സ്റ്റാർട്ടപ്പുകൾക്ക് പുതിയ വിപണികൾ : ഫ്യൂച്ചർ ഗ്രൂപ്പ് കേരള സ്റ്റാർട്ടപ്പ് മിഷന്റെ പങ്കാളി

Posted on: October 2, 2019

തിരുവനന്തപുരം : സ്റ്റാർട്ടപ്പുകളുടെ വളർച്ചയും മികച്ച വിപണി ഉറപ്പാക്കലും ലക്ഷ്യമിട്ട് കേരള സ്റ്റാർട്ടപ്പ് മിഷൻ ഇന്ത്യയിലെ ഏറ്റവും വലിയ റീട്ടെയിൽ ശൃംഖലകളിലൊന്നായ ഫ്യൂച്ചർ ഗ്രൂപ്പുമായി കൈകോർക്കുന്നു.

കോവളം ഹോട്ടൽ ലീല റാവീസിൽ നടന്ന ഏഷ്യയിലെ ഏറ്റവും വലിയ സ്റ്റാർട്ടപ്പ് സമ്മേളനമായ ഹഡിൽ കേരളയുടെ സമാപന ദിനത്തിൽ ഐടി സെക്രട്ടറി എം. ശിവശങ്കറിൻറെ സാന്നിധ്യത്തിൽ കെഎസ് യുഎം സിഇഒ ഡോ. സജി ഗോപിനാഥും ഫ്യൂച്ചർ ഗ്രൂപ്പ് ഓപ്പൺ ഇന്നൊവേഷൻ മേധാവി ശരവണ മണിയും ഇതു സംബന്ധിച്ച ധാരണാപത്രം ഒപ്പുവച്ചു.

കെഎസ് യുഎം പ്രതിവർഷം 20 സ്റ്റാർട്ടപ്പ് കമ്പനികളുടെ ചുരുക്കപ്പട്ടിക മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫ്യൂച്ചർ ഗ്രൂപ്പിന് സമർപ്പിക്കും. ഈ സ്റ്റാർട്ടപ്പുകളായിരിക്കും ഫ്യൂച്ചർ ഗ്രൂപ്പിന്റെ സുപ്രധാന പങ്കാളികൾ. കെഎസ് യുഎം സംഘടിപ്പിക്കുന്ന പരിപാടികളിൽ വർഷത്തിൽ രണ്ടുപ്രാവശ്യം ഫ്യൂച്ചർ ഗ്രൂപ്പിന് തങ്ങളുടെ ബിസിനസ് അവതരിപ്പിക്കുന്നതിനുള്ള അവസരം നൽകും.

സ്റ്റാർട്ടപ്പുകൾക്ക് ആവശ്യമായ ബിസിനസ്, സാങ്കേതികവിദ്യാ നിർദേശങ്ങളും മാർഗനിർദേശവും ഫ്യൂച്ചർഗ്രൂപ്പ് നൽകും. കെഎസ് യുഎമ്മിൻറെ വികസന പരിപാടികളിലുള്ള സ്റ്റാർട്ടപ്പുകളുമായി സഹകരിക്കുകയും ചെയ്യും.