ബ്ലോക്‌ചെയിൻ സാങ്കേതികവിദ്യ : കേരളം രാജ്യത്തിന്റെ ശ്രദ്ധാകേന്ദ്രമാകുമെന്ന് ഐടി സെക്രട്ടറി

Posted on: December 16, 2019

കൊച്ചി : അത്യാധുനിക ബ്ലോക്‌ചെയിൻ സാങ്കേതികവിദ്യയിൽ കേരളം രാജ്യത്ത് വിപ്ലകരമായ മാറ്റങ്ങൾ സൃഷ്ടിക്കുമെന്ന് സംസ്ഥാന-ഇലക്ട്രോണിക്‌സ് ഐടി സെക്രട്ടറി എം ശിവശങ്കർ. രണ്ടുവർഷത്തിനകം 20,000 ബ്ലോക്‌ചെയിൻ വിദഗ്ധരെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാനം മുന്നോട്ടുപോകുകയാണെന്ന് കൊച്ചി ഗ്രാൻഡ് ഹയാട്ടിൽ ആരംഭിച്ച ദ്വിദിന അന്താരാഷ്ട്ര ബ്ലോക്‌ചെയിൻ ഉച്ചകോടിയായ ബ്ലോക്ഹാഷ് ലൈവ് 2019 ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം വ്യക്തമാക്കി. ഇവരായിരിക്കും സംസ്ഥാനത്ത് രൂപം കൊള്ളുന്ന സ്റ്റാർട്ടപ് കമ്പനികളെ നയിക്കുകയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

പുത്തൻ സ്റ്റാർട്ടപ്പ് കമ്പനികളിലെ മനുഷ്യ ശേഷിയുടെ ഗുണമേൻമ വികസിപ്പിക്കുന്നതിനാണ് സംസ്ഥാനം ഊന്നൽ നൽകുന്നത്. സാങ്കേതികവിദ്യയിലും വിജ്ഞാനവിനിമയത്തിലും വൈദഗ്ധ്യം നേടുന്നതിന് യുവതലമുറയ്ക്ക് ലഭിക്കുന്ന മികച്ച അവസരമാണിതെന്നും കേരള ബ്ലോക്‌ചെയിൻ അക്കാദമി അലിയാൻസ് ടെക്‌നോളജിയുമായി ചേർന്ന് സംഘടിപ്പിച്ച ഉച്ചകോടിയിൽ അദ്ദേഹം വ്യക്തമാക്കി.

ബ്ലോക്‌ചെയിൻ സാങ്കേതികവിദ്യയിലെ ബിസിനസിൻറെ സാധ്യത ചർച്ച ചെയ്യുന്നതിന് ആഗോളതലത്തിലുള്ള ബ്ലോക്‌ചെയിൻ വിദഗ്ധരെ ഒരുമിച്ചുകൊണ്ടുവരുന്നതിൻറെ പ്രാധാന്യത്തെക്കുറിച്ച് സ്വാഗത പ്രസംഗത്തിൽ ഐഐഐടിഎം-കെ ഡയറക്ടർ ഡോ സജി ഗോപിനാഥ് വ്യക്തമാക്കി.

ശേഷി വികസനം, ഗവേഷണങ്ങളുടെ പ്രോത്സാഹനം, വികസനം, സംരംഭകത്വം എന്നിവ കേന്ദ്രീകൃതമായ പൊതുജനങ്ങൾക്കുള്ള ബ്ലോക്‌ചെയിൻ സാങ്കേതികവിദ്യയുടെ സാധ്യതയെക്കുറിച്ച് മേഖലയിലെ പ്രമുഖർ പങ്കുവച്ചു. പൊതുനൻമയ്ക്കായി സാങ്കേതിക വിദ്യയെ ശക്തിപ്പെടുത്തുന്നതിൽ സഹകരണത്തിനുള്ള അവസരങ്ങൾക്കൊപ്പം വിവിധ വ്യവസായങ്ങളിലെ ബ്ലോക്‌ചെയിൻ സംവിധാനത്തിൻറെ പ്രാധാന്യത്തെക്കുറിച്ചും രാജ്യത്തെ ബ്ലോക്‌ചെയിൻ കേന്ദ്രമാക്കി കേരളത്തെ മാറ്റുന്നതിനെക്കുറിച്ചും ഉദ്ഘാടനത്തിൽ വിദഗ്ധർ സംസാരിച്ചു.

