ക്രെഡായ് കൊച്ചി പ്രോപ്പര്‍ട്ടി എക്‌സ്‌പോയ്ക്ക് സമാപനം

Posted on: July 26, 2022

കൊവിഡ് പ്രതിസന്ധികള്‍ സൃഷ്ടിച്ച രണ്ടുവര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം ഭവനനിര്‍മ്മാണ രംഗത്തെ പുത്തന്‍ മാറ്റങ്ങള്‍ ഉപഭോക്താക്കള്‍ക്ക് മുന്നിലെത്തിച്ച, ക്രെഡായ് കൊച്ചി പ്രോപ്പര്‍ട്ടി എക്‌സ്‌പോയുടെ 29-ാം എഡിഷന്‍ ഇന്നലെ സമാപിച്ചു. കളമശ്ശേരി ഡെക്കാത്‌ലണിന് എതിര്‍വശത്തുള്ള ചാക്കോളാസ് പവിലിയന്‍ സെന്ററില്‍ ക്രെഡായ് കൊച്ചി ഘടകത്തിന്റെ നേതൃത്വത്തില്‍ മൂന്ന് ദിവസങ്ങളായി നടക്കുന്ന എക്‌സ്‌പോയില്‍ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.

ഉപഭോക്താക്കളെ ആകര്‍ഷിയ്ക്കുന്നതില്‍ ഭവന നിക്ഷേപങ്ങള്‍ക്ക് ഇന്നും വലിയ പങ്കുണ്ടെന്നതിന് തെളിവായിരുന്നു എക്‌സ്‌പോയിലുടനീളം ദൃശ്യമായ ജനപങ്കാളിത്തം. പ്രമുഖ ധനകാര്യ സ്ഥാപനമായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ സഹകരണത്തോടെയാണ് ഇത്തവണത്തെ എക്‌സ്‌പോ സംഘടിപ്പിച്ചത്.

22 ക്രെഡായ് അംഗീകൃത ബില്‍ഡര്‍മാരുടെ 100-ല്‍ അധികം പ്രൊജക്ടുകള്‍ ഉപഭോക്താക്കള്‍ക്ക് പരിചയപ്പെടുത്തിയ എക്‌സ്‌പോയിലൂടെ സുരക്ഷിതമായൊരു വീട് സ്വന്തമാക്കുകയെന്ന നിരവധി പേരുടെ ചിരകാല സ്വപ്നമാണ് യാഥാര്‍ത്ഥ്യമായത്. കുറഞ്ഞ പലിശനിരക്കില്‍ ഹോം ലോണുകള്‍ ലഭ്യമാക്കിയ നിരവധി ബാങ്കുകളുടെ പങ്കാളിത്തം എക്‌സ്‌പോയുടെ മുഖ്യ ആകര്‍ഷണമായി. കൂടാതെ തിരഞ്ഞെടുത്ത വിന്റേജ്, ക്ലാസിക് കാറുകളുടെ പ്രദര്‍ശനം ആസ്വദിക്കുന്നതിനും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. രാവിലെ 10 മുതല്‍ രാത്രി 8 വരെയാണ് പ്രദര്‍ശന സമയമൊരുക്കിയിരിക്കുന്നത്.

TAGS: Credai |