പനി പരിശോധിക്കുന്ന ഡ്രോണുമായി എഐ ഏരിയൽ ഡൈനാമിക്‌സ്

Posted on: April 18, 2020

കൊച്ചി : സ്റ്റാർട്ടപ്പ് കമ്പനിയായ എഐ ഏരിയൽ ഡൈനാമിക്‌സ് മനുഷ്യ ഇടപെടൽ ഇല്ലാതെ നിർമ്മിത ബുദ്ധിയുപയോഗിച്ച് ശരീരോഷ്മാവടക്കമുള്ള നിരീക്ഷണം, അടിയന്തര വസ്തുക്കൾ എത്തിക്കൽ, അണുനാശിനി തളിക്കൽ എന്നിവ കൈകാര്യം ചെയ്യുന്ന ഡ്രോൺ – ഗരുഡ് വികസിപ്പിച്ചു. വിഷ്ണു വി നാഥ് നേതൃത്വം നൽകുന്ന കളമശേരി മേക്കർവില്ലേജിലെ സ്റ്റാർട്ടപ്പ് സംരംഭമാണ് അൺമാൻഡ് ഏരിയൽ വെഹിക്കിൾ വിഭാഗത്തിൽ പെട്ട ഡ്രോൺ വികസിപ്പിച്ചത്. തദ്ദേശീയമായി നിർമ്മിച്ച ഗരുഡ് ഇറക്കുമതി ചെയ്ത ഡ്രോണുകളേക്കാൾ മികച്ചതുമാണ്.

അടച്ചിടലിനെത്തുടർന്ന് റോഡുകൾ ഇടവഴികൾ, വാസസ്ഥലങ്ങൾ, വിമാനത്താവളം എന്നിവിടങ്ങളിൽ നിർമ്മിത ബുദ്ധി ഉപയോഗിച്ച് നിരീക്ഷണം നടത്താൻ ഗരുഡിനാകും. തെർമ്മൽ ഡാറ്റാ സമ്പാദനം, എഡ്ജ് സാങ്കേതിക വിദ്യ എന്നിവ ഉപയോഗിച്ച് ഈയിടങ്ങളിലെ കൊവിഡ്-19 ഉൾപ്പെടെയുള്ള പകർച്ച വ്യാധികളുടെ വ്യാപനം അറിയാൻ സാധിക്കും. ലോക്ഡൗൺ കാര്യക്ഷമമായി നടപ്പാക്കുന്നതിന് വിവിധ ഡ്രോണുകളുമായി കേരള പോലീസിനെ സഹായിച്ചതും ഗരുഡാണ്.

അടിയന്തര ഘട്ടങ്ങളിൽ മനുഷ്യ ഇടപെടലില്ലാതെ സ്രവങ്ങളുടെയും മറ്റ് പരിശോധനകൾക്കായുള്ള സാംപിളുകൾ ശേഖരിക്കാം. 60 കിലോയോളം ഭാരം വഹിക്കാനാവുന്നതിനാൽ നഗര മേഖലകളിൽ അവശ്യ സാധന വിതരണത്തിനും ഇതുപയോഗിക്കാവുന്നതാണ്. വിശാലമായ സ്ഥലത്ത് ആകാശത്തു നിന്നു തന്നെ അണുനാശിനി തളിക്കാനുള്ള ആധുനിക സ്‌പ്രേയർ സംവിധാനവും ഇതിനുണ്ട്. ഗരുഡിലുള്ള സ്പീക്കറിലൂടെ പൊതുജനങ്ങൾക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകാനും സാധിക്കും.

നിർമ്മിത ബുദ്ധിയുപയോഗിക്കുന്ന എൻജിൻ, ഹൈ റെസല്യൂഷണിലുള്ള ക്യാമറ, ഭാരം വഹിക്കൽ, മൈക്രോ സ്‌പ്രേയർ, തെർമൽ സ്‌കാനർ, എന്നിവ സാധ്യമാകുമെന്ന് കമ്പനി സിഇഒയും സ്ഥാപകനുമായ വിഷ്ണു വി നാഥ് പറഞ്ഞു. ഒരു സെൻറീമീറ്ററിലുള്ള കാര്യങ്ങൾ പോലും തിരിച്ചറിയാനുള്ള ശേഷി ഈ ഡ്രോണിനെ വ്യത്യസ്തമാക്കുന്നു. ക്യാമറയിലെ ദൃശ്യങ്ങൾ തത്സമയം ഓപ്പറേറ്റിംഗ് കേന്ദ്രത്തിൽ റെക്കോർഡ് ചെയ്യപ്പെടും. ബാറ്ററി തീർന്നാലോ റേഞ്ച് പോയാലോ ഓട്ടോമാറ്റിക്കായി യാത്രയാരംഭിച്ച സ്ഥലത്തു തന്നെ തിരികെയെത്തും. രണ്ടര മണിക്കൂറാണ് ബാറ്ററിയുടെ ശേഷി. ടേക്ക് ഓഫ് മുതൽ ലാൻഡിംഗ് വരെ പൂർണമായും ഓട്ടോമേഷനിലാണ് ഡ്രോൺ പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തെ ഏറ്റവും വലിയ ഇലക്ട്രോണിക് ഹാർഡ്‌വേർ ഇൻകുബേറ്ററായ മേക്കർവില്ലേജിന്റെ സഹായത്തോടെ പ്രതിരോധ ഗവേഷണ സ്ഥാപനങ്ങളായ ഡിആർഡിഒ, എൻപിഒഎൽ എന്നിവയ്ക്കായി എഐ ഏരിയൽ ഡൈനാമിക്‌സ് ഡ്രോണുകൾ വികസിപ്പിച്ച് നൽകി വരുന്നു. 2019 ലെ പ്രളയ ദുരിതാശ്വാസത്തിലും ഗരുഡ് ഉപയോഗിച്ചിട്ടുണ്ട്.

തദ്ദേശീയമായ സാങ്കേതികവിദ്യ ഉപയോഗിച്ച് വികസിപ്പിച്ചെടുത്തതിനാൽ ഈ ഡ്രോൺ ഉപഭോക്താക്കളുടെ ആവശ്യങ്ങൾക്കനുസരിച്ച് ക്രമീകരിക്കാൻ സാധിക്കുമെന്ന് വിഷ്ണു പറഞ്ഞു. വിദേശത്തു നിന്നും ഇറക്കുമതി ചെയ്യുന്ന വിലകൂടിയ ഡ്രോണുകളുമായി തട്ടിച്ചു നോക്കുമ്പോൾ 60 കിലോ ഭാരം വഹിക്കാനാകുമെന്നത് ഗരുഡിനെ വ്യത്യസ്തമാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.