അര്‍ബുദത്തെ അതിജീവിച്ചവരുടെ അനുഭവകഥകള്‍ വിവരിക്കുന്ന ”കാന്‍സ്പയര്‍” പുസ്തകത്തിന്റെ മൂന്നാം പതിപ്പ് പ്രകാശനം ചെയ്തു

Posted on: March 1, 2024

കൊച്ചി : മജ്ജമാറ്റിവെയ്ക്കലിലൂടെ രക്താര്‍ബുദത്തെ അതിജീവിച്ച് ജീവിതത്തിലേക്ക് സധൈര്യം മടങ്ങിവന്ന മനുഷ്യര്‍, പ്രത്യാശകളും അനുഭവകഥകളും പങ്കുവെച്ച് ആസ്റ്റര്‍ മെഡ്സിറ്റി കാമ്പസില്‍ ഒത്തുകൂടി. കാന്‍സറിനോട് ധീരമായി പൊരുതി മറ്റുള്ള രോഗികള്‍ക്ക് പ്രചോദനമായി മാറിയ മനുഷ്യരുടെ അതിജീവനകഥകള്‍ പറയുന്ന ”കാന്‍സ്പയര്‍” പുസ്തകത്തിന്റെ മൂന്നാം പതിപ്പും ചടങ്ങില്‍ പുറത്തിറക്കി. പ്രശസ്ത മാധ്യമവ്യക്തിത്വമായ ശ്രീകണ്ഠന്‍ നായരായിരുന്നു വിശിഷ്ടാതിഥി. മജ്ജമാറ്റിവെക്കല്‍ ശസ്ത്രക്രിയ ആവശ്യമുള്ള നിര്‍ധനര്‍ക്ക് ചികിത്സാസഹായം സ്വരൂപിക്കാന്‍ മുന്‍കൈയെടുക്കുന്ന വിവിധ ജില്ലകളില്‍ നിന്നുള്ള സാമൂഹിക പ്രവര്‍ത്തകരും ചടങ്ങിന്റെ ഭാഗമായി.

പദ്ധതിയില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന അംഗങ്ങളെ ആസ്റ്റര്‍ മെഡ്സിറ്റി ആദരിച്ചു. കാന്‍സറിന്റെ പിടിയില്‍ നിന്ന് മോചിതരായ വ്യക്തികള്‍ അവതരിപ്പിച്ച കലാപരിപാടികളായിരുന്നു പരിപാടിയുടെ പ്രധാന ആകര്‍ഷണം. നൃത്തവും പാട്ടുമെല്ലാമായി അവര്‍ കളംനിറഞ്ഞത് പ്രതീക്ഷാനിര്‍ഭരമായ കാഴ്ചയായിരുന്നു. അവര്‍ പങ്കുവെച്ച അനുഭവങ്ങള്‍ കാന്‍സറിനോടുള്ള പൊതുസമൂഹത്തിന്റെ കാഴ്ചപ്പാടുകളില്‍ വലിയ മാറ്റങ്ങള്‍ വരുന്നതിന്റെ സൂചനയായി.

കാന്‍സ്പയര്‍ പുസ്തകത്തിന്റെ മൂന്നാം എഡിഷനില്‍ 13 ഡോക്ടര്‍മാരുടെ ചികിത്സാഅനുഭവങ്ങളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. 15 കഥകളാണ് പുതിയ പതിപ്പില്‍. ആസ്റ്റര്‍ മെഡ്‌സിറ്റിയിലെ അര്‍ബുദചികിത്സാവിഭാഗം ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും മറ്റ് കാണികളുടെയും സാന്നിധ്യത്തില്‍ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ശ്രീകണ്ഠന്‍ നായരാണ് പുസ്തകം പ്രകാശനം ചെയ്തത്. എല്ലാം അവസാനിച്ചുവെന്ന് കരുതി കീഴടങ്ങേണ്ട രോഗമല്ല കാന്‍സറെന്നും കൃത്യമായ ചികിത്സയും മനക്കരുത്തും കൊണ്ട് അതിജീവിക്കാന്‍ കഴിയുന്ന ഒരു അവസ്ഥയാണതെന്നും ശ്രീകണ്ഠന്‍ നായര്‍ പറഞ്ഞു. അതേ ആശയം തന്നെയാണ് പരിപാടിയില്‍ പങ്കെടുത്ത എല്ലാ ഡോക്ടര്‍മാരും വിശിഷ്ടവ്യക്തികളും പങ്കുവെച്ചതും.

ആസ്റ്റര്‍ ഇന്ത്യ വൈസ് പ്രസിഡന്റ് ഫര്‍ഹാന്‍ യാസിന്‍, കൊച്ചിയിലെ ആസ്റ്റര്‍ മെഡ്സിറ്റി ഹെമറ്റോ ഓങ്കോളജി വിഭാഗം സീനിയര്‍ കണ്‍സല്‍ട്ടന്റ് ഡോ. രാമസ്വാമി എന്‍വി, ഹെഡ് ആന്‍ഡ് നെക്ക് സര്‍ജിക്കല്‍ ഓങ്കോളജി കണ്‍സല്‍ട്ടന്റ് ഡോ. സന്തോഷ് കുമാര്‍ എന്‍, ഹെമറ്റോളജി വിഭാഗം കണ്‍സല്‍ട്ടന്റ് ഡോ. ദീപക് ചാള്‍സ്, ഹെഡ് ഓഫ് ഓപ്പറേഷന്‍സ് ധന്യ ശ്യാമളന്‍ എന്നിവരും ആസ്റ്റര്‍ ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി വിഭാഗം ഡോക്ടര്‍മാരും ജീവനക്കാരും അടക്കമുള്ളവരും ചടങ്ങില്‍ സന്നിഹിതരായിരുന്നു.