കൊച്ചിന്‍ കാര്‍ണിവല്‍: ജയില്‍ മ്യുസിയം ആസ്റ്റര്‍ മെഡ്‌സിറ്റിയുടെ താത്കാലിക ആശുപത്രിയായി പ്രവര്‍ത്തിക്കും

Posted on: January 1, 2024

കൊച്ചി : കൊച്ചിന്‍ കാര്‍ണിവലില്‍ പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ എത്തുന്നവരുടെ സുരക്ഷയ്ക്കായി ഫോര്‍ട്ട് കൊച്ചിയിലെ ചരിത്രപ്രസിദ്ധമായ ജയില്‍ മ്യൂസിയത്തെ താത്കാലിക ആശുപത്രിയാക്കി മാറ്റി ആസ്റ്റര്‍ മെഡ്‌സിറ്റി. ആഘോഷങ്ങള്‍ക്കിടെ ഉണ്ടായേക്കാവുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് ഉടന്‍ പ്രാഥമിക പരിചരണവും ചികിത്സയും ലഭ്യമാക്കുന്നതിനുള്ള എല്ലാ സജ്ജീകരണങ്ങളും ആസ്റ്റര്‍ മെഡ്‌സിറ്റി ഒരുക്കിയിട്ടുണ്ട്.

എട്ട് മുറികളുള്ള ജയിലിലെ 2 മുറികളില്‍ അടിയന്തര സ്വഭാവമുള്ള രോഗികളെ പരിചരിക്കും. ബാക്കിയുള്ള സ്ഥലത്ത് അടിയന്തര ചികില്‍സാസംവിധാനങ്ങള്‍ പ്രവര്‍ത്തിക്കും. ഡിസംബര്‍ 31ന് വൈകിട്ട് 6 മണി മുതല്‍ പുതുവത്സരദിനം പുലര്‍ച്ചെ 3 മണി വരെ ഈ കേന്ദ്രം പ്രവര്‍ത്തിക്കും. മുന്‍ വര്‍ഷങ്ങളിലും സമീപകാലത്തും അനിയന്ത്രിതമായ തിരക്ക് കാരണമുണ്ടായ അനിഷ്ട സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ഇത്തവണ കൂടുതല്‍ മുന്‍കരുതലുകള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. കൊച്ചിന്‍ കാര്‍ണിവലിന്റെ ഔദ്യോഗിക മെഡിക്കല്‍ പാര്‍ട്ണറാണ് ആസ്റ്റര്‍ മെഡ്‌സിറ്റി. സംസ്ഥാനസര്‍ക്കാരിന്റെ ദുരന്തനിവാരണ പദ്ധതിയുമായി സഹകരിച്ചാണ് പ്രവര്‍ത്തനം.

ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ നിന്നുള്ള 30 അംഗസംഘമാണ് ഇവിടെ നിയോഗിക്കപ്പെട്ടിട്ടുള്ളത്. പരേഡ് ഗ്രൗണ്ടിന് തൊട്ടടുത്തുള്ള ഈ കേന്ദ്രത്തിലേക്ക് പൊതുജനങ്ങള്‍ക്ക് മറ്റ് തടസങ്ങളില്ലാതെ എളുപ്പത്തില്‍ എത്തിച്ചേരാനും കഴിയും. ആഘോഷങ്ങള്‍ നടക്കുന്ന കാര്‍ണിവല്‍ ഗ്രൗണ്ടില്‍ ഉടന്‍ പ്രഥമശുശ്രൂഷ ലഭ്യമാക്കാന്‍ പ്രത്യേക ട്രയാജ് ഏരിയയും തയ്യാറാക്കിയിട്ടുണ്ട്. പോലീസ് കണ്‍ട്രോള്‍ റൂമിന് തൊട്ടടുത്താണ് ഈ ട്രയാജ് പോയിന്റ്. പരിപാടിക്കിടെ എന്തെങ്കിലും അസ്വസ്ഥത തോന്നിയാല്‍ ഉടന്‍ ഇവിടെ എത്തിച്ചേരാന്‍ സാധിക്കും. വിദഗ്ധ ചികിത്സ ആവശ്യമുണ്ടെങ്കില്‍ ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രികളില്‍ എത്തിക്കാനുള്ള സംവിധാനവും സജ്ജമാക്കിയിട്ടുണ്ട്.

39 വര്‍ഷത്തെ പാരമ്പര്യമുള്ള കൊച്ചിന്‍ കാര്‍ണിവലിന്റെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഇത്രയും വിപുലമായ ആരോഗ്യസംവിധാനങ്ങള്‍ ഒരുക്കുന്നത്. തിക്കിലും തിരക്കിലും അനിഷ്ടസംഭവങ്ങള്‍ ഉണ്ടാകുന്നത് ഫലപ്രദമായി പ്രതിരോധിക്കാനും ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്നവര്‍ക്ക് ഉടന്‍ വിദഗ്ധ ചികിത്സ ലഭ്യമാക്കാനും എല്ലാ തയാറെടുപ്പുകളും സജ്ജമാണെന്ന് ആസ്റ്റര്‍ മെഡ്‌സിറ്റിയിലെ എമര്‍ജന്‍സി വിഭാഗം കണ്‍സള്‍ട്ടന്റ് ഡോ. ജോണ്‍സണ്‍ കെ വര്‍ഗീസ് പറഞ്ഞു. ഡോ. ജോണ്‍സന്റെ നേതൃത്വത്തിലാണ് മുപ്പതംഗ മെഡിക്കല്‍ സംഘം പ്രവര്‍ത്തിക്കുക. പ്രാദേശിക നേതാക്കള്‍, ജില്ലാ ഭരണകൂടം, ദുരന്തനിവാരണ സംഘം, ആംബുലന്‍സ് ഡ്രൈവര്‍മാര്‍ എന്നിവര്‍ ഒരുമിച്ചാണ് ദൗത്യം പ്രാവര്‍ത്തികമാക്കുന്നത്.