രണ്ട് വര്‍ഷം, 100 ഡിബിഎസ് ശസ്ത്രക്രിയകള്‍ പാര്‍ക്കിന്‍സണ്‍ രോഗികള്‍ക്ക് ആശ്വാസമായി ആസ്റ്റര്‍ മെഡ്‌സിറ്റി

Posted on: January 30, 2024

കൊച്ചി : മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട സംഗീതസംവിധായകന്‍ ഔസേപ്പച്ചന്‍ കൊച്ചിയിലെ ആസ്റ്റര്‍ മെഡ്സിറ്റിയില്‍ തന്റെ സ്വതസിദ്ധമായ ശൈലിയില്‍ ഹൃദ്യമായി ഒരു പാട്ടുപാടി. ആ പാട്ട് അവിടെ കൂടിയിരുന്ന നൂറുപേരുടെയും ഹൃദയം കവര്‍ന്നു.ആസ്റ്റര്‍ മെഡ്സിറ്റിയില്‍ വിജയകരമായി പൂര്‍ത്തിയാക്കിയ നൂറ് ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡിബിഎസ്) ശസ്ത്രക്രിയകളിലൂടെ പാര്‍ക്കിന്‍സണ്‍സ് രോഗത്തെ അതിജീവിക്കുകയും ചലനശേഷി വീണ്ടെടുക്കയും ചെയ്തവരായിരുന്നു അവര്‍. വെറും രണ്ട് വര്‍ഷം കൊണ്ട് പിന്നിട്ട ഈ നാഴികക്കല്ല് ആഘോഷിക്കാന്‍ ഒത്തുകൂടിയവര്‍. ഔസേപ്പച്ചനായിരുന്നു മുഖ്യാതിഥി.

നൂറ് ശസ്ത്രക്രിയകള്‍ എന്ന് എളുപ്പത്തില്‍ പറയാമെങ്കിലും വെറും അക്കങ്ങളിലൊതുങ്ങുന്നതല്ല ഈ നേട്ടം. വൈദ്യശാസ്ത്രത്തിലെ മികവിന്റെയും ശാസ്ത്ര,സാങ്കേതിക രംഗങ്ങളില്‍ കൈവരിച്ച പുരോഗതിയുടെയും കൂടി നേട്ടമാണിതെന്ന് ആസ്റ്റര്‍ കേരള ക്ലസ്റ്ററിലെ പാര്‍ക്കിന്‍സണ്‍സ് ആന്‍ഡ് മൂവ്മെന്റ് ഡിസോര്‍ഡര്‍ ക്ലിനിക്കിന്റെ ഡയറക്ടര്‍ ഡോ. ആശ കിഷോര്‍ പറയുന്നു. ഈ നൂറ് സര്‍ജറികളുടെ വിജയത്തിന് പിന്നിലും ഈ ഡോക്ടറുടെ കരസ്പര്‍ശമുണ്ട്. ചുരുങ്ങിയ സമയത്തിനുള്ളില്‍ ഇത്രയേറെപ്പേരെ സാധാരണ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നതില്‍ ഡോ. ആശ കിഷോറിന്റെ വൈദഗ്ധ്യവും സമര്‍പ്പണവും വലിയ പങ്കുവഹിച്ചു.

ആസ്റ്റര്‍ ഇന്ത്യ വൈസ് പ്രസിഡന്റ് ഫര്‍ഹാന്‍ യാസിന്‍, കൊച്ചി ആസ്റ്റര്‍ മെഡ്‌സിറ്റിയുടെ ഓപ്പറേഷന്‍സ് ഹെഡ് ധന്യ ശ്യാമളന്‍, ന്യുറോസ്പൈന്‍ സര്‍ജറി വിഭാഗത്തിലെ ഡോ. അനുപ് എം നായര്‍, ന്യുറോസര്‍ജറി വിഭാഗം ഡോക്ടര്‍ ഷിജോയ് പി ജോഷ്വ എന്നിവര്‍ പരിപാടിയില്‍ സംസാരിച്ചു. ആസ്റ്റര്‍ മെഡ്സിറ്റിയില്‍ പാര്‍ക്കിന്‍സണ്‍ രോഗത്തിന് ചികിത്സ തേടിയ നൂറിലേറെ അതിഥികള്‍, അവരുടെ ജീവിതത്തിലുണ്ടായ മാറ്റങ്ങളെ കുറിച്ച് വാചാലരായി. വിഭവസമൃദ്ധമായ ഭക്ഷണവും ഒരു ഹൗസ്ബോട്ട് യാത്രയും കൂടി നടത്തിയ ശേഷമാണ് സംഗമം അവസാനിപ്പിച്ചത്