ബ്ലോക്ക്‌ചെയിൻ ഡെവലപ്പർമാർക്ക് അവസരങ്ങളുമായി യുഎസ് വിദഗ്ധ

Posted on: December 8, 2018

തിരുവനന്തപുരം : കേരളത്തിൽ ബ്ലോക്ക്‌ചെയിൻ രംഗത്ത് വനിതാ സംരംഭം ആരംഭിക്കുമെന്ന് അമേരിക്കയിലെ ബ്ലോക്ക്‌ചെയിൻ വിദഗ്ധയും ന്യൂറിയൽ പ്രോജക്ട് സ്ഥാപകയും സിഇഒയുമായ ജനിഫർ ഗ്രെയ്‌സൺ. ബ്ലോക്ക്‌ചെയിൻ സിസ്റ്റർഹുഡ് സംരംഭത്തിൽ ഇവിടെയുള്ളവർക്ക് അവസരങ്ങൾ നൽകും. ബ്ലോക്ക്‌ചെയിൻ സാങ്കേതികവിദ്യ ആഗോള ശ്രദ്ധനേടിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ വ്യവസായമേഖലയ്ക്കാവശ്യമായ ബ്ലോക്ക്‌ചെയിൻ വിദഗ്ധരെ സൃഷ്ടിക്കുന്നതിനുള്ള അനന്തസാധ്യത കേരളത്തിനുണ്ടെന്ന് യു.എസ് വിദഗ്ധ അഭിപ്രായപ്പെട്ടു.

അൻപതോളം വനിതാ സിഇഒമാരും സ്ഥാപകരും ഉൾപ്പെടുന്ന സംരംഭമാണ് ബ്ലോക്ക്‌ചെയിൻ സിസ്റ്റർഹുഡ്. ഇന്ത്യയും ഐഐഐടിഎംകെ-യ്ക്കു കീഴിലുള്ള ബ്ലോക്ക്‌ചെയിൻ അക്കാദമിയുമായി ബന്ധമുള്ളതിനാൽ തനിക്ക് ഇവിടെനിന്നും നൈപുണ്യമുള്ളവരെ ശിപാർശ ചെയ്യാനാകുമെന്നും ജനിഫർ പറഞ്ഞു. സിസ്റ്റർഹുഡിൽ പത്തുശതമാനം പേരും അമേരിക്കക്കാരാണ്. കാനഡ, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളും പങ്കാളികളാണ്. ബ്ലോക്ക്‌ചെയിൻ വികസിപ്പിക്കുന്നവരുടെ അഭാവമുള്ളതിനാൽ ഗ്രൂപ്പിലെ ചില അംഗങ്ങൾ കെബിഎയുമായി പ്രവർത്തിക്കുന്നതിന് കേരളത്തിലുണ്ട്.

സുരക്ഷിതത്വം ആവശ്യമാണെങ്കിലും സുതാര്യതയ്ക്ക് തയാറാകാത്തതിനാൽ ബ്ലോചെയിൻ സാധ്യതകൾ അമേരിക്ക നഷ്ടമാക്കുകയാണ്. ദ്രുതഗതിയിൽ വികസിച്ചുവരുന്ന ബ്ലോക്ക്‌ചെയിൻ സാങ്കേതികവിദ്യ ഇന്ത്യ പൂർണമായും പ്രയോജനപ്പെടുത്തുന്നത് സ്വാഗതാർഹമാണെന്നും നാൽപതോളം പുസ്തകങ്ങളുടെ രചയിതാവായ അവർ പറഞ്ഞു.