ക്രെഡായ് കേരള സ്റ്റേറ്റ്‌കോണ്‍ ഇന്ന് മുതല്‍ കൊച്ചിയില്‍

Posted on: August 12, 2022

കൊച്ചി: കോണ്‍ഫെഡറേഷന്‍ ഓഫ് റിയല്‍ എസ്റ്റേറ്റ് ഡെവലപ്പേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ (ക്രെഡായ്) സംസ്ഥാന ഘടകമായ ക്രെഡായ് കേരളയുടെ സംസ്ഥാന സമ്മേളനം – ക്രെഡായ് കേരള സ്റ്റേറ്റ്‌കോണ്‍ – ആഗസ്റ്റ് 12,13 തീയതികളില്‍ കളമശേരി ചക്കോളാസ് പവലിയന്‍ ഈവന്റ് സെന്ററില്‍ നടക്കും.

ഇന്ന് രാവിലെ പത്തരയ്ക്ക് കൊച്ചി മേയര്‍ എം. അനില്‍കുമാര്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. അനറോക് ഗ്രൂപ്പ് ചെയര്‍മാന്‍ അനുജ് പുരി മുഖ്യാതിഥിയാകും. ക്രെഡായ് കേരള ചെയര്‍മാന്‍ എം.എ മെഹബൂബ്, കോണ്‍ഫറന്‍സ് ചെയര്‍മാന്‍ എം.വി ആന്റണി,സെക്രട്ടറി ജനറല്‍ ജോണ്‍ തോമസ് തുടങ്ങിയവര്‍ പങ്കെടുക്കും. തുടര്‍ന്ന് നിര്‍മാണ മേഖലയുമായി ബന്ധപ്പെട്ട വിവിധ സാങ്കേതിക സെഷനുകള്‍ നടക്കും.

റിയല്‍ എസ്റ്റേറ്റ് മേഖലയിലെ നവീന രീതികളും വെല്ലുവിളികളും സമ്മേളനം ചര്‍ച്ച ചെയ്യും. നിര്‍മാണ കമ്പനി ഉടമകള്‍, സി ഇ ഒമാര്‍, കണ്‍സ്ട്രക്ഷന്‍, ബില്‍ഡേഴ്സ് കമ്പനി ഡയറക്ടര്‍മാര്‍, ആര്‍ക്കിറ്റെക്റ്റുമാര്‍, കണ്‍സള്‍ട്ടന്റുമാര്‍ തുടങ്ങി നാനൂറിലേറെ പ്രതിനിധികള്‍ പങ്കെടുക്കും.

രണ്ടാം ദിവസം രാവിലെ ഒന്‍പതരയ്ക്ക് സാങ്കേതിക സെഷനുകള്‍ പുനരാരംഭിക്കും. 11.30 ന് നടക്കുന്ന സെഷനില്‍ വ്യവസായ മന്ത്രി പി. രാജീവ്, ഹൗസിംഗ് ആന്‍ഡ് അര്‍ബന്‍ അഫയേഴ്സ് മന്ത്രാലയ സെക്രട്ടറി മനോജ് ജോഷി, നിയുക്ത ക്രെഡായ് ദേശീയ പ്രസിഡന്റ് ബൊമന്‍ ഇറാനി, ക്രെഡായ് നാഷണല്‍ ദക്ഷിണ മേഖലാ വൈസ് പ്രസിഡന്റ് റാം റെഡ്ഡി, കെ എസ് ഐ ഡി സി മാനേജിംഗ് ഡയറക്ടര്‍ എം.ജി രാജമാണിക്യം, വ്യവസായ, നോര്‍ക്ക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സുമന്‍ ബില്ല എന്നിവര്‍ പങ്കെടുക്കും.

ഉച്ചയ്ക്ക് ഒരു മണിക്ക് നടക്കുന്ന എവേക്ക് ട്രിവാന്‍ഡ്രം എന്ന പ്രത്യേക സെഷനില്‍ ക്രെഡായ് കേരള കണ്‍വീനര്‍ ജനറലും എവേക്ക് ട്രിവാന്‍ഡ്രം പ്രസിഡന്റുമായ രഘുചന്ദ്രന്‍ നായര്‍, സെക്രട്ടറി ആര്‍. അനില്‍കുമാര്‍, സി ഇ ഒ രഞ്ജിത്ത് രാമാനുജം എന്നിവര്‍ പങ്കെടുക്കും.

കേരളത്തിലെയും അയല്‍ സംസ്ഥാനങ്ങളിലെയും വികസനങ്ങള്‍ താരതമ്യം ചെയ്തുകൊണ്ടുള്ള ക്രെഡായ് റിപ്പോര്‍ട്ട് രണ്ടാം ദിവസം മന്ത്രി പി. രാജീവ് പ്രകാശനം ചെയ്യും. അയല്‍ സംസ്ഥാനങ്ങളില്‍ നടപ്പാക്കിയ നയങ്ങള്‍ സമഗ്ര വികസനത്തിന് എത്രത്തോളം സഹായകരമായി എന്ന് സമഗ്രമായി പ്രതിപാദിക്കുന്ന റിപ്പോര്‍ട്ടാണ് ക്രെഡായ് കേരള അനറോക് ഗ്രൂപ്പുമായി ചേര്‍ന്ന് തയാറാക്കിയിരിക്കുന്നത്. അടുത്ത അഞ്ച് വര്‍ഷത്തേക്ക് കേരളം സ്വീകരിക്കേണ്ട വികസന പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച നിര്‍ദേശങ്ങളും റിപ്പോര്‍ട്ടിലുണ്ട്.

 

TAGS: Credai |