ചെയ്യുന്നതില്‍ ഐബിഎസ് സോഫ്റ്റ് വെയര്‍ പ്രതിബദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി.

വിശദവിവരങ്ങള്‍ iFlight ലിങ്കില്‍ ലഭ്യമാണ്.

TAGS: IBS Software |