ഹെലികോപ്ടർ ലാൻഡിംഗ് : ഡിജിസിഎ അന്വേഷണം പുരോഗമിക്കുന്നു

Posted on: April 12, 2021

കൊച്ചി : ലുലു ഗ്രൂപ്പ് ചെയർമാൻ എം. എ. യൂസഫലി സഞ്ചരിച്ചിരുന്ന ഹെലികോപ്ടർ ചതുപ്പിൽ ഇടിച്ചിറക്കാനിടയായ സംഭവത്തിൽ ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ ആരംഭിച്ച അന്വേഷണം പുരോഗമിക്കുകയാണ്. ഡിജിസിഎ സോഫ്ടി ഓഫീസർ വീരരാഘവന്റെ നേതൃത്വത്തിൽ ഇന്നലെ ചെന്നൈയിൽ നിന്ന് എത്തിയ സംഘം പ്രാഥമിക പരിശോധന നടത്തി. സാങ്കേതിക തകരാറും ശക്തമായ മഴയുമാണ് എമർജൻസി ലാൻഡിംഗിന് ഇടയാക്കിയതെന്നാണ് പ്രാഥമിക വിലയിരുത്തൽ.

ഹെലികോപ്ടറിന് അകത്ത് കയറി പരിശോധിക്കാൻ പറ്റാത്ത സാഹചര്യമായതിനാൽ, കോപ്ടർ ട്രെയിലറിൽ കയറ്റി നെടുമ്പാശേരിയിലേക്ക് കൊണ്ടുപോകും. ഇറ്റലിയിൽ നിർമ്മിച്ച അഗസ്റ്റ വെസ്റ്റ്‌ലാൻഡ് എഡബ്ല്യു 109 ശ്രേണിയിലെ ഹെലികോപ്ടറാണ് കൊച്ചി പനങ്ങാട് ദേശീയപാതയ്ക്ക് അരികിലെ ചതുപ്പിൽ അടിയന്തരമായി നിലത്തിറക്കേണ്ടി വന്നത്.