യമ്മി മോം : സ്റ്റാർട്ടപ്പ് മീൻകറിയിലുമാകാം

Posted on: October 6, 2014

Jomon-Thomas-yummy-mom-big

സ്റ്റാർട്ടപ്പ് സംരംഭം ഐടിയിൽ മാത്രമല്ല, മീൻകറിയിലുമാകാം. സാധാരണ അന്തരീക്ഷ ഊഷ്മാവിൽ ഒന്നര വർഷം വരെ കേടുകൂടാതെ സൂക്ഷിക്കാവുന്ന മീൻകറിയാണ് രണ്ടാം വർഷ എംബിഎ വിദ്യാർത്ഥിയായ ജോമോൻ തോമസിന്റെ സവിശേഷമായ ഉത്പന്നം. കുട്ടിക്കാനം മരിയൻ കോളജിലെ വിദ്യാർത്ഥിയായ ജോമോൻ തന്റെ ഉത്പന്നം യമ്മി മോം ബ്രാൻഡിൽ രണ്ടു മാസത്തിനുള്ളിൽ വിപണിയിലെത്തിക്കാനുള്ള തയാറെടുപ്പിലാണ്.

കേരള സ്റ്റൈൽ ട്യൂണ മീൻ കറിയും മുഗളായ് രുചിയുള്ള റോഹു മീൻകറിയുമാണ് ആദ്യം പുറത്തിറക്കിയിട്ടുള്ളത്. 230 ഗ്രാം പായ്ക്കറ്റിൽ 130 ഗ്രാം തൂക്കമുള്ള രണ്ടു മീൻ കഷണങ്ങളും 100 ഗ്രാം ഗ്രേവിയുമാണുള്ളത്. വാണിജ്യോത്പാദനമാരംഭിക്കുമ്പോൾ വില ഒരു പായ്ക്കറ്റിന് 100 രൂപയിൽ താഴെ നിർത്തണമെന്നാണ് ജോമോന്റെ ആഗ്രഹം. വിപണി വികസിക്കുന്നതനുസരിച്ച് ചിക്കൻ കറി, ബീഫ് കറി എന്നിവ ഉൾപ്പെടുത്തി ഉത്പന്നനിര വിപുലപ്പെടുത്തും.

യാതൊരു പ്രിസർവേറ്റീവ്‌സും ചേർക്കാതെയാണ് മീൻകറി തയാറാക്കുന്നത്. 120 ഡിഗ്ര ഊഷ്മാവിൽ അണുനശീകരണം നടത്തിയ ശേഷം വാക്വം ഫില്ലിംഗ് രീതിയിലാണ് മീൻകറി പായ്ക്ക് ചെയ്യുന്നത്. റിട്ടോർട്ട് പൗച്ച് പായ്ക്കിംഗ് മീൻകറി കേടുകൂടാതെ ദീർഘനാൾ സൂക്ഷിക്കാൻ സഹായിക്കുമെന്നും ജോമോൻ തോമസ് പറഞ്ഞു.

Yummy-Mom-bigആവശ്യമുള്ള സമയത്ത് മൈക്രോവേവ് ഓവനിൽ വച്ചോ പായ്ക്കറ്റ് ചൂടുവെള്ളത്തിൽ മുക്കിയോ മീൻകറി ചൂടോടെ ഉപയോഗിക്കാം. കെഎസ്‌ഐഡിസി കഴിഞ്ഞ മാസം അങ്കമാലി അഡ്‌ലക്‌സ് കൺവെൻഷൻ സെന്ററിൽ സംഘടിപ്പിച്ച യുവ സംരംഭ ഉച്ചകോടിയിൽ (യെസ്) തന്റെ ഉത്പന്നം ജോമോൻ അവതരിപ്പിച്ചിരുന്നു. ജോമോൻ തോമസിന്റെ ഉത്പന്നം രുചിച്ചുനോക്കിയ 99 ശതമാനം പേരും പോസിറ്റീവായ അഭിപ്രായമാണ് പ്രകടിപ്പിച്ചത്.

കൊച്ചിയിലെ സെൻട്രൽ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ഫിഷറീസ് ടെക്‌നോളജി (സിഫ്റ്റ്) യുടെ സാങ്കേതികവിദ്യ ജോമോൻ പ്രയോജനപ്പെടുത്തി ഉത്പന്നം വികസിപ്പിക്കുകയായിരുന്നു. വിപണന സാധ്യതകൾ കണക്കിലെടുത്ത് യമ്മി മോം ട്രേഡ്മാർക്ക് രജിസ്റ്റർ ചെയ്തുകഴിഞ്ഞു. പാലക്കാട് ജെല്ലിപ്പാറ തടത്തിൽ തോമസിന്റെയും മേരിയുടെയും മകനായ ജോമോൻ മാർക്കറ്റിംഗിലാണ് (എംബിഎ) സ്‌പെഷലൈസ് ചെയ്യുന്നത്.

കൊച്ചിയിൽ സിഫ്റ്റിന്റെ ഇൻകുബേഷൻ സെന്ററായി പ്രവർത്തനമാരംഭിക്കുമ്പോൾ 25 ലക്ഷം രൂപയുടെ മുതൽ മുടക്കാണ് ജോമോൻ പ്രതീക്ഷിക്കുന്നത്. ഒരു വർഷത്തിനുള്ളിൽ ഒരു കോടി രൂപ മുടക്കി അത്യാധുനിക സംവിധാനങ്ങളുള്ള പ്ലാന്റ് സഥാപിക്കാനും ഈ വിദ്യാർത്ഥിക്കു ആഗ്രഹിക്കുന്നു. യമ്മി മോമിന്റെ പദ്ധതിയുമായി സഹകരിക്കാൻ കെഎഫ്‌സി താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. കയറ്റുമതി അന്വേഷണങ്ങൾ ([email protected]) ലഭിക്കുന്നുണ്ടെങ്കിലും കേരള വിപണിയിൽ ചുവടുറപ്പിച്ചിട്ട് കയറ്റുമതിയാകാമെന്ന നിലപാടിലാണ് ജോമോൻ.