ക്രോസ് പില്ലർ സർവീസസ് അലിയാൻസ് ടെക്‌നോളജി മേധാവി രാഹുൽ സിൻഹ, ഫിൻടെക് വേൾഡ് വൈഡ് സിഇഒ ഡോ. ജെയ്ൻ തോമസൺ, ചീഫ് ടെക്‌നിക്കൽ ആർക്കിടെക്റ്റ്, ഗ്ലോബൽ ബ്ലോക്ക്‌ചെയിൻ സെൻറർ ഓഫ് കോംപറ്റൻസ് (ലീഡ്) – അലിയാൻസ് ടെക്‌നോളജി സുനിൽ രവീന്ദ്രൻ എന്നിവരും ഉദ്ഘാടനത്തിൽ പങ്കെടുത്തു.

ഉദ്ഘാടനത്തെ തുടർന്ന് ഇക്കോസിസ്റ്റം- ഹൈപ്പർലെഡ്ജർ ഡയറക്ടർ മാർത്ത പീകാർസ്‌ക-ഗീറ്റർ ബ്ലോക്‌ചെയിൻ യാഥാർത്ഥ്യമാകുമോ എന്ന വിഷയത്തിൽ അവതരണം നടത്തി. വിവിധ സ്ഥാപനഘടനകളിൽ ബ്ലോക്‌ചെയിനിൻറെ ഉപയോഗത്തെക്കുറിച്ചും വ്യക്തമാക്കിയ അവർ സ്ഥാപനങ്ങൾക്ക് ബ്ലോക്‌ചെയിനിൽ ശ്രദ്ധകേന്ദ്രീകരിക്കേണ്ട ഉചിതമായ സമയമിതമാണിതെന്നും കഴിഞ്ഞ നാലുവർഷങ്ങളിൽ എങ്ങനെയാണ് സംരംഭങ്ങൾ യഥാർത്ഥ ജീവിത പ്രതിവിധിയായ ബ്ലോക്‌ചെയിനിനെ നിരീക്ഷിച്ചുവെന്നും അവർ വ്യക്തമാക്കി.

സൗജന്യ ഹൈപ്പർലെഡ്ജർ പോലുള്ള സ്വതന്ത്ര സഹകരണത്തിലൂടെ വിവിധ വ്യവസായങ്ങൾക്ക് അനായാസം ബ്ലോക്‌ചെയിൻ ഉപയോഗിക്കാനാകും. അംഗമാണേലും അല്ലെങ്കിലും ഇതിൽ പങ്കെടുക്കാനാകും. സഹകരിച്ചുള്ള സോഫ്റ്റ് വെയർ വികസന സമീപനം പ്രവർത്തനങ്ങളിൽ സുതാര്യാത ഉറപ്പാക്കുമെന്നും അവർ വ്യക്തമാക്കി.

സൈബർ നിയമവിദഗ്ധൻ അഡ്വ. നപ്പിനായ് എൻഎസ് നൂതനത്വം സാധ്യമാക്കുന്ന ബ്ലോക്‌ചെയിനിൻറെ നിയമങ്ങളെക്കുറിച്ചും മാനദണ്ഡങ്ങളെക്കുറിച്ചും സംസാരിച്ചു. ബ്ലോക്‌ചെയിൻ പരിപാലനം, ബ്ലോക്‌ചെയിനിലൂടെ മാനുഷിക മൂല്യങ്ങളുടെ പുനർനിർവ്വചനം എന്നീ വിഷയങ്ങളെക്കുറിച്ചുള്ള ചർച്ചകൾ ആദ്യദിനം നടന്നു.