ആസ്റ്റർ ഡിഎം ഹെൽത്ത് കെയറും ഇന്ത്യൻ കോൺസുലേറ്റും 100 മെഡിക്കൽ പ്രൊഫഷണലുകളെ ആദരിച്ചു

Posted on: June 25, 2020

ദുബായ് : കോവിഡിനെതിരായ പോരാട്ടത്തിൽ കഴിഞ്ഞ രണ്ട് മാസമായി അശ്രാന്ത പരിശ്രമം കാഴ്ചവെച്ച 100 മുൻനിര മെഡിക്കൽ പ്രൊഫഷണലുകൾ, സന്നദ്ധപ്രവർത്തകർ, പിന്തുണച്ച സർക്കാർ വകുപ്പുകൾ, സ്ഥാപനങ്ങൾ എന്നിവരെ ആസ്റ്റർ ഡിഎം ഹെൽത്ത് കെയറും, കോൺസുലേറ്റ് ജനറൽ ഓഫ് ഇന്ത്യയും ചേർന്ന് ആദരിച്ചു. ഐസൊലേഷൻ കേന്ദ്രത്തിൽ പ്രവേശിപ്പിക്കപ്പെട്ട, വൈറസ് ബാധയുണ്ടെങ്കിലും അധികം ലക്ഷണങ്ങൾ പ്രകടിപ്പിക്കാത്ത രോഗികൾ, രോഗം പ്രാഥമിക ഘട്ടത്തിലുളളവരും, ഗുരുതരമല്ലാത്ത അവസ്ഥയിയിലുളളവരും ഉൾപ്പെടെ 1500 ലധികം രോഗികൾക്കാണ് ഇവരുടെ സഹായത്താൽ രോഗം പൂർണ്ണമായും ഭേദമായത്.

ആസ്റ്റർ വോളണ്ടിയേഴ്‌സ് സംഘടിപ്പിച്ച ചടങ്ങിൽ, ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയർ സ്ഥാപക ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പൻ, ദുബായ് ഇന്ത്യൻ കോൺസുലാർ ജനറൽ വിപുൽ എന്നിവർ പ്രസംഗിച്ചു. ദുബായ് ഹെൽത്ത് അഥോറിട്ടി ഡയറക്ടർ മുഹമ്മദ് മത്താർ, ആസ്റ്റർ ഡി.എം ഹെൽത്ത് കെയർ ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടർ അലീഷാ മൂപ്പൻ, ആസ്റ്റർ ക്ലിനിക്ക്‌സ് ആൻഡ് ആസ്റ്റർ റീട്ടെയ്ൽ സിഇഒ ജോബിലാൽ വാവച്ചൻ, എക്‌സിക്യൂട്ടിവ് ഡയറക്ടറും, ഗവേണൻസ് ആൻഡ് കോർപറേറ്റ് അഫേഴ്‌സ് ഗ്രൂപ്പ് ഹെഡുമായ ടി.ജെ വിൽസൺ എന്നിവർ ചടങ്ങിൽ ആശംസകൾ നേർന്നു.

