അണുവിമുക്തമാക്കാനുള്ള ഉപകരണവുമായി ദേവാദിടെക്

Posted on: May 31, 2020

കൊച്ചി : പച്ചക്കറി മുതൽ മാസ്‌ക്, മൊബൈൽഫോൺ, ലാപ്‌ടോപ്പ് തുടങ്ങി എന്തും അൾട്രാവയലറ്റ് രശ്മികൾ ഉപയോഗിച്ച് അണുവിമുക്തമാക്കാനുള്ള ഉപകരണം കൊച്ചിയിലെ മേക്കർവില്ലേജ് വികസിപ്പിച്ചു. ഐക്യരാഷ്ട്രസഭയുടെ മാസ്റ്റർ പ്ലാൻ ഇനിഷ്യേറ്റീവുമായി സഹകരിച്ച് മേക്കർവില്ലേജിലെ ദേവാദിടെക് കമ്പനിയാണ് ലുമോസ് എന്ന ഉപകരണം വികസിപ്പിച്ചെടുത്തത്.

സാർസ്, എച് വൺ എൻ വൺ, ഫ്‌ളൂ തുടങ്ങിയ ബാക്ടീരിയ, വൈറസ് ബാധിതമായ എല്ലാ വസ്തുക്കളെയും ലുമോസ് അണുവിമുക്തമാക്കും. താരതമ്യേന കുറവ് ശക്തിയുള്ള രോഗഹേതുക്കളായ പൂപ്പൽ, ബാക്ടീരിയ എന്നിവയെയും ലുമോസ് നശിപ്പിക്കും.ആരോഗ്യപ്രവർത്തകരുടെ മൊബൈൽ ഫോൺ, വാച്ചുകൾ, കണ്ണട, സ്റ്റെതസ്‌ക്കോപ്പ്, എൻ 95 മാസ്‌ക് തുടങ്ങിയവ വളരെ പെട്ടന്ന് ലുമോസ് ഉപയോഗിച്ച് അണുവിമുക്തമാക്കാം.

കോവിഡ് രോഗികളെ ശുശ്രൂഷിക്കുന്നവർക്ക് നിലവിൽ നിരവധി ലുമോസ് യൂണിറ്റുകൾ ദേവാദിടെക് ഇതിനകം നൽകാൻ തീരുമാനിച്ചു കഴിഞ്ഞു. കോവിഡ് ഏറ്റവുമധികം ബാധിച്ച മാലി, ഇക്വഡോർ, സിംബാബ്വേ, ഘാന, ഹെയ്തി എന്നീ രാജ്യങ്ങളിലേക്കും ലുമോസ് കയറ്റി അയക്കും.

രാജ്യത്തിനകത്തും പുറത്തു നിന്നും ലുമോസിന് നിരവധി ഓർഡറുകൾ ലഭിച്ചിട്ടുണ്ടെന്ന് ദേവാദിടെകിന്റെ ഡയറക്ടർ സുമിത് സി മോഹൻ പറഞ്ഞു. ആദ്യ ഓർഡറുകൾക്കുള്ള ഉപകരണങ്ങൾ അയച്ചു കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു. രാജീവ് ഗാന്ധി സെൻറർ ഫോർ ബയോടെക്‌നോളജിയുടെ കൊച്ചിയിലെ കേന്ദ്രത്തിലാണ് ലുമോസിന്റെ ടെസ്റ്റുകൾ നടത്തിയത്. ഊർജ്ജഉപഭോഗം ഏറെ കുറയ്ക്കുന്ന ലളിതമായ ഘടനയാണ് ലുമോസിനെ വ്യത്യസ്തമാക്കുന്നതെന്ന് മേക്കർവില്ലേജ് സിഇഒ പ്രസാദ് ബാലകൃഷ്ണൻ നായർ പറഞ്ഞു. കോവിഡിനെതിരെ സാമൂഹ്യപ്രതിരോധ ശേഷി കൈവരിക്കുന്നതിൽ ഇത് ഏറെ സഹായകരമാകുമെന്നും അദ്ദേഹം പറഞ്ഞു.

വിദഗ്ധരായ ഡോക്ടർമാർ, ആരോഗ്യ സാങ്കേതികവിദഗ്ധർ, എൻജിനീയർമാർ തുടങ്ങിയവരുടെ കൂട്ടായ പ്രയത്‌നത്തിൻറെ ഫലമാണ് ഈ അൾട്രാവയലറ്റ് അണുനശീകരണി. അൾട്രാവയലറ്റ് ജെർമ്മിസൈഡൽ ഇറേഡിയേഷൻ സാങ്കേതിക വിദ്യയാണ് ഈ ഉപകരണം ഉപയോഗിക്കുന്നത്. ഓവന് സമാനമായ രൂപകൽപ്പനയിലുള്ള ഈ ഉപകരണത്തിലൂടെ കുറഞ്ഞ സമയത്തിനുള്ളിൽ 100 ശതമാനം രോഗാണുക്കളെയും നശിപ്പിക്കാം. ആശുപത്രികളിൽ ഉപയോഗിക്കുന്ന സമാനമായ ഉപകരണങ്ങളിൽ നിന്ന് വിഭിന്നമായി ലുമോസ് കൂടുതൽ സുസ്ഥിരവും ദോഷരഹിതവുമാണ്.

സജീവമല്ലാത്ത രോഗഹേതുക്കളെയും ഇതിൻറെ അൾട്രാവയലറ്റ് രശ്മികൾ നശിപ്പിക്കുന്നു. വളരെ പെട്ടന്നും ഉപയോഗിക്കാൻ എളുപ്പമുള്ളതുമായ ഈ ഉപകരണത്തിൽ രാസവസ്തുക്കൾ ഉപയോഗിക്കാത്തതിനാൽ ദോഷരഹിതമാണ്.

വൈദ്യാവശ്യങ്ങൾക്ക് മാത്രമായല്ല ലുമോസ് ഉപയോഗിക്കാവുന്നത്. ഓഫീസുകളിലും ഗാർഹികമായും ലുമോസ് ഉപയോഗിക്കാം. പലചരക്ക്, പച്ചക്കറി, നിത്യജീവിതത്തിലെ ഉപയോഗവസ്തുക്കൾ തുടങ്ങി ഇതിന് ഗാർഹിക ഉപയോഗവും ഏറെയാണ്. കൊണ്ടു നടക്കാവുന്നതും ബാറ്ററിയിൽ പ്രവർത്തിക്കുന്നതുമായ ചെലവ് കുറഞ്ഞ മോഡലും കമ്പനി പുറത്തിറക്കിയിട്ടുണ്ട്.