ലുലു ജീവനക്കാരന്റെ സത്യസന്ധതയ്ക്ക് എം എ യൂസഫലിയുടെ അഭിനന്ദനം

Posted on: July 11, 2020

മനാമ :  നഷ്ടപെട്ട പണം ഉടമസ്ഥനെ തിരിച്ചേല്പിച്ച ജീവനക്കാരന് അഭിനന്ദനവുമായി ലുലു ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ എംഎ യൂസഫലി. ബഹ്‌റിനിലെ
ലുലു ദാനമാള്‍ ഹൈപ്പര്‍മാര്‍ക്കറ്റിലെ ജീവനക്കാരനും ബംഗ്ലാദേശ് സ്വദേശിയുമായ അബുബക്കറിനെയാണ് സത്യസന്ധതക്ക് അഭിനന്ദിച്ചത്.

കാര്‍ പാര്‍ക്കിംഗ് വിഭാഗത്തിലെ ജോലിക്കാരനായ അബു ബക്കര്‍ കഴിഞ്ഞ ദിവസം ട്രോളി തിരിച്ചു സ്റ്റേഷനില്‍ എത്തിക്കുന്നതിനിടെയാണ് പണമടങ്ങിയ ബാഗ് നിലത്തു കിടക്കുന്നതു കണ്ണില്‍ പെട്ടത്. അതെടുത്തു കസ്റ്റമര്‍ കെയറില്‍ നല്‍കുകയായിരുന്നു അബുബക്കര്‍ ചെയ്തത്. ബാഗില്‍ 1100 ദിനാറും ക്രെഡിറ്റ് കാര്‍ഡുകളും ഉണ്ടായിരുന്നു. ബാഗിന്റെ ഉടമ മുസ്തഫ അബ്ദിന് വീട്ടിലെത്തിയപ്പോഴാണ് ബാഗ് നഷ്ടപെട്ട കാര്യം ശ്രദ്ധയില്‍പെട്ടത്.

ആശങ്കയോടെ ഉടന്‍ മുസ്തഫ തിരിച്ചു ലുലുവില്‍ എത്തിയപ്പോള്‍ തന്റെ ബാഗ് ലഭിച്ചതില്‍ ഏറെ സന്തോഷവാനായി. വാര്‍ത്തയറിഞ്ഞ എംഎ യൂസഫലിയുടെ നിര്‍ദേശപ്രകാരം ലുലു ഡയറക്ടര്‍ ജ്യൂസര്‍ രൂപവാല അബുബക്കറിന് പാരിതോഷികമായി 200 ദിനാര്‍ നല്‍കുകയായിരുന്നു. കഴിഞ്ഞ രണ്ടു വര്‍ഷമായി ലുലു ഗ്രൂപ്പില്‍ ജോലി ചെയ്യുന്ന അബൂബക്കറിന്റെ സത്യസന്ധതയെയും സുതാര്യതയെയും അദ്ദേഹം  അഭിനന്ദിച്ചു. ചടങ്ങില്‍ സെക്യൂരിറ്റി ഓഫീസര്‍ നാരായണനും പങ്കെടുത്തു.