സൗദി വെൽത്ത്ഫണ്ട് പിഐഎഫ് ജിയോ പ്ലാറ്റ്‌ഫോംസിൽ 1.5 ബില്യൺ ഡോളർ നിക്ഷേപിച്ചു

Posted on: June 16, 2020

മുംബൈ : ജിയോ പ്ലാറ്റ്‌ഫോംസിലേക്ക് വീണ്ടും നിക്ഷേപം. സൗദി സോവറിൻ വെൽത്ത് ഫണ്ടായ പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ജിയോ പ്ലാറ്റ്‌ഫോംസിൽ 1.5 ബില്യൺ ഡോളർ നിക്ഷേപം നടത്തി. ഇതിലൂടെ പിഐഎഫിന് 2.33 ശതമാനം ഓഹരിപങ്കാളിത്തം ലഭിക്കും. അബുദാബിയിലെ മുബാദല ഇൻവെസ്റ്റ്‌മെന്റ് കമ്പനിയും അബുദാബി ഇൻവെസ്റ്റ്‌മെന്റ് അഥോറിട്ടിയും നിക്ഷേപം നടത്തിയതിന് തൊട്ടുപിന്നാലെയാണ് സൗദിയിൽ നിന്ന് നിക്ഷേപം എത്തുന്നത്.

പിഐഎഫ് ഉൾപ്പടെ കഴിഞ്ഞ 8 ആഴ്ചകൾക്കിടെ 10 നിക്ഷേപകർക്ക് ജിയോയുടെ 24.71 ശതമാനം ഓഹരികൾ വിറ്റു. 2020 ഏപ്രിൽ 22 മുതൽ പ്രമുഖ ആഗോള നിക്ഷേപകരായ ഫേസ് ബുക്ക്, സിൽവർ ലേക്ക്, വിസ്റ്റ ഇക്വിറ്റി പാർട്ണർ, ജനറൽ അറ്റ്‌ലാന്റിക്, കെകെആർ, മുബാദല, എ ഡി ഐ എ, ടി പി ജി കാപ്പിറ്റൽ, എൽ കാറ്റർട്ടൺ എന്നിവരിൽ നിന്ന് ജിയോ 104,326.95 കോടി രൂപ സമാഹരിച്ചു.