ഗാസയിലേക്ക് സഹായഹസ്തവുമായ് ലുലു ഗ്രൂപ്പ്

Posted on: December 12, 2023

കൊച്ചി : ഗാസയിലേക്ക് സഹായഹസ്തവുമായ് ലുലു ഗ്രൂപ്പ്, ഭക്ഷ്യവസ്തുക്കള്‍ ഉള്‍ക്കൊള്ളുന്ന അവശ്യവസ്തുക്കളാണ് ലുലു ഗ്രൂപ്പിന്റെ കയ്‌റോവിലുള്ള റീജനല്‍ ഓഫിസ് ഗാസയിലെത്തിക്കുന്നത്.

ഈജിപ്ത് റെഡ് ക്രസന്റ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ ഡോ.റാമി എല്‍ നാസറിന്, ലുലു ഈജിപ്ത് ബഹ്‌റൈന്‍ ഡയറക്ടര്‍ ജൂസര്‍ രൂപാവാല, റീജനല്‍ ഡയറക്ടര്‍ ഹുസെഫ ഖുറേഷി, ലുലു ഈജിപ്ത് മാനേജര്‍ ഹാതിം സായിദ് എന്നിവര്‍ ചേര്‍ന്ന് സഹായങ്ങള്‍ കൈമാറി.

ഇവ ഈജിപ്ത് റെഡ് ക്രസന്റ് അധികൃതര്‍ അല്‍ റഫ അതിര്‍ത്തി വഴി അരീഷ് പട്ടണത്തില്‍ എത്തിക്കും. 50 ടണ്‍ സഹായ വസ്തുക്കളാണ് ആദ്യ ഘട്ടത്തില്‍ ലുലു കൈമാറിയത്. യുഎഇ പ്രഖ്യാപിച്ച് തരാഹും ഫോര്‍ ഗാസയുമായും ലുലു ഗ്രൂപ്പ് കൈകോര്‍ക്കുന്നുണ്ട്.

ഇതിനായി വിവിധ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റുകളില്‍ സഹായം സ്വീകരിക്കുന്നതിന് പ്രത്യേക കേന്ദ്രങ്ങള്‍ തുറന്നു. ഗാസയിലെ ജനങ്ങള്‍ക്ക് ബഹ്‌റൈന്‍ ലുലുഗ്രൂപ്പ് 25,000 ദിനാര്‍ (55 ലക്ഷം രൂപ) ബഹ്‌റൈനി റോയല്‍ ഹുമാനിറ്റേറിയന്‍ ഫൗണ്ടേഷന് കൈമാറിയിട്ടുണ്ട്.

TAGS: Lulu Group |