സമയനിഷ്ഠയില്‍ ഗോ എയർ മുന്നില്‍

Posted on: November 28, 2019

മുംബൈ:  ഗോ എയറിനു സമയനിഷ്ഠ പാലിച്ചതിന് തുടര്‍ച്ചയായ 14-ാം മാസവും അംഗീകാരം. ഇത് ലഭിച്ചത് ഗോ എയറിന്റെ പതിനാലാം ജന്മവാര്‍ഷികത്തിന് ആണെന്നതു ശ്രദ്ധേയമാണ്. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ പുറത്തുവിട്ട കണക്കനുസരിച്ച്  ഇക്കഴിഞ്ഞ ഒക്ടോബറില്‍ ഗോ എയര്‍ 79.9 ശതമാനം സമയകൃത്യത പാലിച്ചു. മറ്റു എയര്‍ലൈനുകളെ അപേക്ഷിച്ച് മുന്തിയ നിലവാരമാണിത്. ഒക്ടോബറില്‍ 13.78 ലക്ഷം യാത്രക്കാരെയാണ് വിവിധ സ്ഥലങ്ങളിലേയ്ക്ക് ഗോ എയര്‍ എത്തിച്ചത്. പതിനായിരം യാത്രക്കാരില്‍ വെറും 0.5 ശതമാനത്തില്‍ നിന്നാണ് പരാതിയുണ്ടായത്. ഇതും നേട്ടം തന്നെ.

ചെലവുകുറഞ്ഞ വിമാന സവാരി ഒരുക്കുന്ന കമ്പനിയെന്ന ഖ്യാതി നേടിയ ഗോ എയര്‍ മികച്ച സേവനമൊരുക്കുന്നതിലും സമയനിഷ്ഠ പാലിക്കുന്നതിലും ഏറെ ശ്രദ്ധ പുലര്‍ത്തുന്നു. പതിനാല് ലക്ഷം യാത്രക്കാരുടെ അംഗീകാരത്തോടെ എപെക്‌സ് ലോ കോസ്റ്റ് കാരിയര്‍ 2020 ഒഫീഷ്യല്‍ എയര്‍ലൈന്‍ റേറ്റിങ്ങില്‍ നാല് സ്റ്റാര്‍ നേടാന്‍ ഗോ എയറിനു കഴിഞ്ഞിട്ടുണ്ട്.

തുടര്‍ച്ചയായ പതിനാലാം മാസവും സമയ കൃത്യത പാലിക്കുന്നതില്‍ മികവു പുലര്‍ത്താനായതില്‍ ഗോ എയര്‍ ടീമിനെ അഭിനന്ദിക്കുന്നുവെന്ന് ഗോ എയര്‍ മാനേജിങ് ഡയറക്ടര്‍ ജേ വാദിയ പറഞ്ഞു. ഉപഭോക്താക്കളുടെ സമയത്തിനു ഞങ്ങള്‍ വലിയ വിലകൊടുക്കുന്നു എന്നതിന്റെ തെളിവാണ് ഈ അംഗീകാരമെന്നും വാദിയ പറഞ്ഞു. പ്രതിദിനം 325 ലേറെ വിമാന സര്‍വീസുകള്‍ ഇന്ത്യയിലെ 25 നഗരങ്ങളില്‍ നിന്നായി ഗോ എയര്‍ നടത്തുന്നുണ്ട്. അഹമ്മദാബാദ്, ഐസ്വാള്‍, ബാഗ്‌ഡോഗ്ര, ബെംഗളൂരു, ചണ്ഡിഗഡ്, ചെന്നൈ, ഡല്‍ഹി, ഗോവ, ഗുവാഹത്തി, ഹൈദരാബാദ്, ജയ്പൂര്‍, ജമ്മു, കൊച്ചി, കൊല്‍ക്കൊത്ത, കണ്ണൂര്‍, ലേ, ലക്‌നൗ, മുംബൈ, നാഗ്പൂര്‍, പാറ്റ്‌ന, പോര്‍ട്ട് ബ്ലെയര്‍, പുണെ, റാഞ്ചി, ശ്രീനഗര്‍ എന്നീ ഇന്ത്യന്‍ വിമാനത്താവളങ്ങളില്‍ ഗോ എയര്‍ സേവനം ലഭ്യമാണ്. ഫുക്കെറ്റ്, മാലെ, മസ്‌കറ്റ്, അബുദാബി, ദുബായി, ബാങ്കോക്, കുവൈത്ത്, സിംഗപൂര്‍ എന്നീ എട്ട് അന്താരാഷ്ട വിമാനത്താവളങ്ങളിലേയ്ക്കും ഗോ എയറിനു വിമാന സര്‍വീസുണ്ട്.

TAGS: Go Air |