ദക്ഷിണേന്ത്യയില്‍ ആദ്യമായി റീസം വാട്ടര്‍ തെറാപ്പിയുമായി ആസ്റ്റര്‍ മെഡ്സിറ്റി

Posted on: January 20, 2024

കൊച്ചി : ദക്ഷിണേന്ത്യയില്‍ ആദ്യമായി റീസം വാട്ടര്‍ തെറാപ്പി എന്ന അതിനൂതനചികിത്സാരീതി വിജയകരമായി പൂര്‍ത്തിയാക്കി ആസ്റ്റര്‍ മെഡ്സിറ്റി. കഴിഞ്ഞ അഞ്ച് വര്‍ഷമായി മൂത്രമൊഴിക്കുമ്പോള്‍ അസഹനീയമായ വേദനയനുഭവിക്കുകയായിരുന്ന എറണാകുളം സ്വദേശിയായ 55 കാരനാണ് റീസം വാട്ടര്‍ തെറാപ്പിയിലൂടെ അതിവേഗം സുഖം പ്രാപിച്ചത്. ശസ്ത്രക്രിയ നടത്താന്‍ താല്പര്യമില്ലാതിരുന്ന രോഗി, ചികിത്സയ്ക്ക് സാധ്യമായ മറ്റ് വഴികള്‍ തേടുകയായിരുന്നു. ശസ്ത്രക്രിയ കൂടാതെ പ്രോസ്റ്റേറ്റ് വീക്കം ഭേദമാക്കുന്ന റീസം വാട്ടര്‍ തെറാപ്പി നിര്‍ദേശിച്ചത് ആസ്റ്റര്‍ മെഡ്‌സിറ്റിയിലെ ഡോക്ടര്‍മാരാണ്.

വെറും 20 മിനിറ്റിനുള്ളില്‍ തെറാപ്പി പൂര്‍ത്തിയാക്കിയ ശേഷം രോഗി വീട്ടിലേക്ക് മടങ്ങിപ്പോയി. നിത്യജീവിതത്തെ ഒട്ടും ബാധിക്കാതെ തന്നെ രോഗിക്ക് ആശ്വാസം കണ്ടെത്താന്‍ കഴിഞ്ഞു എന്നതാണ് ഈ തെറാപ്പിയുടെ ഏറ്റവും വലിയ സവിശേഷത. ഇന്ത്യയില്‍ റീസം വാട്ടര്‍ തെറാപ്പി നടത്തുന്ന മൂന്നാമത്തെ ആശുപത്രിയാണ് ആസ്റ്റര്‍ മെഡ്‌സിറ്റി.

ആസ്റ്റര്‍ മെഡ്‌സിറ്റിയിലെ ലേസര്‍ എന്‍ഡ്യൂറോളജി പ്രോഗ്രാം ഡയറക്ടറും സീനിയര്‍ ഡോക്ടറുമായ സന്ദീപ് പ്രഭാകരന്റെ നേതൃത്വത്തിലുള്ള സംഘമാണ് റീസം വാട്ടര്‍ തെറാപ്പി വിജയകരമായി നിര്‍വഹിച്ചത്. പ്രോസ്റ്റേറ്റ് ഗ്രന്ധിയില്‍ ഗുരുതരമല്ലാത്ത രോഗങ്ങളുള്ള ചെറുപ്പക്കാര്‍ക്ക് ഭാവിയില്‍ ഫലപ്രദമായ ഒരു ചികിത്സാരീതിയായി മാറാന്‍ റീസം വാട്ടര്‍ തെറാപ്പിക്ക് സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ശസ്ത്രക്രിയ കൂടാതെ രോഗം ഭേദമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുരക്ഷിതവും ഫലപ്രദവുമാണ് റീസം വാട്ടര്‍ തെറാപ്പി. യൂറോലിഫ്റ്റ് പോലെയുള്ള മറ്റ് ശസ്ത്രക്രിയാ-രഹിത ചികിത്സാ മാര്‍ഗങ്ങളില്‍ നിന്നുണ്ടാകുന്ന അതേ ഫലപ്രാപ്തി തന്നെ റീസം വാട്ടര്‍ തെറാപ്പിയും നല്‍കുന്നു. എന്നാല്‍ മറ്റുള്ളവയെ അപേക്ഷിച്ച് ഈ ചികിത്സാരീതിക്ക് ചെലവ് കുറവാണ്. വ്യത്യസ്ത ഘടനകളിലുള്ള മൂത്രസഞ്ചികളില്‍ ഇമ്പ്‌ലാന്റുകള്‍ ഒന്നും കൂടാതെ തന്നെ വേദനയില്‍ നിന്ന് ആശ്വാസം നല്കാന്‍ ഈ തെറാപ്പിക്ക് കഴിയുമെന്ന് ഡോ. സന്ദീപ് പ്രഭാകരന്‍ പറഞ്ഞു.

പ്രോസ്റ്റേറ്റ് വീക്കം ഭേദമാക്കാന്‍ ലേസര്‍ ചികിത്സകളോ ഹോമിയം ലേസര്‍ എനുക്‌ളിയേഷന്‍ ഓഫ് ദി പ്രോസ്റ്റേറ്റ് (HoLEP) ചികിത്സയോ ആണ് സാധാരണ ഉപയോഗിക്കാറുള്ളത്. മൂത്രസഞ്ചിയില്‍ വീക്കമുണ്ടായി മൂത്രനാളിയെ ഞെരുക്കുമ്പോഴാണ് വേദനയും മൂത്രതടസവുമുണ്ടാകുന്നത്. ജലബാഷ്പത്തില്‍ സ്വാഭാവികമായി അടങ്ങിയിട്ടുള്ള താപോര്‍ജം ഉപയോഗിച്ച് മൂത്രസഞ്ചിയിലെ അധികമായുള്ള കോശങ്ങളെ നീക്കംചെയ്യുന്ന രീതിയാണ് റീസം വാട്ടര്‍ തെറാപ്പി. മറ്റ് അസുഖങ്ങളുള്ള രോഗികള്‍ക്കും സുരക്ഷിതമായി പ്രയോജനപ്പെടുത്താം അതുപോലെ ലൈംഗികശേഷിയെ ബാധിക്കുന്നതുമില്ല എന്നതാണ് ഈ ചികിത്സയുടെ മറ്റൊരു പ്രത്യേകത. രക്തം കട്ടപിടിക്കാതിരിക്കാനുള്ള മരുന്നുകള്‍ കഴിക്കുന്നവര്‍ക്കും ഈ തെറാപ്പി അനുയോജ്യമാണ്.