വിവരസാങ്കേതികവിദ്യാ മേഖലകളിൽ കേരളവും ബഹറൈനും കൈകോർക്കുന്നു

Posted on: October 9, 2019

തിരുവനന്തപുരം : ഫിൻടെക്, ഇൻഫർമേഷൻ കമ്യൂണിക്കേഷൻ ടെക്‌നോളജി തുടങ്ങിയ വിവരസാങ്കേതികവിദ്യാ മേഖലകളിൽ നൂതനത്വം കൈവരിക്കുന്നതിനായി ബഹറൈൻ സർക്കാരിന്റെ നിക്ഷേപ പ്രോത്സാഹന ഏജൻസിയായ ബഹറൈൻ സാമ്പത്തിക വികസന ബോർഡും കേരള സ്റ്റാർട്ടപ് മിഷനും ധാരണാപത്രം കൈമാറി.

ദുബായിയിൽ നടക്കുന്ന മുപ്പത്തൊൻപതാമത് വാർഷിക ജൈടെക്‌സ് സാങ്കേതികവിദ്യാ വാരത്തിൽ വച്ച് കെഎസ് യുഎം ബിസിനസ് ഡെവലപ്‌മെൻറ് മാനേജർ അശോക് കുര്യനും ഇഡിബി ഇന്ത്യ റീജനൽ ഡയറക്ടർ ധർമി മഗ്ദാനിയുമാണ് ധാരണാപത്രം കൈമാറിയത്.

ധാരണാപത്രത്തിലെ വ്യവസ്ഥകളനുസരിച്ച് ഓരോ രാജ്യത്തെയും സ്റ്റാർട്ടപ്പുകൾക്ക് മറ്റേ രാജ്യത്ത് ബിസിനസ് സംരംഭങ്ങൾ കെട്ടിപ്പടുക്കാൻ അവസരം ലഭിക്കും. കെഎസ് യുഎം ഹബ്, ബഹറൈൻ ഫിൻടെക് ബേ, ബ്രിൻക് ബാറ്റിൽകോ ഐഒടി ആക്‌സിലറേറ്റർ, ഫ്‌ളാറ്റ്6 ലാബ്‌സ് ബ്രില്യൻറ് ലാബ് എന്നിവ വഴി ഫിൻടെക്, ഐസിടി സ്റ്റാർട്ടപ്പുകൾക്ക് വികസനവും വളർച്ചയും നേടിയെടുക്കാനാവും.

സ്റ്റാർട്ടപ്പ് പ്രതിനിധി സംഘങ്ങൾക്ക് ഇരു രാജ്യങ്ങളിലും ബിസിനസ് സന്ദർശനങ്ങൾ നടത്തുന്നതിനുപുറമെ ധനകാര്യ, സാങ്കേതികവിദ്യാ മേഖലകളിലെ സ്ഥാപനങ്ങൾ, സർവകലാശാലകൾ, ഗവേഷണ സ്ഥാപനങ്ങൾ, സർക്കാർ ഏജൻസികൾ എന്നിവ തമ്മിലുള്ള വിജ്ഞാനവിനിമയത്തിനും സഹകരണത്തിനും സൗകര്യം ലഭിക്കും. ഡിജിറ്റൽ, മൊബൈൽ ഇടപാടുകൾ, ബ്ലോക്‌ചെയിൻ-ഡിസ്ട്രിബ്യൂട്ടഡ് ലെഡ്ജറുകൾ, ബിഗ് ഡേറ്റ, ഫ്‌ളെക്‌സിബിൾ പ്ലാറ്റ്‌ഫോമുകൾ, ഫിൻടെക്-ഐസിടി മേഖലയിലെ വിപ്ലവകരമായ പുത്തൻ സാങ്കേതികവിദ്യകൾ എന്നിവ പ്രയോഗത്തിൽ വരുത്താനും ധാരണാപത്രം സഹായിക്കും.

ഫിൻടെക് സ്റ്റാർട്ടപ്പുകൾ, ഐടി സ്ഥാപനങ്ങൾ എന്നിവയ്ക്ക് സർവകലാശാലകൾ, സർക്കാർ സ്ഥാപനങ്ങൾ, ധനകാര്യ സ്ഥാപനങ്ങൾ എന്നിവയുമായി ബന്ധം സ്ഥാപിക്കാനുള്ള മികച്ച അന്തരീക്ഷമാണ് ലക്ഷ്യമിടുന്നതെന്ന് കെഎസ് യുഎം സിഇഒ ഡോ. സജി ഗോപിനാഥ് പറഞ്ഞു. ഇത്തരം മുൻഗണനാ മേഖലകളിൽ കേരളത്തിനും ബഹറൈനും മികച്ച വളർച്ചയ്ക്കുള്ള സാധ്യതകളാണ് ഈ പങ്കാളിത്തത്തിലൂടെ കാണുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

കുറഞ്ഞ ചെലവ്, ആധുനികമായ അടിസ്ഥാന സൗകര്യങ്ങൾ, നൈപുണ്യമുള്ള മനുഷ്യശേഷി എന്നീ ഗുണങ്ങളുള്ള ബഹറൈനിലെ വളരുന്ന സംരംഭകാന്തരീക്ഷം മുതലെടുക്കാൻ കേരളത്തിലെ സ്റ്റാർട്ടപ്പുകൾക്ക് ലഭിക്കുന്ന സുവർണാവസരമാണ് ഇതെന്ന് ധർമി മഗ്ദാനി പറഞ്ഞു. ഒന്നര ട്രില്യൻ ഡോളർ മൂല്യവുമായി വളരുന്ന ഗൾഫ് വിപണിയിലേയ്ക്ക് പ്രവേശിക്കാൻ ഇതുപോലെ മറ്റൊരു വേദി തുറന്നുകിട്ടുകയില്ലെന്ന് അവർ വ്യക്തമാക്കി.

ഇരു രാജ്യങ്ങളിലെയും സംരംഭകരും നൂതനത്വം ആഗ്രഹിക്കുന്നവരും തമ്മിൽ കൂടുതൽ സഹകരണം സൃഷ്ടിക്കാൻ ഈ പങ്കാളിത്തം സഹായിക്കുമെന്ന് ഇഡിബി ബിസിനസ് ഡെവലപ്‌മെൻറ് മാനേജർ പക്കീസ് അബ്ദുൽ റഹ്മാൻ ചൂണ്ടിക്കാട്ടി.