ടെക്‌നോളജി സ്റ്റാർട്ടപ്പുകളിൽ നിക്ഷേപം നടത്തും : ഫേസ് ബുക്ക്

Posted on: October 1, 2019

തിരുവനന്തപുരം : ഇന്ത്യയിലെ ടെക്‌നോളജി സ്റ്റാർട്ടപ്പുകളിൽ നേരിട്ട് നിക്ഷേപം നടത്തുമെന്ന് ഫേസ് ബുക്ക് – ഇന്ത്യ മാനേജിംഗ് ഡയറക്ടറും വൈസ് പ്രസിഡൻറുമായ അജിത് മോഹൻ അറിയിച്ചു. ഏഷ്യയിലെ ഏറ്റവും വലിയ സ്റ്റാർട്ടപ്പ് സമ്മേളനമായ ഹഡിൽ കേരളയുടെ രണ്ടാം പതിപ്പിൻറെ ആദ്യ സെഷനിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ഐടി മേഖലയിലെ വനിതാ പ്രാതിനിധ്യം 35 ശതമാനത്തോളം മാത്രമാണെന്ന് ഇൻറർനെറ്റ് ആൻഡ് മൊബൈൽ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ സഹകരണത്തോടെ കേരള സ്റ്റാർട്ടപ്പ് മിഷൻ സംഘടിപ്പിക്കുന്ന ദ്വിദിന സംഗമത്തിൽ അദ്ദേഹം ചൂണ്ടിക്കാട്ടി. ഇൻറർനെറ്റ് സമ്പദ് വ്യവസ്ഥയ്ക്ക് കരുത്തേകാൻ ലിംഗസമത്വത്തിനുള്ള പരിശ്രമങ്ങൾ ആവശ്യമാണ്.

അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളിൽ ചെറിയ ബിസിനസുകളിൽ നിന്നാണ് മികച്ച വരുമാനം ലഭിക്കുന്നത്. അതിനാൽ സ്റ്റാർട്ടപ്പുകൾക്ക് സമ്പദ്വ്യവസ്ഥയിൽ നിർണായക പങ്ക് വഹിക്കാനാകും. ഈയിടെ ചെറു സംരംഭമായ മീഷോയിൽ ഫേസ് ബുക്ക് നിക്ഷേപം നടത്തിയിരുന്നു. വനിതാ സംരംഭകത്വത്തിന് കരുത്തേക്കുന്ന മീഷോ, കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും ആവശ്യമായ ഉത്പന്നങ്ങൾ കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കുന്നത്. രണ്ടുലക്ഷം വനിതാ സംരംഭകരെ ആദ്യമായി ഓൺലൈനിലെത്തിക്കാനും രാജ്യത്തിനു പുറത്തേയ്ക്ക് ഉത്പന്നങ്ങൾ കയറ്റുമതി ചെയ്യുന്നതിനും മീഷോയ്ക്ക് സാധിച്ചു. നേരിട്ട് നിക്ഷേപം നടത്തുന്നതിനും നൈപുണ്യ വികസനത്തിനും സ്റ്റാർട്ടപ്പുകൾക്ക് വേദിയൊരുക്കുന്നതിനുമാണ് ഫേസ് ബുക്ക് മുൻതൂക്കം നൽകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

സമഗ്ര ഐടി വികസനത്തിലൂന്നിയ കേരളത്തിലെ മികച്ച പ്രവർത്തനങ്ങൾ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങൾക്ക് മാതൃകയാക്കുമെന്ന് മുഖ്യാതിഥിയായിരുന്ന കേന്ദ്ര സർക്കാരിൻറെ ഡിപ്പാർട്ട്‌മെൻറ് ഫോർ പ്രൊമോഷൻ ഓഫ് ഇൻഡസ്ട്രി ആൻഡ് ഇൻറേണൽ ട്രേഡ് (ഡിപിഐഐടി) ജോയിൻറ് സെക്രട്ടറി അനിൽ അഗർവാൾ പറഞ്ഞു. നിലവിൽ പത്തുശതമാനം വനിതകൾമാത്രമാണ് സംരംഭങ്ങളുടെ സ്ഥാപകരായുള്ളത്. വനിതാ സംരംഭകത്വത്തിന് കൂടുതൽ ഊന്നൽ നൽകേണ്ടതുണ്ട്. രാജ്യത്ത് 1.95 സ്റ്റാർട്ടപ്പുകൾ ഓരോ മണിക്കൂറിലും രജിസ്റ്റർ ചെയ്യുന്നുണ്ട്.

അടുത്തമാസം ഇത് മണിക്കൂറിൽ രണ്ട് സ്റ്റാർട്ടപ്പുകൾ എന്ന നിലവാരത്തിലേക്കെത്തും. ഇന്ത്യയിൽ 22,895 സ്റ്റാർട്ടപ്പുകൾ സെപ്റ്റംബർ വരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 45 ശതമാനം സ്റ്റാർട്ടപ്പുകളും നഗരപ്രാന്ത പ്രദേശങ്ങളിൽ നിന്നുള്ളവയാണെന്നും അദ്ദേഹം വ്യക്തമാക്കി.

കേരളം ബ്ലോക്‌ചെയിൻ പോലുള്ള അതിനൂതന സാങ്കേതിക വിദ്യകളിൽ വികസിച്ചുവരികയാണെന്നും ഇവിടെയുള്ള ഐടി പരിസ്ഥതി ഏറ്റവും മികവുറ്റതാണെന്നും ഐഎഎംഎഐ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസർ ജിതേന്ദ്രർ എസ് മിൻഹാസ് പറഞ്ഞു.

കഴിഞ്ഞ മൂന്നു വർഷത്തിനുള്ളിൽ സംസ്ഥാനത്തെ സ്റ്റാർട്ടപ്പുകളുടെ വ്യാപനം അത്ഭുതകരമാണെന്ന് കേരള ഐടി, ഇലക്ട്രോണിക് വകുപ്പ് സെക്രട്ടറി എം. ശിവശങ്കർ ഐഎഎസ് പറഞ്ഞു. സാങ്കേതികവിദ്യ ലഭ്യമാക്കൽ, നൈപുണ്യം, ഉള്ളടക്കം എന്നിവയ്ക്ക് കൂടുതൽ പ്രാമുഖ്യം നൽകുന്നത് കേരളത്തിൻറ സ്റ്റാർട്ടപ് അന്തരീക്ഷത്തിൻറെ സുസ്ഥിര വളർച്ചയ്ക്ക് സഹായകമാകും. ഐടി മേഖലയിൽ വിപുലമായ മാറ്റങ്ങൾക്കാണ് സ്റ്റാർട്ടപ്പ് സംസ്‌കാരം വഴിതെളിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

വിവര കൈമാറ്റത്തിനും സംസ്ഥാനത്തെ സ്റ്റാർട്ടപ്പുകളെക്കുറിച്ചുള്ള ആശയവിനിമയങ്ങൾക്കും മേഖലയിലെ വെല്ലുവിളികളെ തരണം ചെയ്യുന്നതിനും പര്യാപ്തമാണ് ഹഡിൽ കേരളയെന്ന് കെഎസ്യുഎം ചീഫ് എക്‌സിക്യുട്ടീവ് ഓഫീസർ ഡോ. സജി ഗോപിനാഥ് പറഞ്ഞു.