നൂറ് കോടി രൂപ വായ്പയുമായി കെ.എസ്.ഐ.ഡി.സി.

Posted on: February 19, 2021

തിരുവനന്തപുരം: ചെറുകിട വ്യവസായങ്ങള്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കും പ്രവാസി സംരംഭങ്ങള്‍ക്കുമായുള്ള മുഖ്യമന്ത്രിയുടെ പ്രത്യേക സഹായപദ്ധതി പ്രകാരം സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷന്‍ (കെ.എസ്.ഐ.ഡി.സി.) നൂറുകോടി രൂപ വായ്പ നല്‍കും. പദ്ധതി സര്‍ക്കാര്‍ അംഗീകരിച്ചതായി കേര്‍പ്പറേഷന്‍ മാനേജിംഗ് ഡയറക്ടര്‍ എം.ജി. രാജമാണിക്യം പറഞ്ഞു.

കോവിഡ് പ്രതിസന്ധിയില്‍നിന്ന് ചെറുകിട വ്യവസായ മേഖലയെ രക്ഷിച്ച് കേരളത്തിലുടനീളം പുതിയ സംരംഭങ്ങള്‍ തുടങ്ങുകയുമാണ് പദ്ധതിയുടെ ലക്ഷ്യം. ഏഴ് ശതമാനമാണ് വായ്പയുടെ പലിശ. മൂന്നുശതമാനം പലിശ സബ്സിഡി ലഭിക്കും.

മധ്യകാല വായ്പയായി 60 മാസത്തേക്ക് 25 ലക്ഷം രൂപ മുതല്‍ രണ്ടുകോടി രൂപവരെ നല്‍കും. മൂലധനവായ്പയായി എട്ടുവര്‍ഷത്തേക്ക് അഞ്ചുലക്ഷം മുതല്‍ ഒരുകോടി രൂപവരെ നല്‍കും.

ഓണ്‍ലൈനില്‍ സുതാര്യവും ലളിതവുമായ നടപടിക്രമങ്ങളിലൂടെയാണ് വായ്പ അനുവദിക്കുന്നത്. കോര്‍പ്പറേഷനിലെ ആഭ്യന്തരസമിതി ശുപാര്‍ശ ചെയ്താല്‍ മാനേജിംഗ് ഡയറക്ടര്‍ വായ്പ അനുവദിക്കും. വര്‍ഷം കുറഞ്ഞത് 500 സംരംഭങ്ങള്‍ക്കെങ്കിലും വായ്പനല്‍കാനാണ് കെ.എസ്.ഐ.ഡി.സി. ഉദ്ദേശിക്കുന്നത്.

TAGS: KSIDC |