മുമ്പെങ്ങുമില്ലാത്ത വിധം ഏറെ വെല്ലുവിളികൾ നിറഞ്ഞ ഈ മാസങ്ങളിൽ, വ്യക്തികളും സംഘടനകളും ചേർന്ന് പ്രകടിപ്പിച്ചത് തികച്ചും സവിശേഷവും അവിശ്വസനീയവുമായ, സഹാനുഭൂതിയുടെയും സഹകരണത്തിന്റെയും മാതൃകകളാണെന്ന് ഈ അവസരത്തിൽ സംസാരിച്ച ഇന്ത്യൻ കോൺസുലാർ ജനറൽ വിപുൽ അഭിപ്രായപ്പെട്ടു. മുൻനിരയിലുളള ആരോഗ്യ പ്രവർത്തകരും, സന്നദ്ധപ്രവർത്തകരും ഈ പകർച്ചവ്യാധിയിൽ നിന്നും പ്രാദേശിക സമൂഹത്തെ രക്ഷിക്കാൻ എല്ലാ പ്രതിബദ്ധങ്ങളെയും മറികടന്ന്, നിസ്വാർത്ഥതയോടെ അണിനിരക്കുന്നതാണ് കണ്ടത്. ആസ്റ്റർ, ഡിഎച്ച്എ, ദുബായ് ആംബുലൻസ്, ദുബായ് പോലീസ്, ഐബിപിസി, ഇന്ത്യൻ സമൂഹം തുടങ്ങി മാർഗനിർദേശങ്ങൾക്കനുസരിച്ച് ഈ ഐസൊലേഷൻ സംവിധാനത്തെ വിജയകരമായി മുന്നോട്ട് കൊണ്ടുപോകാൻ പ്രയത്‌നിച്ച എല്ലാവരോടും നന്ദിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഒരു ആരോഗ്യസംരക്ഷണ സ്ഥാപനമെന്ന നിലയിൽ, സ്ഥാപനത്തിന്റെയും ജീവനക്കാരുടെയും സജീവമായ ഇടപെടലോടെ, സർക്കാറുമായി സഹകരിച്ച് പകർച്ചവ്യാധി നിയന്ത്രിക്കാനും, ഈ പ്രതിസന്ധി ഘട്ടത്തെ മറികടക്കുന്നതിനുമായി ആസ്റ്റർ ഡി.എം ഹെൽത്ത് കെയർ ഈ ദൗത്യത്തിൽ മുൻനിരയിൽ തന്നെ നിലകൊണ്ടതായി ആസ്റ്റർ ഡി.എം ഹെൽത്ത് കെയർ ചെയർമാനും, മാനേജിംഗ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പൻ വ്യക്തമാക്കി. വ്യക്തിപരമായ സുരക്ഷയെ അപകടത്തിലാക്കി, അവരുടെ അടുത്തെത്തിയ രോഗികളിൽ ഓരോരുത്തരെയും സുഖപ്പെടുത്താൻ, കോവിഡ് -19 ന്റെ വ്യാപനം നിയന്ത്രിക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും പിന്തുടർന്നുകൊണ്ട് ദിവസവും മണിക്കൂറുകളോളം കഠിനാധ്വാനം തുടർന്നുകൊണ്ട് ഈ ഐസോലേഷൻ കേന്ദ്രത്തിന്റെ പ്രവർത്തനങ്ങളിൽ പങ്കാളികളായ ജീവനക്കാരുടെ മഹത്തായ പരിശ്രമത്തിൽ ഞങ്ങൾ അഭിമാനിക്കുന്നു, ഒപ്പം അവർ ചെയ്ത പ്രവർത്തനങ്ങളെ അഭിനന്ദിക്കുന്നതായും ഡോ. ആസാദ് മൂപ്പൻ പറഞ്ഞു.

ആസ്റ്റർ വോളണ്ടിയേഴ്‌സിന്റെ സിഎസ്ആർ മുഖമായ ആസറ്റർ വോളണ്ടിയേഴ്‌സ്, ഈ ഐസൊലേഷൻ കേന്ദ്രത്തെ പിന്തുണയ്ക്കുന്നതിൽ നിർണ്ണായക പങ്കാണ് കാഴ്ചവെച്ചിരിക്കുന്നത്. ആസ്റ്റർ വോളണ്ടിയേഴ്‌സ് അംഗങ്ങളുടെയും, പുറത്തുനിന്നെത്തിയ വോളണ്ടിയേഴ്‌സിന്റെയും ഏകോപനത്തിലൂടെ ഐസോലേഷൻ കേന്ദ്രത്തിന് ആവശ്യമായ പിന്തുണ നൽകിയും, ചികിത്സാ സംവിധാനങ്ങളുടെ പ്രോട്ടോക്കോൾ അനുസരിച്ചുളള നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയും സേവന നിരതരായതിനൊപ്പം, 450 ൽ അധികം പോസിറ്റീവ് കേസുകളെ കോവിഡ് 19 കെയർ ആൻഡ് ഐസൊലേഷൻ കേന്ദ്രങ്ങളിലേക്കും തിരിച്ചും എത്തിക്കുന്നതിന് ആസ്റ്റർ വോളണ്ടിയേഴ്‌സ് മൊബൈൽ മെഡിക്കൽ സർവീസ് ടീം, ദുബായ് കോർപറേഷൻ ഓഫ് ആംബുലൻസ് സർവീസസുമായി സഹകരിച്ച് ഗതാഗത സൗകര്യങ്ങളും ഒരുക്കി നൽകി.

കൂടാതെ, ജനസാന്ദ്രതയേറിയ ഇടങ്ങളിലെ മാസ് സ്‌ക്രീനിങ്ങ്, മെഡിക്കൽ പ്രൊഫഷനലുകളുടെ സൗജന്യ ടെലി കൺസൾട്ടേഷൻ, വിദ്യാഭ്യാസ, ബോധവൽക്കരണ ക്ലാസുകൾ, യുഎഇയിലെ ജോലി നഷ്ടപ്പെട്ട 6707 പേർക്ക് സൗജന്യ ഭക്ഷണ, റേഷൻ കിറ്റുകളെത്തിച്ചു നൽകിയ ഫീഡ് ദ ഹംഗറി പ്രോഗ്രാം തുടങ്ങിയവ ഉൾപ്പെടെ 300,000 ജീവനുകളെ സ്പർശിച്ച നിരവധി പദ്ധതികളിലും ആസ്റ്റർ വോളണ്ടിയേഴ്‌സ് ഇതിനകം പങ്കാളികളായിട്ടുണ്ട്.