ശ്രീലങ്കയില്‍ ഏറ്റവും വലിയ ഹോട്ടല്‍ തുറന്ന് ഐടിസി

Posted on: April 26, 2024

കൊളംബോ : ശ്രീലങ്കയിലെ ഏറ്റവും വലുതും ഐടിസി കമ്പനി ഇന്ത്യയ്ക്കു പുറത്തു നിര്‍മിക്കുന്ന ആദ്യത്തേതുമായ ഹോട്ടലിന്റെ ഉദ്ഘാടനം ശ്രീലങ്ക പ്രസിഡന്റ് റനില്‍ വിക്രമസിംഗെ നിര്‍വഹിച്ചു. തലസ്ഥാന നഗരമായ കൊളംബോയുടെ ഹൃദയഭാഗത്ത് 4,200 കോടി രൂപ ചെലവിട്ടാണ് ‘ഐടിസി രത്‌നദീപ’ പ്രവര്‍ത്തനമാരംഭിച്ചത്.

352 മുറികളും 9 ഭക്ഷണശാലകളുമുണ്ട്. ആഡംബര ഫ്‌ലാറ്റ് സമുച്ചയമടങ്ങുന്ന ഒരു ടവറും ഇതോടൊപ്പം പ്രവര്‍ത്തിക്കുന്നു. ഹോട്ടലിനോടു ചേര്‍ന്ന് ഹെലിപ്പാഡും രാജ്യത്തെ ആദ്യത്തെ സ്‌കൈ ബ്രിജും ഒരുക്കിയിട്ടുണ്ട്.

ഇന്ത്യയുമായുള്ള സാമ്പത്തിക സഹകരണത്തിന്റെ ആദ്യപടിയായി പുതിയ സംരംഭത്തെ വിശേഷിപ്പിച്ച റനില്‍ വിക്രമസിംഗെ, ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി താന്‍ ഒപ്പുവച്ച കരാറിന്റെ ഫലമാണിതെന്നും പറഞ്ഞു. ശ്രീലങ്കന്‍ പ്രധാനമന്ത്രി ദിനേശ് ഗുണവര്‍ധനെ, മുന്‍ പ്രസിഡന്റുമാരായ ചന്ദ്രിക കുമാരതുംഗെ, ഗോട്ടബയ രാജപക്സെ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

പുകയില വ്യവസായത്തില്‍ തുടങ്ങിയ ഐടിസി ഇപ്പോള്‍ ഭക്ഷ്യ ഉല്‍പന്നങ്ങള്‍ മുതല്‍ ചര്‍മസംരക്ഷണം വരെയുള്ള മേഖലകളില്‍ പ്രവര്‍ത്തിക്കുന്നു. ഡല്‍ഹിയിലെ ഐടിസി മൗര്യ, ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഹോട്ടലായ ചെന്നൈയിലെ ഗ്രാന്‍ഡ് ചോള എന്നിവ ഇവരുടെ ഉടമസ്ഥതയിലുള്ളവയാണ്.