കോവിഡ് 19: ബോധവത്കരണവുമായി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ റോബോട്ടുകള്‍

Posted on: March 10, 2020

കൊച്ചി: കോവിഡ്-19 ഭീതി പടരുന്നതിനിടെ വൈവിദ്ധ്യമാര്‍ന്ന ബോധവത്കരണവുമായി കേരള സ്റ്റാര്‍ട്ടപ്പ് മിഷനിലെ സംരംഭം. കളമശ്ശേരിയിലെ ഇന്റഗ്രേറ്റഡ് സ്റ്റാര്‍ട്ടപ്പ് കോംപ്ലക്‌സിലാണ് അസിമോവ് റോബോട്ടിക്‌സ് എന്ന സ്റ്റാര്‍ട്ടപ്പിന്റെ റോബോട്ടുകള്‍ ബോധവത്കരണവും പ്രതിരോധ വസ്തുക്കളും നല്‍കുന്നത്.

അസിമോവിന്റെ രണ്ട് റോബോട്ടുകളാണ് ബോധവത്കരണ പരിപാടികളില്‍ പങ്കെടുക്കുന്നത്. കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിനെക്കുറിച്ചുള്ള ലോകാരോഗ്യ സംഘടനയുടെ പ്രചരണ വീഡിയോ റോബോട്ടുകളിലെ സ്‌ക്രീനില്‍ കാണിക്കുന്നു. ഇതൊടൊപ്പം മാസ്‌കുകള്‍, സാനിറ്റൈസര്‍, നാപ്കിന്‍ എന്നിവയും റോബോട്ടുകള്‍ വഴി വിതരണം ചെയ്യാന്‍ സാധിക്കും.

പ്രതിരോധ മുന്‍കരുതലിനെക്കുറിച്ചുള്ള വിശദമായ വിവരണമാണ് രണ്ടാമത്തെ റോബോട്ട് നല്‍കുന്നത്. നിരന്തരമായ ബോധവത്കരണത്തിനു ശേഷവും പലരും ഇതിനെ ഗൗരവമായി എടുക്കാത്തതാണ് ഇത്തരമൊരു പരീക്ഷണം നടത്താന്‍ പ്രേരിപ്പിച്ചതെന്ന് അസിമോവിന്റെ സ്ഥാപകനും സിഇഒയുമായ ജയകൃഷ്ണന്‍ ടി പറഞ്ഞു.

സുരക്ഷാ മുന്‍കരുതലുകളെക്കുറിച്ച് ഇന്‍കുബേറ്റ് ചെയ്തിട്ടുള്ള കമ്പനികള്‍ക്ക് സ്റ്റാര്‍ട്ടപ്പ് മിഷന്‍ മാര്‍ഗനിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.