ബ്ലോക് ചെയിൻ വിദഗ്ധരുടെ സംഗമവും ഹാക്കത്തോണും കൊച്ചിയിൽ

Posted on: December 9, 2019

കൊച്ചി : ബ്ലോക് ചെയിൻ സാങ്കേതികവിദ്യയിൽ കേരളത്തിന് മുൻകൈ നേടിക്കൊടുക്കുക എന്ന ലക്ഷ്യത്തോടെ നടക്കുന്ന പരിപാടികളുടെ ഭാഗമായി ഈ സാങ്കേതിക മേഖലയിലെ വിദഗ്ധരുടെ സംഗമമായ ബ്ലോക്ഹാഷും ഇതിനു മുന്നോടിയായി ബ്ലോക്ഹാക്ക് മത്സരവും കൊച്ചിയിൽ നടക്കൂം.

അത്യാധുനികമായ ഈ സാങ്കേതികവിദ്യ പൊതുജനോപകാരപ്രദമാക്കി കേരളത്തിനു പരമാവധി പ്രയോജനപ്പെടുത്തുന്നതിനുവേണ്ടിയാണ് ബ്ലോക്ചെയിൻ ഉച്ചകോടിയുടെ രണ്ടാമത് പതിപ്പായ ബ്ലോക്ഹാഷ് ലൈവ് 2019 ഡിസംബർ 12, 13 തിയതികളിൽ ബോൾഗാട്ടി ഗ്രാൻഡ് ഹയാത്തിൽ നടത്തുന്നത്.

വിദേശത്തുനിന്നടക്കം ലോകപ്രശസ്തരായ ബ്ലോക്ചെയിൻ വിദഗ്ധർ അണിനിരക്കുന്ന സമ്മേളനം സംസ്ഥാന സർക്കാരിന്റെ ഐടി ഉന്നതപഠന-ഗവേഷണ സ്ഥാപനമായ ഐഐഐടിഎം-കെയുടെ ആഭിമുഖ്യത്തിലുള്ള കേരള ബ്ലോക്ചെയിൻ അക്കാദമിയാണ് സംഘടിപ്പിക്കുന്നത്. ആദ്യ ബ്ലോക്ചെയിൻ ഉച്ചകോടി തിരുവനന്തപുരത്തായിരുന്നു.

ഹൈപ്പർ ലെഡ്ജർ ഇക്കോസിസ്റ്റം ഡയറക്ടർ മാർത്താ പിയർകാർസ്‌കാ-ഗിയാറ്റർ, ലിനക്സ് ഫൗണ്ടേഷൻ ഹൈപ്പർ ലെഡ്ജർ ഏഷ്യാ-പസിഫിക് വൈസ് പ്രസിഡന്റ് ജൂലിയൻ ഗോർഡൻ, യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയ സെന്റർ ഫോർ ബ്ലോക്ചെയിൻ ടെക്നോളജിയിലെ ഗ്ലോബൽ സോഷ്യൽ ഇംപാക്ട് തോട്ട് ലീഡർ ഡോ. ജെയിൻ തോംസൺ, അലയൻസ് ടെക്നോളജി ഇന്ത്യ സിഇഒ ആശിഷ് പട്ടേൽ, അലയൻസ് ടെക്നോളജി ചീഫ് ആർക്കിടെക്ടും ബ്ലോക്ചെയിൻ ആഗോള മേധാവിയുമായ ബോബ് ക്രോസിയർ,

ഇന്റൽ ഏഷ്യ പ്ലാറ്റ്ഫോം സെക്യുരിറ്റി ഡിവിഷനിലെ സ്ട്രാറ്റജിക് ബിസിനസ് കൊളാബറേഷൻ ഡയറക്ടർ നീൽ ഭാട്ടിയ, അലയൻസ് ടെക്നോളജി ലീഡ് ബ്ലോക്ചെയിൻ ആർക്കിടെക്ട് വോങ് ചുൻ ഡാനി, ബൗദ്ധികാവകാശ, ക്രിമിനൽ, സൈബർ നിയമ വിദഗ്ധ അഡ്വ. എംഎസ് നാപ്പിനായി, ബേൺമാർക്ക് സഹസ്ഥാപകയും സിഇഒയുമായ ദേവി മോഹൻ, പിഡബ്ല്യുസി പാർട്ണർ ശ്രീറാം അനന്തശയനം, അലയൻസ് ടെക്നോളജി ഇന്ത്യ ഗ്ലോബൽ ബ്ലോക്ചെയിൻ സെന്റർ ഓഫ് കോംപീറ്റൻസിയിലെ ചീഫ് ടെക്നിക്കൽ ആർക്കിടെക്ട് സുനിൽ രവീന്ദ്രൻ തുടങ്ങി നിരവധി വിദഗ്ധർ ദ്വിദിന സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്.

ഉച്ചകോടിക്ക് മുന്നോടിയായാണ് ബ്ലോക്ക്ഹാക്ക് മത്സരം 10, 11 തിയതികളിലായി കളമശേരി ഇന്റഗ്രേറ്റഡ് സ്റ്റാർട്ടപ് കോംപ്ലക്സിൽ നടക്കുന്നത്. കേരള സ്റ്റാർട്ടപ് മിഷൻ, അലയാൻസ് ടെക്നോളജി, ക്വിക്ക് കേരള എന്നിവയുടെ സഹകരണത്തോടെ കേരള ബ്ലോക്ചെയിൻ അക്കാദമി തുടർച്ചയായ ഈ 24 മണിക്കൂർ പരിപാടി നടത്തുന്നത്. ഇൻഷുറൻസ് മേഖലയിൽ ബ്ലോക്ചെയിൻ സാങ്കേതികവിദ്യ

എങ്ങനെ പ്രായോഗികമാക്കാം എന്നതാണ് മത്സരത്തിന്റെ പമേയം. മത്സരത്തിന് വൻപിന്തുണയാണ് ലഭിച്ചിട്ടുള്ളത്. രജിസ്ട്രേഷൻ നേരത്തെ അവസാനിപ്പിച്ചു. ആഗോള ഇൻഷുറൻസ് കമ്പനികൾപോലും പ്രീമിയം ശേഖരിക്കുന്നത് ഇപ്പോൾ ലോകമെങ്ങുമുള്ള തങ്ങളുടെ ഓഫീസുകൾ വഴിയാണ്. ഇത് എങ്ങനെ ബ്ലോക് ചെയിൻ സാങ്കേതികവിദ്യയിലൂടെ സുഗമമാക്കാം എന്നാണ് ബ്ലോക്ഹാക്ക് പരിശോധിക്കുക.
ഹാക്കത്തോണിൽ വിജയിക്കുന്ന ടീം 12-ന് വൈകുന്നേരം ബ്ലോക്ഹാഷിൽ വിദഗ്ധർക്കുമുന്നിൽ അവതരണം നടത്തും.

നൂറുപേർക്കാണ് ഉച്ചകോടിയിൽ പങ്കെടുക്കാനാവുക. രജിസ്ട്രേഷൻ നടത്തേണ്ടത് http://blockhash.live എന്ന വെബ്സൈറ്റിലാണ്.