എം. എ. യൂസഫലിക്ക് ശസ്ത്രക്രിയ നടത്തി

Posted on: April 16, 2021


അബുദാബി : ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലിയെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. അബുദാബി ബുര്‍ജീല്‍ ആശുപത്രിയില്‍ ജര്‍മന്‍ ന്യൂറോസര്‍ജന്‍ പ്രൊഫ. ഡോ. ഷവാര്‍ബിയുടെ നേതൃത്വത്തില്‍ 25 ഡോക്ടര്‍മാരടങ്ങുന്ന സംഘമാണ് നട്ടെല്ലിന് ശാസ്ത്രക്രിയ നടത്തിയത്. അദ്ദേഹം സുഖം പ്രാപിച്ചുവരികയാണെന്ന് ലുലു ഗ്രൂപ്പ് കമ്യൂണിക്കേഷന്‍ ഡയറക്ടര്‍ വി. നന്ദകുമാര്‍ അറിയിച്ചു.

യൂസഫലിയുടെ മരുമകനും ബുര്‍ജീല്‍ ആശുപത്രി ഉടമയുമായ ഡോ. ഷംസീര്‍ വയലിന്റെ മേല്‍നോട്ടത്തിലാണ് പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. കൊച്ചിയില്‍ ഹെലികോപ്റ്റര്‍ അപകടത്തെത്തുടര്‍ന്ന് അബുദാബി രാജകുടുംബമയച്ച പ്രത്യേക വിമാനത്തിലാണ് യൂസഫലി അബുദാബിയിലെത്തിയത്.

യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, അബുദാബി കിരീടാവകാശിയും യു.എ.ഇ. സായുധസേനാ ഉപസര്‍വ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍, വിവിധ എമിറേറ്റുകളിലെ ഭരണാധികാരികള്‍, യു.എ.ഇ. ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് സൈഫ് ബിന്‍ സായിദ് അല്‍ നഹ്യാന്‍, ബഹ്‌റൈന്‍ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളിലെ ഭരണാധികാരികളും, മുഖ്യമന്ത്രി പിണറായി വിജയന്‍, വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മറ്റ് കേന്ദ്ര-സംസ്ഥാന മന്ത്രിമാര്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, വിവിധ മതവിഭാഗങ്ങളിലെ ആത്മീയാചാര്യന്മാര്‍ എന്നിവരടക്കമുള്ള രാഷ്ട്രീയ-സാമൂഹ്യ-വാണിജ്യ-മത രംഗത്തുള്ള പ്രമുഖര്‍ യൂസഫലിയെ നേരിട്ട് വിളിച്ച് സുഖവിവരങ്ങള്‍ അന്വേഷിച്ച് ആശംസകള്‍ നേര്‍ന്നു. വിവരങ്ങളന്വേഷിച്ച എല്ലാവരോടും യൂസഫലിയും കുടുംബവും നന്ദിയറിയിച്ചു.

ഏപ്രില്‍ 13-ന് ചൊവ്വാഴ്ചയാണ് അദ്ദേഹത്തെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയത്.