ബൗദ്ധികാവകാശം: മേക്കർ വില്ലേജിന് ദേശീയ പുരസ്‌ക്കാരം

Posted on: August 25, 2019

അഹമ്മദാബാദിലെ ഇന്റലക്ച്വൽ പ്രോപ്പർട്ടി പ്രൊമോഷൻ ഔട്ട്റീച്ച് ഫൗണ്ടേഷന്റെ ദേശീയ പുരസ്‌കാരം മേക്കർ വില്ലേജ് സിഇഒ പ്രസാദ് ബാലകൃഷ്ണൻ നായർ ടൈ ഗുജറാത്ത് പ്രസിഡന്റ് സൗരഭ് മേത്തയിൽ നിന്ന് സ്വീകരിക്കുന്നു. യൂറോപ്യൻ ബിസിനസ് ടെക്നോളജി സെന്റർ ന്യൂഡൽഹി എം ഡി പോൾ ജെൻസൻ സമീപം.

കൊച്ചി : ബൗദ്ധികാവകാശ സംസ്‌കാരം വളർത്തിയെടുക്കുന്നതിനു നൽകിയ സുപ്രധാന സംഭാവനകൾക്കുള്ള ദേശീയ പുരസ്‌കാരം രാജ്യത്തെ ഏറ്റവും വലിയ ഇലക്ട്രോണിക് ഹാർഡ്‌വേർ ഇൻകുബേറ്ററായ കൊച്ചി മേക്കർവില്ലേജിന് ലഭിച്ചു. അഹമ്മദാബാദിലെ ഇൻറലക്ച്വൽ പ്രോപ്പർട്ടി പ്രൊമോഷൻ ഔട്ട്‌റീച്ച് ഫൗണ്ടേഷനാണ്(ഐപിപിഒഎഫ്) പുരസ്‌കാരം നൽകിയത്. അഹമ്മദാബാദിൽ നടന്ന ചടങ്ങിൽ മേക്കർവില്ലേജ് സിഇഒ പ്രസാദ് ബാലകൃഷ്ണൻ നായർ പുരസ്‌കാരം ഏറ്റുവാങ്ങി.

ബൗദ്ധികാവകാശങ്ങൾ നേടിക്കൊടുക്കുന്നതിലും അവയെക്കുറിച്ച് അവഗാഹം വളർത്തുന്നതിലും മേക്കർവില്ലേജ് നടത്തി വരുന്ന പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണ് പുരസ്‌കാരമെന്ന് ഐപിപിഒഎഫ് അറിയിച്ചു. രാജ്യത്തെ അംഗീകൃത ഇൻകുബേഷൻ കേന്ദ്രങ്ങളെയാണ് പുരസ്‌കാരത്തിന് പരിഗണിച്ചത്. ബൗദ്ധികാവകാശ മേഖലയിൽ മികച്ച ഘടനയുള്ളതും തൊട്ടു മുമ്പുള്ള സാമ്പത്തിക വർഷം മികച്ച ബൗദ്ധികാവകാശ നേട്ടം കരസ്ഥമാക്കിയതുമായ സ്ഥാപനങ്ങളുമാണ് മത്സരരംഗത്തുണ്ടായിരുന്നത്.

ബൗദ്ധികാവകാശ രംഗത്ത് കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി മികച്ച സേവനദാതാവാണ് ഐപിപിഒഎഫ്. ബൗദ്ധികാവകാശങ്ങളെക്കുറിച്ച് സ്റ്റാർട്ടപ്പ് സംരംഭങ്ങൾ, വ്യക്തികൾ, സംരംഭകർ എന്നിവർക്ക് അവഗാഹമുണ്ടാക്കുകയാണ് സ്ഥാപനത്തിൻറെ ലക്ഷ്യം. പരിശീലന കളരികൾ, ഹ്രസ്വകാല-ദീർഘകാല കോഴ്‌സുകൾ തുടങ്ങിയവ ഐപിപിഒഎഫ് സംഘടിപ്പിച്ചു വരുന്നു.

കേവലം ഇൻകുബേറ്റർ എന്നതിനു പുറമെ, സംരംഭങ്ങൾക്ക് ബൗദ്ധികാവകാശങ്ങളെക്കുറിച്ച് ബോധവത്കരണം നടത്തുന്നതിനൊപ്പം പേറ്റൻറ് എടുക്കുന്നതിനും മേക്കർവില്ലേജ് സൗകര്യം ചെയ്തിട്ടുണ്ടെന്ന് പ്രസാദ് ബാലകൃഷ്ണൻ നായർ പറഞ്ഞു. ഒരു അന്താരാഷ്ട്ര പേറ്റൻറുൾപ്പെടെ നാല് പേറ്റൻറുകൾ ഇതിനകം തന്നെ മേക്കർവില്ലേജിലെ കമ്പനികൾക്ക് ലഭിച്ചു കഴിഞ്ഞു. 45 പേറ്റൻറുകൾക്കുള്ള അപേക്ഷകൾ അംഗീകാരത്തിന്റെ വിവിധ ഘട്ടങ്ങളിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആകെ 68 സ്റ്റാർട്ടപ്പുകളാണ് മേക്കർവില്ലേജിലുള്ളത്. ഇതിൽ 27 കമ്പനികളുടെ ഉത്പന്നങ്ങൾക്ക് ആദ്യ വിൽപന കരാർ ലഭിച്ചു കഴിഞ്ഞു. 26 കമ്പനികൾ ഉത്പന്ന വികസനത്തിന്റെ പാതയിലാണ്.