സെർവന്റൈർ ഗ്ലോബലിനെ അമേരിക്കയിലെ നെറ്റ് ഒബ്‌ജെക്‌സ് ഏറ്റെടുത്തു

Posted on: August 27, 2018

തിരുവനന്തപുരം : കേരള സ്റ്റാർട്ടപ്പ് മിഷനിൽ സ്‌കെയിൽ-അപ് ഘട്ടത്തിലുള്ള ബ്ലോക്ക്‌ചെയിൻ കമ്പനിയായ സെർവന്റൈർ ഗ്ലോബലിനെ അമേരിക്കയിലെ കാലിഫോർണിയ ആസ്ഥാനമായ നെറ്റ് ഒബ്‌ജെക്‌സ് ഏറ്റെടുത്തു. ബ്ലോക്ക്‌ചെയിൻ മേഖലയിലെ ഉത്പന്നങ്ങളും ഉപഭോക്താക്കളും വിപൂലീകരിക്കുന്നതിന്റെ ഭാഗമായാണിത്.

നിർമിതബുദ്ധി, ബ്ലോക്ക്‌ചെയിൻ, ഇന്റർനെറ്റ് ഓഫ് തിംഗ്‌സ് എന്നീ സാങ്കേതികവിദ്യകൾ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന നെറ്റ്ഒബ്‌ജെക്‌സ്, ഗതാഗതം, സ്മാർട്ട് സിറ്റികൾ, വിതരണ ശൃംഖല എന്നിവയിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ഏറ്റെടുക്കൽ കരാറിന്റെ വിശദാംശങ്ങൾ പുറത്തു വിട്ടിട്ടില്ല. വികസനത്തിൽ ഏറെ മുന്നോട്ടുപോയ സ്റ്റാർട്ടപ്പുകളെയാണ് സ്‌കെയിൽ-അപ് ഘട്ടത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

ബ്ലോക്ക്‌ചെയിൻ അടിസ്ഥാനമാക്കി തത്സമയ പേമെന്റടക്കമുള്ള സാമ്പത്തിക സാങ്കേതിക ഉത്പന്നങ്ങൾ ഉണ്ടാക്കുന്ന കമ്പനിയാണ് സെർവന്റൈർ. ഫിൻടെക്, ആരോഗ്യ സംരക്ഷണം, കാർഷിക സാങ്കേതികവിദ്യ, വിതരണ ശൃംഖല എന്ന മേഖലകളിലാണ് സെർവെന്റൈർ ഗ്ലോബലിനു വൈദഗ്ധ്യമുള്ളത്. വടക്കേഅമേരിക്ക, ഇന്ത്യ, ദക്ഷിണ പൂർവേഷ്യ, എന്നിവിടങ്ങളിൽ നെറ്റ് ഒബ്‌ജെക്‌സിന് ഓഫീസുകളുണ്ട്. ലാറ്റിനമേരിക്ക, മധ്യപൂർവേഷ്യ എന്നിവിടങ്ങളിൽ പ്രതിനിധികളും കമ്പനിക്കുണ്ട്.

സമാനസാങ്കേതിക വിദ്യ ഉപയോഗിക്കുന്ന രണ്ട് കമ്പനികളുടെ ഒത്തുചേരലാണ് ഏറ്റെടുക്കലിലൂടെ ഉണ്ടായിരിക്കുന്നതെന്ന് നെറ്റ് ഒബ്‌ജെക്‌സ് സിഇഒ രഘു ബാല പറഞ്ഞു.

വലിയ ലക്ഷ്യങ്ങളിലേക്കെത്താനുള്ള വഴിയാണ് ഈ ഏറ്റെടുക്കലിലൂടെ ലഭിച്ചിരിക്കുന്നതെന്ന് സെർവെന്റൈർ ഗ്ലോബൽ സിഇഒ ഗ്രിഗറി ജേക്കബ് പറഞ്ഞു. ഡിസ്ട്രിബ്യൂട്ടീവ് ലെഡ്ജർ സാങ്കേതികവിദ്യ അതിവേഗം വളർന്നു കൊണ്ടിരിക്കുകയാണെന്നും അദേഹം ചൂണ്ടിക്കാട്ടി.