ജിയോ പ്ലാറ്റ്‌ഫോംസിലേക്ക് വീണ്ടും നിക്ഷേപം ; ഇന്റൽ 1,894 കോടിയുടെ നിക്ഷേപം നടത്തി

Posted on: July 3, 2020

മുംബൈ : ചിപ്പ് നിർമാതാക്കളായ യുഎസിലെ ഇന്റൽ, ജിയോ പ്ലാറ്റ്‌ഫോംസിൽ 1,894 കോടിയുടെ നിക്ഷേപം നടത്തി. ഇന്റൽ കോർപറേഷന്റെ നിക്ഷേപ വിഭാഗമായ ഇന്റൽ കാപ്പിറ്റലിന് ജിയോ പ്ലാറ്റ്‌ഫോംസിൽ 0.39 ശതമാനം ഓഹരികൾ ലഭിക്കും. കഴിഞ്ഞ 10 ആഴ്ചയ്ക്കിടെ ജിയോ 12 നിക്ഷേപകർക്ക് കമ്പനിയുടെ 25.09 ശതമാനം ഓഹരികൾ വിറ്റു. ഇതോടെ ജിയോ പ്ലാറ്റ്‌ഫോംസിന്റെ മൂല്യം 5.16 ലക്ഷം കോടി രൂപയായി. 388 ദശലക്ഷത്തിലേറെ ഉപയോക്താക്കളാണ് ജിയോയ്ക്കുള്ളത്.

ഫേസ് ബുക്ക് (43,573.62 കോടി, 9.99 ശതമാനം), സിൽവർ ലേക്ക് (5,655.75 കോടി, 1.15 ശതമാനം), വിസ്റ്റ ഇക്വിറ്റി പാർട്ണർ (11,367 കോടി, 2.32 ശതമാനം), ജനറൽ അറ്റ്‌ലാന്റിക് (6,598.38 കോടി, 1.34 ശതമാനം), കെകെആർ (11,367 കോടി, 2.32 ശതമാനം), മുബദാല (9,093.60 കോടി, 1.85 ശതമാനം), സിൽവർ ലേക്ക് പാർട്‌ണേഴ്‌സ് (4,546.80 കോടി, 0.93 ശതമാനം), എ ഡി ഐ എ (5,683.50 കോടി, 1.16 ശതമാനം), ടി പി ജി (4,546.80 കോടി, 0.93 ശതമാനം), എൽ കാറ്റർട്ടൺ (1,894.50 കോടി, 0.39 ശതമാനം) പിഐഎഫ് (11,367 കോടി, 2.32 ശതമാനം), ഇന്റൽ കാപ്പിറ്റൽ (1,894.50 കോടി, 0.39 ശതമാനം) എന്നിവരിൽ നിന്ന് ജിയോ 1,17,588.45 ലക്ഷം കോടി രൂപ സമാഹരിച്ചു.