ജിയോജിത്തിന് 149 കോടി രൂപ അറ്റാദായം

Posted on: May 2, 2024

കൊച്ചി : നിക്ഷേപ സേവന സ്ഥാപനമായ ജിയോജിത് കഴിഞ്ഞ സാമ്പത്തിക വര്‍ഷം 149 കോടി രൂപ അറ്റാദായം നേടി ; 48% വര്‍ധന. മൊത്ത വരുമാനം 39% വര്‍ധനയോടെ 448 കോടി രൂപയില്‍ നിന്ന് 624 കോടി രൂപയായി ഉയര്‍ന്നു. നാലാം ത്രൈമാസത്തിന്റെ മൊത്തം വരുമാനം 209 കോടി രൂപ. 117 കോടി രൂപയില്‍ നിന്നാണ് 79% വര്‍ദ്ധിച്ചത്.

ഒരു രൂപ മുഖവിലയുള്ള ഒരു ഓഹരിക്ക് 1.50 രൂപ (150%) എന്ന നിരക്കില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ ലാഭവിഹിതം നല്‍കാന്‍ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സ് ശുപാര്‍ശ ചെയ്തു. കമ്പനിയുടെ ക്യാപ്പിറ്റല്‍ മാര്‍ക്കറ്റ് ബിസിനസ് വിപുലപ്പെടുത്തുന്നതിനായി ദുബായ് ഇന്റര്‍നാഷനല്‍ ഫിനാന്‍ഷ്യല്‍ സെന്ററില്‍(ഡിഐഎഫ്സി) 10 ലക്ഷം ഡോളര്‍ നിക്ഷേപിക്കുന്നതിനും ബോര്‍ഡ് അനുമതി നല്‍കി.

ജിയോജിത്തിനു നിലവില്‍ 13 ലക്ഷത്തിലധികം ഇടപാടുകാരുണ്ട്. മാര്‍ച്ച് 31 വരെയുള്ള കണക്കു പ്രകാരം കമ്പനി കൈകാര്യം ചെയ്യുന്ന ഇടപാടുകാരുടെ ആസ്തി 93,000 കോടി രൂപയാണ്.

 

TAGS: Geojith |