സൗദിയില്‍ വന്‍ നിക്ഷേപത്തിനൊരുങ്ങി ലുലു ഗ്രൂപ്പ്

Posted on: October 15, 2019

റിയാദ് : സൗദി അറേബ്യയില്‍ വന്‍ നിക്ഷേപത്തിനൊരുങ്ങി ലുലു ഗ്രൂപ്പ്. 2020 അവസാനത്തോടെ 2,000 കോടി രൂപ മുതല്‍ മുടക്കോടെ സൗദിയില്‍ 11 ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ കൂടി തുറക്കണമെന്ന് കമ്പനി അറിയിച്ചു. ലുലുവിന്റെ പത്താം വാര്‍ഷികാഘോഷ ചടങ്ങിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

2009 – ല്‍ സൗദിയില്‍ പ്രവര്‍ത്തനം തുടങ്ങിയ ലുലുവിന്, പത്ത് വര്‍ഷം പിന്നിടുമ്പോള്‍ 17 ഹൈപ്പര്‍മാര്‍ക്കറ്റുകളുണ്ട്. കൂടാതെ സൗദി എണ്ണകമ്പനിയായ ആരാംകോയുടെ 12 സൂപ്പര്‍ മാര്‍ക്കറ്റുകളുടേയും സൗദി ദേശീയ സുരക്ഷാ വിഭാഗമായ സൗദി നാഷണല്‍ ഗാര്‍ഡിന്റെ ക്യാമ്പുകളിലെ 10 സൂപ്പര്‍മാര്‍ക്കറ്റുകളുടേയും നടത്തിപ്പും ലുലുവിനാണ്. ഇതോടെ ലുലു സൗദിയിലെ ഏറ്റവും വലിയ ഹൈപ്പര്‍മാര്‍ക്കറ്റായി മാറിയിരിക്കുകയാണ്. 3,500 കോടി രൂപ ലുലു ഇതു വരെ സൗദിയില്‍ മുതല്‍ മുടക്കിയിട്ടുണ്ട്.

നിലവില്‍ വനിതകളടക്കം 3,000 സ്വദേശികള്‍ ജോലി ചെയ്യുന്ന ലുലുവില്‍ അടുത്ത വര്‍ഷം അവസാനത്തോടെ സ്വദേശികളുടെ എണ്ണം 4,000 ആവും.

പുതിയ നിക്ഷേപത്തിലൂടെ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം. എ. യൂസഫലി പറഞ്ഞു.

ഈ മാസാവസാനം റിയാദില്‍ നടക്കുന്ന ആഗോള നക്ഷേപക സമ്മേളനത്തിന്റെ പ്രധാന പങ്കാളി കൂടിയാണ് ലുലു. പത്ത് വര്‍ഷത്തെ മികച്ച സേവനം ലുലുവില്‍ പൂര്‍ത്തിയാക്കിയ പത്ത് സൗദി സ്വദേശി ജീവനക്കാരെ ചടങ്ങില്‍ ആദരിച്ചു.

TAGS: Lulu Group |