കൊച്ചിയില്‍ ഇനി കണ്ടെയ്നര്‍ ടോയ്‌ലറ്റും

Posted on: June 8, 2019

കൊച്ചി: എറണാകുളം എം.ജി. റോഡില്‍ അറ്റ്‌ലാന്റിസ് ജംഗ്ഷനില്‍ കണ്ടെയ്നര്‍ ടോയ്‌ലറ്റ് തുറന്നു. കണ്ടെയ്നര്‍ ടോയ്‌ലറ്റിന്റെ ഉദ്ഘാടനം കൊച്ചി കപ്പല്‍ശാല ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ മധു.എസ്. നായര്‍ നിര്‍വഹിച്ചു. കൊച്ചി കപ്പല്‍ശാലയുടെ സി എസ് ആര്‍ പദ്ധതികളുടെ ഭാഗമായ സാമ്പത്തിക സഹായത്തോടെയാണ് വെടിപ്പും വൃത്തിയുമുള്ള പൊതു ശൗചാലയങ്ങള്‍ എന്ന പദ്ധതിയുടെ ഭാഗമായി ബി കെ ആര്‍ ജി കണ്ടെയ്നര്‍ ടോയ്‌ലറ്റ് സ്ഥാപിച്ചത്. ബെറ്റര്‍ കൊച്ചി റെസ്‌പോണ്‍സ് ഗ്രൂപ്പ് (ബി.കെ.ആര്‍.ജി), ക്രെഡായ് ക്ലീൻ സിറ്റി മൂവ്‌മെന്റ്‌ എന്നിവരുമായി സഹകരിച്ചാണ് കണ്ടെയ്നര്‍ ടോയ്‌ലറ്റിന്റെ പരിപാലനം.

പുരുഷന്മാര്‍, സ്ത്രീകള്‍, അംഗവൈകല്യം ഉള്ളവര്‍, ട്രാന്‍സ്‌ജെന്‍ഡേഴ്സ് എന്നിവര്‍ക്കായി പ്രത്യേക ടോയ്ലറ്റുകള്‍ നിര്‍മ്മിച്ചിട്ടുണ്ട്. ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് വേണ്ടിയുള്ള ആദ്യ പൊതു ടോയ്‌ലറ്റ് കൂടിയാണിത്. 20 അടി വിസ്തീര്‍ണമുള്ള കണ്ടെയ്നറാണ് ടോയ്‌ലറ്റായി രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഉയര്‍ന്ന ഗുണനിലവാരമുള്ള അലൂമിനിയം പാനലുകള്‍ ഉപയോഗിച്ചാണ് ടോയ്‌ലറ്റിന്റെ ഉള്‍ത്തളം രൂപകല്‍പന ചെയ്തിരിക്കുന്നത്. കുമാര്‍ ഗ്രൂപ്പ് ആര്‍ക്കിടെക്റ്റ്‌സ് ആണ് ടോയ്‌ലറ്റ് രൂപകല്‍പന ചെയ്തിരിക്കുന്നത്. ജനാലകള്‍ ഉണ്ടാവില്ല. പകരം റൂഫ്ടോപ്പ് എക്‌സ്‌ഹോസ്റ്റ് സംവിധാനമാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. മേല്‍ക്കൂരയില്‍ സ്ഥാപിച്ചിരിക്കുന്ന ഗ്ലാസുകളിലൂടെ യഥേഷ്ടം സൂര്യപ്രകാശം ഉള്ളിലെത്തുകയും ചെയ്യും. വീല്‍ ചെയര്‍ ഉപയോഗിക്കുന്നവര്‍ക്കായി പ്രത്യേക റാമ്പും തയാറാക്കിയിട്ടുണ്ട്. എല്‍ ഇ ഡി ലൈറ്റുകളാണ് ഉപയോഗിച്ചിരിക്കുന്നത്. ടോയ്‌ലറ്റിന്റെ മുന്‍ഭാഗത്ത് പരസ്യം നല്‍കാനുള്ള സംവിധാനവും വെര്‍ട്ടിക്കല്‍ ഗാര്‍ഡനും ഒരുക്കിയിട്ടുണ്ട്.

രാജ്യാന്തര നിലവാരത്തിലാണ് ടോയ്ലറ്റ് നിര്‍മ്മിച്ചിരിക്കുന്നത് എന്നതിനാല്‍ വിനോദ സഞ്ചാരികള്‍ക്കും ഇത് ഉപയോഗിക്കാം. പേ ആന്‍ഡ് യൂസ് അടിസ്ഥാനത്തിലുള്ള ടോയ്‌ലറ്റിന്റെ ശുചീകരണവും നടത്തിപ്പ് ചുമതലയും ക്രെഡായ് ക്‌ളീന്‍ സിറ്റി മൂവ്മെന്റിനാണ്. എറണാകുളം കളക്ടറേറ്റിന് സമീപം കഴിഞ്ഞ പത്ത് വര്‍ഷമായി ക്രെഡായ് ക്‌ളീന്‍ സിറ്റി മൂവ്‌മെന്റിന്റെ മേല്‍നോട്ടത്തില്‍ വൃത്തിയും ശുചിത്വവുമുള്ള ടോയ്‌ലറ്റ് വിജയകരമായി നടത്തി വരുന്നുണ്ട്.

കേരളത്തിലെ ഏഴ് നഗരങ്ങളിലെ വന്‍കിട റസിഡന്‍ഷ്യല്‍ കോംപ്ലക്‌സുകളിലെ ഖരമാലിന്യ സംസ്‌ക്കരണത്തിന് സംസ്ഥാന സര്‍ക്കാരിന്റെ ശുചിത്വ മിഷന്‍ പദ്ധതിക്കായുള്ള സേവനദാതാവ് കൂടിയാണ് ക്രെഡായ് ക്‌ളീന്‍ സിറ്റി മൂവ്‌മെന്റ്.