ബ്ലോക്ക്‌ചെയിന്‍ ഉച്ചകോടി ഡിസംബറില്‍

Posted on: November 20, 2018

തിരുവനന്തപുരം : അത്യാധുനികമായ ബ്ലോക്‌ചെയിന്‍ സാങ്കേതികവിദ്യ പൊതുജനോപകാരപ്രദമാക്കുന്നതിനെക്കുറിച്ചും കേരളത്തിനു പരമാവധി പ്രയോജനപ്പെടുത്തുന്നതിനെക്കുറിച്ചും ചര്‍ച്ച ചെയ്യാന്‍ ഡിസംബറില്‍ തിരുവനന്തപുരത്ത് ലോകപ്രശസ്തരായ വിദഗ്ധരെ ഉള്‍പ്പെടുത്തി ത്രിദിന സമ്മേളനം സംഘടിപ്പിക്കും.

ബ്ലോക്ഹാഷ് ലൈവ് 2018 എന്ന പേരിലുള്ള സമ്മേളനം ഡിസംബര്‍ ആറു മുതല്‍ കോവളം ഉദയസമുദ്ര ഹോട്ടലില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഐടി ഉന്നതപഠന-ഗവേഷണ സ്ഥാപനമായ ഐഐഐടിഎം-കെയുടെ ആഭിമുഖ്യത്തിലുള്ള കേരള ബ്ലോക്‌ചെയിന്‍ അക്കാദമിയാണ് സംഘടിപ്പക്കുന്നത്. ബ്ലോക്‌ചെയിന്‍ സാങ്കേതികവിദ്യ ഉപയോഗിക്കുന്ന ബിസിനസ് സ്ഥാപനങ്ങള്‍ക്ക് കേരളത്തിലേയ്ക്ക് അവയുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിനുള്ള സാധ്യതകളും സമ്മേളനത്തില്‍ ആരായും. ഈ മേഖലയിലെ സംരംഭകത്വം, വികസനം, ഗവേഷണം എന്നിവയെക്കുറിച്ചുള്ള ആശയവിനിമയവും സമ്മേളനത്തില്‍ നടക്കും.

കാനഡ ബ്ലോക്‌ചെയിന്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ബോബ് ടാപ്‌സ്‌കോട്ട്, ന്യൂറിയല്‍ സ്ഥാപകയും സിഇഒയുമായ ജനിഫര്‍ ഗ്രെയ്‌സണ്‍, സ്വിറ്റ്‌സര്‍ലാന്‍ഡിലെ ബിറ്റ്‌നേഷന്‍ സ്ഥാപക സൂസെന്‍ തര്‍ക്കോവ്‌സ്‌കി, സിഒഒ ജയിംസ് ഫെന്നല്‍, റിലയന്‍സ് ജിയോ ഇന്‍ഫോകോം വൈസ് പ്രസിഡന്റ് ഡോ. ദിലീപ് കൃഷ്ണസ്വാമി, ഗ്ലോബല്‍ ഐടി ഇന്നവേഷന്‍ അഡ്‌വൈസര്‍ സുദിന്‍ ബരോക്കര്‍, കൊല്‍ക്കത്ത ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് അസിസ്റ്റന്റ് പ്രൊഫസര്‍ സുഷ്മിത രുജ്, ഡിജിലെഡ്ജ് സിഇഒ മഹേഷ് ഗോവിന്ദ്, ഡിസിബി ബാങ്ക് ഇന്നവേഷന്‍ മേധാവി പ്രസന്ന ലോഹര്‍, ബാങ്കോക്ക് ബ്ലോക്‌ചെയിന്‍ സാന്‍ഡ്‌ബോക്‌സ് സഹസ്ഥാപകന്‍ ഹേവന്‍ അര്‍ലിന്‍ ഔ, അവിടെ നിന്നുതന്നെയുള്ള ആരോണ്‍ സി, ബ്ലോക്ഗീക്‌സ് ബ്ലോക്‌ചെയിന്‍ റിസര്‍ച്ചര്‍ രാജര്‍ഷി മിത്ര, ബ്ലോക്‌ചെയിന്‍ എഡ്യൂക്കേഷന്‍ നെറ്റ്‌വര്‍ക്ക് ഡയറക്ടര്‍ ഓഫ് ടെക് ആകാശ് അഗര്‍വാള്‍ തുടങ്ങിയവരാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്.