ഗോ എയര്‍ കണ്ണൂര്‍ വിമാന സര്‍വീസ് രണ്ടുമാസത്തേക്ക് നിര്‍ത്തുന്നു

Posted on: January 15, 2020

കുവൈത്ത് സിറ്റി : ഗോ എയര്‍ കുവൈത്ത് – കണ്ണൂര്‍ വിമാന സര്‍വീസ് അടുത്ത ആഴ്ച മുതല്‍ രണ്ടുമാസത്തേക്ക് നിര്‍ത്തുന്നു. ജനുവരി 23 മുതല്‍ മാര്‍ച്ച് 28 വരെയാണ് നിര്‍ത്തുന്നത്.

ട്രാവല്‍സുകള്‍ക്ക് ഇതുസംബന്ധിച്ച് നിര്‍ദേശം നല്‍കുകയും വെബ്‌സൈറ്റില്‍ ഈ തീയതികളിലേക്കുള്ള ബുക്കിംഗ് നിര്‍ത്തിവയ്ക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ സെപ്റ്റംബര്‍ മുതലാണ് ഗോ എയര്‍ കുവൈത്തില്‍ നിന്ന് കണ്ണൂരിലേക്ക് പ്രതിദിന വിമാന സര്‍വീസ് ആരംഭിച്ചത്. എയര്‍ ക്രാഫ്റ്റിന്റെ ക്ഷാമം കാരണമാണ് കണ്ണൂര്‍ സര്‍വീസ് താല്‍ക്കാലികമായി നിര്‍ത്തിയതെന്നാണ് അനൗദ്യോഗികമായി ലഭിക്കുന്ന വിവരം.

ബജറ്റ് വിമാനക്കമ്പനിയായ ഗോ എയറിന്റെ കുവൈത്ത് – കണ്ണൂര്‍ വിമാന സര്‍വീസ് കണ്ണൂര്‍, കാസര്‍കോട്, കോഴിക്കോട്, വയനാട് ജില്ലകളിലുള്ളവര്‍ക്കും മംഗലാപുരത്തുകാര്‍ക്കും ആശ്വാസകമായിരുന്നു. കുവൈത്തില്‍ നിന്ന് ദിവസവും രാത്രി 11.55 ന് കുവൈത്തില്‍ നിന്ന് പുറപ്പെട്ട് രാവിലെ 7.30 ന് കണ്ണൂരില്‍ എത്തുകയും തിരിച്ച് രാത്രി 8.30 ന് പുറപ്പെട്ട് രാത്രി 11 മണിക്ക് കുവൈത്തില്‍ എത്തിച്ചേരുകയും ചെയ്യുന്ന സമയക്രമീകരണം കാരണം ഡ്യൂട്ടി ദിനങ്ങള്‍ നഷ്ടപ്പെടുത്താതെ യാത്ര ചെയ്യാന്‍ കഴിയുമായിരുന്നു.

TAGS: Go Air |