ക്രെഡായ് യൂത്ത്‌കോൺ : പ്രധാനമന്ത്രി അഭിസംബോധന ചെയ്യും

Posted on: February 7, 2019

കൊച്ചി : ക്രെഡായ് യൂത്ത് കോൺ 13, 14 തീയതികളിൽ ന്യൂഡൽഹി തൽക്കത്തോറ സ്റ്റേഡിയത്തിൽ നടക്കും. മൂവായിരത്തോളം യുവ റിയൽ എസ്റ്റേറ്റ് ഡെവലപ്പേഴ്‌സിനെ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിസംബോധന ചെയ്യും. രാജ്യത്തെ റിയൽ എസ്റ്റേറ്റ് രംഗം ഇന്നോളം കണ്ടിട്ടുള്ളതിൽ ഏറ്റവും ക്രിയാത്മകമായ സമ്മേളനമായിരിക്കും ക്രെഡായ് യൂത്ത്‌കോൺ. ഇന്ത്യൻ റിയൽ എസ്റ്റേറ്റ് രംഗത്തെ പുതുതലമുറയുടെ സംഗമം കൂടിയായ ഈ ദ്വിദിന സമ്മേളനം രാജ്യത്തെ റിയൽ എസ്റ്റേറ്റ് വളർച്ചയുടെ ഭാവിയിലേക്കുള്ള ചൂണ്ടുപലക കൂടിയാകും.

രാജ്യത്തെ നടക്കുന്ന ഏറ്റവും വലിയ റിയൽഎസ്റ്റേറ്റ് സമ്മിറ്റ് ആയിരിക്കും ക്രെഡായ് യൂത്ത് കോൺ എന്ന് ക്രെഡായ് ദേശീയ പ്രസിഡണ്ട് ജാക്‌സൈ ഷാ പറഞ്ഞു. ഇന്ത്യയുടെ സമ്പദ്ഘടനയ്ക്ക് റിയൽഎസ്റ്റേറ്റ് രംഗം നൽകുന്ന സംഭാവനകൾ നിസ്തുലമാണെന്നും ഭാവിയിലെ വികസനം ദ്വിദിന സമ്മേളനം ചർച്ച ചെയ്യുമെന്നും അദേഹം പറഞ്ഞു.

പ്രധാനമന്ത്രിക്ക് പുറമെ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, ധനമന്ത്രി പീയുഷ് ഗോയൽ, കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരി, വിവിധ സംസ്ഥാനങ്ങളിലെ റേറ മേധാവികൾ, നീതി ആയോഗ് സി ഇ ഒ അമിതാഭ് കാന്ത്, എസ് ബി ഐ ചെയർമാൻ രജനീഷ് കുമാർ, എന്നിവരും സമ്മേളന പ്രതിനിധികളെ അഭിസംബോധന ചെയ്യും.

നവ ഇന്ത്യയിലേക്കുള്ള കുതിപ്പിന് സമ്മേളനം സാക്ഷ്യം വഹിക്കുമെന്ന് ക്രെഡായ് യൂത്ത് വിംഗ് ചെയർമാൻ രോഹിത് രാജ് മോഡി പറഞ്ഞു.