സംസ്ഥാന ബജറ്റിലെ സ്റ്റാര്‍ട്ടപ്പ് സൗഹൃദ പ്രഖ്യാപനങ്ങള്‍ വിദ്യാര്‍ത്ഥി സമൂഹം പ്രയോജനപ്പെടുത്തണം- ഡോ. സജി ഗോപിനാഥ്

Posted on: February 1, 2021

കൊച്ചി : പ്രതിസന്ധികളിലൂടെയാണ് നൂതനാശയങ്ങള്‍ പിറവി കൊള്ളുന്നതെന്ന പ്രഖ്യാപനം നടത്തി ഐഇഡിസി ഉച്ചകോടി സമാപിച്ചു. സംസ്ഥാന ബജറ്റിലും കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന നയങ്ങളിലുമുള്ള സ്റ്റാര്‍ട്ടപ്പ് സൗഹൃദ നിര്‍ദ്ദേശങ്ങള്‍ കേരളത്തിലെ വിദ്യാര്‍ത്ഥി സമൂഹം പ്രയോജനപ്പെടുത്തണമെന്ന് സംസ്ഥാനത്തെ ഡിജിറ്റല്‍ സയന്‍സ് ഇനോവേഷന്‍ ആന്‍ഡ് ടെക്‌നോളജി സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ഡോ. സജി ഗോപിനാഥ് പറഞ്ഞു.

കാലടി ആദിശങ്കര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്‍ജിനീയറിംഗ് ആന്‍ഡ് ടെക്‌നോളജിയുമായി ചേര്‍ന്ന് കേരള സ്റ്റാര്‍ട്ടപ് മിഷന്‍ സംഘടിപ്പിച്ച ഏഷ്യയിലെ ഏറ്റവും വലിയ വിദ്യാര്‍ത്ഥി സംരംഭക ഉച്ചകോടിയായ ഇനോവേഷന്‍ ഒണ്‍ട്രപ്രണര്‍ഷിപ്പ് ഡെവലപ്മന്റ് സെന്ററിന്റെ (ഐഇഡിസി 2021) സമാപന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൊവിഡ് പ്രതിസന്ധി കാരണം ഐഇഡിസി സമ്മേളനത്തിന്റെ അഞ്ചാം ലക്കം ഓണ്‍ലൈനായാണ് നടത്തിയത്. വിദ്യാര്‍ത്ഥികളും യുവസംരംഭകരുമടക്കം 4000 ലധികം പേര്‍ മൂന്നു ദിവസം നീണ്ടു നിന്ന സമ്മേളനത്തില്‍ പങ്കെടുത്തു. ആദിശങ്കര കോളേജിലെ വിദ്യാര്‍ത്ഥികള്‍ നിര്‍മ്മിച്ച വെംപ് എന്ന ഓണ്‍ലൈന്‍ വീഡിയോ ആപ് വഴിയായിരുന്നു സമ്മേളനം സംഘടിപ്പിച്ചത്. സ്റ്റാര്‍ട്ടപ്പ് മെന്റര്‍ഷിപ്പ് ഫോര്‍ ഇനോവേഷന്‍, ലേണിംഗ് ആന്‍ഡ് ഒണ്‍ട്രപ്രണര്‍ഷിപ്പ് (സ്‌മൈല്‍) പദ്ധതിയും ഉച്ചകോടിയില്‍ ഉദ്ഘാടനം ചെയ്തു.

വിവിധ മേഖലകളില്‍ നിന്നായി 30 ഓളം വിദഗ്ധരാണ് ഉച്ചകോടിയില്‍ വിവിധ വിഷയങ്ങളില്‍ സംസാരിച്ചത്. ഉച്ചകോടിയുടെ ഉദ്ഘാടനം വ്യാഴാഴ്ച ആഭ്യന്തര-വിജിലന്‍സ്-ജലവിഭവ-തീരദേശ വകുപ്പ് അഡി. ചീഫ് സെക്രട്ടറി ടി കെ ജോസ് ഐഎഎസ് നിര്‍വഹിച്ചു. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സിഇഒ ശശി പിലാച്ചേരി മീത്തല്‍, ശാസ്ത്രസാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ഡോ, രാജശ്രീ എം എസ് തുടങ്ങിയ പ്രമുഖരും ത്രിദിന പരിപാടിയില്‍ സംബന്ധിച്ചു.

‘പ്രതിസന്ധികാലത്തെ നൂതനത്വ ആശയങ്ങളും സര്‍ഗാത്മകതയും’ എന്നതായിരുന്നു ഐഇഡിസി അഞ്ചാം ലക്കത്തിന്റെ പ്രമേയം. ഉച്ചകോടിയിലെ ചര്‍ച്ചയും വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച ആശയങ്ങളുമെല്ലാം ഈ പ്രമേയത്തിന്റെ ചുവടു പിടിച്ചായിരുന്നു. ലോകത്ത് അതിവേഗം മാറിക്കൊണ്ടിരിക്കുന്ന സാങ്കേതിക വിദ്യയുടെ വൈവിദ്ധ്യങ്ങളും മുന്നേറ്റങ്ങളും വിദ്യാര്‍ത്ഥികള്‍ക്ക് മുന്നിലെത്തിക്കാന്‍ ഉച്ചകോടിയിലൂടെ കഴിഞ്ഞു.

എക്‌സ്റ്റെന്റഡ് റിയാലിറ്റി, ബ്ലോക്ക് ചെയിന്‍, സ്റ്റാര്‍ട്ടപ്പ് എക്‌സ്‌പോ, പാനല്‍ ചര്‍ച്ചകള്‍, ഗഹനമായ ചര്‍ച്ചകള്‍, വിവിധ സാങ്കേതിക സമൂഹങ്ങളുമായുള്ള ആശയവിനിമയം എന്നിവ ഐഇഡിസി ഉച്ചകോടിയിലുണ്ടായിരുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളുടെ നൂതനാശയങ്ങളും മാതൃകകളും അടങ്ങിയ വെര്‍ച്വല്‍ പ്രദര്‍ശനം ഏറെ ശ്രദ്ധയാകര്‍ഷിച്ചു. സാങ്കേതിക പരിജ്ഞാനവും നൈപുണ്യവും വികസിപ്പിക്കുന്നതിനുള്ള ആശയങ്ങള്‍ കോര്‍പറേറ്റ് മേധാവികളും സാങ്കേതിക വിദഗ്ധരുമായി നേരിട്ട് ചര്‍ച്ച ചെയ്യാനുള്ള അവസരവും വിദ്യാര്‍ത്ഥികള്‍ക്ക് മുതല്‍ക്കൂട്ടായി.

ഐഇഡിസി പോലുള്ള വേദികളിലൂടെ സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ പടുത്തുയര്‍ത്തുകയും അതിലൂടെ ഉന്നത വിജയം കൈവരിച്ച സംരംഭകരുമായി നേരിട്ടുള്ള അനുഭവങ്ങള്‍ പങ്കുവയ്ക്കുന്ന സെഷനും വിദ്യാര്‍ത്ഥികള്‍ക്ക് ആത്മവിശ്വാസം പകരുന്നതായി. വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ ആശയാവതരണം, പോസ്റ്റര്‍ ഡിസൈനിംഗ്, തുടങ്ങിയ മത്സരങ്ങളിലെ വിജയികളെ ഡോ. സജി ഗോപിനാഥ് പ്രഖ്യാപിച്ചു.