ബ്ലോക്‌ചെയിൻ ഉച്ചകോടി ഡിസംബറിൽ കൊച്ചിയിൽ

Posted on: November 24, 2019

തിരുവനന്തപുരം : ബ്ലോക്‌ചെയിൻ ഉച്ചകോടിയുടെ രണ്ടാമത് പതിപ്പായ ബ്ലോക്ഹാഷ് ലൈവ് 2019 ഡിസംബർ 12, 13 തിയതികളിൽ കൊച്ചിയിൽ നടത്തും. വിദേശത്തുനിന്നടക്കം ലോകപ്രശസ്തരായ ബ്ലോക് ചെയിൻ വിദഗ്ധർ അണിനിരക്കുന്ന സമ്മേളനം സംസ്ഥാന സർക്കാരിന്റെ ഐടി ഉന്നതപഠന-ഗവേഷണ സ്ഥാപനമായ ഐഐഐടിഎം-കെയുടെ ആഭിമുഖ്യത്തിലുള്ള കേരള ബ്ലോക്‌ചെയിൻ അക്കാദമി ബോൾഗാട്ടി ഗ്രാൻഡ് ഹയാത്തിലാണ് സംഘടിപ്പിക്കുന്നത്.

ഈ മേഖലയിലെ സംരംഭകത്വം, വികസനം, ഗവേഷണം എന്നിവയെക്കുറിച്ചുള്ള ആശയവിനിമയവും സമ്മേളനത്തിൽ നടക്കും. പ്രാദേശിക സംരംഭങ്ങളെ എങ്ങനെ ബ്ലോക്‌ചെയിൻ സാങ്കേതികവിദ്യയിലൂടെ ആഗോളതലത്തിലേയ്ക്ക് വ്യാപിപ്പിക്കാമെന്നതിനെക്കുറിച്ച് ഉച്ചകോടി ചർച്ച ചെയ്യും. ആദ്യ ബ്ലോക്‌ചെയിൻ ഉച്ചകോടി തിരുവനന്തപുരത്താണ് നടത്തിയത്.

ഹൈപ്പർ ലെഡ്ജർ ഇക്കോസിസ്റ്റം ഡയറക്ടർ മാർത്താ പിയർകാർസ്‌കാ-ഗിയാറ്റർ, ലിനക്‌സ് ഫൗണ്ടേഷൻ ഹൈപ്പർ ലെഡ്ജർ ഏഷ്യാ-പസിഫിക് വൈസ് പ്രസിഡൻറ് ജൂലിയൻ ഗോർഡൻ, യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോർണിയ സെൻറർ ഫോർ ബ്ലോക്‌ചെയിൻ ടെക്‌നോളജിയിലെ ഗ്ലോബൽ സോഷ്യൽ ഇംപാക്ട് തോട്ട് ലീഡർ ഡോ. ജെയിൻ തോംസൺ, അലയൻസ് ടെക്‌നോളജി ചീഫ് ആർക്കിടെക്ടും ബ്ലോക്‌ചെയിൻ ആഗോള മേധാവിയുമായ ബോബ് ക്രോസിയർ, ഇൻറൽ ഏഷ്യ പ്ലാറ്റ്‌ഫോം സെക്യുരിറ്റി ഡിവിഷനിലെ സ്ട്രാറ്റജിക് ബിസിനസ് കൊളാബറേഷൻ ഡയറക്ടർ നീൽ ഭാട്ടിയ, അലയൻസ് ടെക്‌നോളജി ലീഡ് ബ്ലോക്‌ചെയിൻ ആർക്കിടെക്ട് വോങ് ചുൻ ഡാനി, ബൗദ്ധികാവകാശ, ക്രിമിനൽ, സൈബർ നിയമ വിദഗ്ധ അഡ്വ. എംഎസ് നാപ്പിനായി, ബേൺമാർക്ക് സഹസ്ഥാപകയും സിഇഒയുമായ ദേവി മോഹൻ, പിഡബ്ല്യുസി പാർട്ണർ ശ്രീറാം അനന്തശയനം, അലയൻസ് ടെക്‌നോളജി ഇന്ത്യ ഗ്ലോബൽ ബ്ലോക്‌ചെയിൻ സെൻറർ ഓഫ് കോംപീറ്റൻസിയിലെ ചീഫ് ടെക്‌നിക്കൽ ആർക്കിടെക്ട് സുനിൽ രവീന്ദ്രൻ തുടങ്ങി നിരവധി വിദഗ്ധർ ദ്വിദിന സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്.

നൂറുപേർക്കാണ് ഉച്ചകോടിയിൽ പങ്കെടുക്കാനാവുക. രജിസ്‌ട്രേഷൻ നടത്തേണ്ടത് http://blockhash.live എന്ന വെബ്‌സൈറ്റിലാണ്.