കെഎസ്ഐഡിസി-യുടെ പ്രാരംഭ ഫണ്ടിംഗുമായി തുടങ്ങിയ വെര്‍ടെയില്‍ ടെക്നോളജീസ് വ്യോമയാന മേഖലയുടെ ഉയരങ്ങളില്‍

Posted on: February 15, 2022

കൊച്ചി : കേരള സംസ്ഥാന വ്യവസായ വികസ കോര്‍പറേഷന്റെ സീഡ് ഫണ്ടുമായി വ്യോമ ഗതാഗത സാങ്കേതിക വിദ്യയുടെ മേഖലയില്‍ പ്രവര്‍ത്തനം തുടങ്ങിയ വെര്‍ടെയില്‍ ടെക്നോളജീസ് 30 ആഗോള വിമാന സര്‍വീസ് കമ്പനികളുമായി കരാര്‍ ഒപ്പു വെച്ചു. ഈ വര്‍ഷം അവസാനത്തോടെ 60 വിമാന സര്‍വീസ് കമ്പനികളുമായി കരാര്‍ ഒപ്പുവെക്കുന്നതാണ്.

വിമാന യാത്രയുമായി ബന്ധപ്പെട്ട റിസര്‍വേഷന്‍ സംവിധാനത്തില്‍ ഗണ്യമായ പ്രവര്‍ത്തനപരിചയമുള്ള ജെറിന്‍ ജോസും, സതീഷ് സച്ചിതും സ്ഥാപിച്ച വെര്‍ടെയിലിന് കെഎസ്ഐഡിസി സീഡ് ഫണ്ടായി 2016 ല്‍ 25 ലക്ഷം രൂപ അനുവദിച്ചു.

ഇന്റര്‍നെറ്റിന്റെ വരവോടെ വ്യോമയാന ഗതാഗത മേഖലയെ അതുവരെ അടക്കിവാണിരുന്ന ഗ്ലോബല്‍ ഡിസ്ട്രിബ്യൂഷന്‍ സിസ്റ്റം എന്ന സാങ്കേതിക സംവിധാനത്തെ മറികടക്കാനുള്ള അവസരമൊരുങ്ങിയെന്ന തിരിച്ചറിവാണ് പുതിയ സംരഭത്തിന്റെ അടിത്തറ. ഗതാഗത വ്യവസായ മേഖലയിലെ വ്യത്യസ്ത സേവനദാതാക്കളായ എയര്‍ലൈനുകള്‍, ട്രാവല്‍ ഏജന്റ്സ്, ഹോട്ടലുകള്‍ എന്നിവയെ പരസ്പരം ബന്ധിപ്പിക്കുന്ന സാങ്കേതിക വിദ്യ GDS – ആയിരുന്നു.

അന്താരാഷ്ട്ര വ്യോമ ഗതാഗത അസ്സോസിയേഷന്‍ (അയാട്ട) പുതിയ സാങ്കേതിക വിദ്യയായ ന്യു ഡിസ്ട്രിബ്യൂഷന്‍ കേപബിലിറ്റിക്ക് തുടക്കമിട്ടതോടെ പുതിയൊരു ബിസിനസ്സ് സാധ്യത ജെറിന്‍ ജോസും, സതീഷ് സച്ചിതും തിരിച്ചറിഞ്ഞു. പുതിയ സംവിധാനം എയര്‍ലൈന്‍ ഉത്പന്നങ്ങളുടെ
റീട്ടെയ്ല്‍ വിതരണത്തെ മാറ്റിമറിക്കുമെന്ന് അവര്‍ വിലയിരുത്തി.

‘രണ്ടാം ലോകയുദ്ധകാലത്ത് വികസിപ്പിച്ച പരമ്പരാഗത എയര്‍ലൈന്‍ ഡിസ്ട്രിബ്യൂഷന്‍ സംവിധാനത്തിന് കസ്റ്റമറിന്റെ ആവശ്യാനുസരണമുള്ള സേവനങ്ങള്‍ നലകുന്നതുള്‍പ്പടെയുള്ള കാര്യങ്ങളില്‍ നിരവധി പരിമിതികളുണ്ടായിരുന്നു. വിമാനങ്ങളിലെ ഭക്ഷണം ഉദാഹരണമായെടുക്കാം. വെജിറ്റേറിയന്‍ അല്ലെങ്കില്‍ നോണ്‍-വെജിറ്റേറിയന്‍ മാത്രമായിരുന്നു സാധ്യതകള്‍. എന്നാല്‍ എന്‍ഡിസി സംവിധാനത്തില്‍ കൂടുതല്‍ സാധ്യതകള്‍ നല്‍കാനാവും. റീടൈല്‍ വിതരണ ക്രമത്തില്‍ എയര്‍ലൈനുകള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ നല്‍കാനാവും’, വെരിടെയില്‍ സ്ഥാപക സിഇഒ ജെറിന്‍ ജോസ് പറഞ്ഞു.

ആഗോള വിമാനക്കമ്പനികളായ എമിറേറ്റ്സ്, കാത്തെ പസിഫിക്, ലുഫ്ത്താന്‍സ തുടങ്ങിയവയുമായി ഇതിനകം കരാര്‍ ഒപ്പുവെച്ച വെരിടെയില്‍ ഈ വര്‍ഷം അവസാനത്തോടെ നിരവധി എയര്‍ലൈന്‍ കമ്പനികളുമായി കരാറില്‍ ഏര്‍പ്പെടുന്നതാണ്. എയര്‍ലൈന്‍ ഡിസ്ട്രിബ്യൂഷന്‍ ഉത്പന്നങ്ങളുടെ സാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട ബിസിനസ്സ് ആഗോളതലത്തില്‍ 1-ട്രില്യണ്‍ ഡോളറിന്റേതാണ്.

‘വെര്‍ടെയില്‍ ടെക്നോളജീസിന് അതിന്റെ തുടക്കത്തില്‍ സാമ്പത്തിക സഹായം നല്‍കിയതില്‍ ഞങ്ങള്‍ വളരെ സന്തുഷ്ടരാണ്. അപ്പോഴായിരുന്നു അവര്‍ക്ക് പണം ഏറ്റവും ആവശ്യമായിരുന്ന സമയം. വിജയ സാധ്യതയുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഉചിതമായ സമയത്ത് വേണ്ട സഹായമെത്തിക്കുകയെന്ന കെഎസ്ഐഡിസി-യുടെ വീക്ഷണത്തിന്റെ പ്രതീകമാണ് വെര്‍ടെയില്‍’, കെഎസ്ഐഡിസി മാനേജിംഗ് ഡയറക്ടര്‍ എംജി രാജമാണിക്കം പറഞ്ഞു. മികച്ച വിജയ സാധ്യതയുള്ള നൂതന സംരഭങ്ങള്‍ക്ക് കെഎസ്ഐഡസി-യുടെ സീഡ് ഫണ്ടിംഗ് ഇപ്പോഴും ലഭ്യമാണെന്ന്, രാജമാണിക്കം വ്യക്തമാക്കി.

ജപ്പാനിലുള്ള ഒരു സബ്സിഡിയറി സ്ഥാപനത്തിന് പുറമെ വെരിടെയില്‍ ടെക്നോളജീസിന് ഇപ്പോള്‍ ആഗോളതലത്തില്‍ 7 സ്ഥലങ്ങളില്‍ സാന്നിദ്ധ്യമുണ്ട്.